പയ്യാവൂരില്‍ ഉരുള്‍പൊട്ടി; പുഴകള്‍ കരകവിഞ്ഞു 

Published on 08 August 2020 7:00 pm IST
×

കണ്ണൂര്‍: കനത്ത മഴയില്‍ പയ്യാവൂര്‍ പഞ്ചായത്തിലെ ചീത്തപ്പാറയിലെ വനമേഖലയില്‍ ഉരുള്‍പൊട്ടി. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് ഉരുള്‍പൊട്ടിയത്. ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. മലയോര മേഖലകളിലെ പുഴകള്‍ കരകവിഞ്ഞു. നഗര പ്രദേശം ഉള്‍പ്പെടെ വെള്ളത്തിനടിയിലായി. പലയിടത്തും ഗതാഗതം സ്തംഭിച്ചു. 

ശ്രീകണ്ഠാപുരം, ചെങ്ങളായി, പൊടിക്കളം തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളം കയറിയത്. ചെങ്ങളായി മേഖലയില്‍ വീടുകള്‍ വെള്ളത്തിനടിയിലായി. നിരവധി കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. ശക്തമായ മഴയില്‍ ചപ്പാരപ്പടവ് നഗരം വെള്ളത്തില്‍ മുങ്ങി. വെള്ളിയാഴ്ച അര്‍ധരാത്രി മുതലാണ് വെള്ളം കയറാന്‍ തുടങ്ങിയത്. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലും തേറണ്ടി, അരിപാമ്പ്ര പ്രദേശങ്ങളിലെ നിരവധി വീടുകളിലും വെള്ളം കയറി. കര്‍ണ്ണാടക വനത്തിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്നാണ് വെള്ളപ്പൊക്കം രൂക്ഷമായതെന്നാണ് പ്രാഥമിക നിഗമനം. മലയോര മേഖലയില്‍ മഴ തുടരുകയാണ്. വെള്ളക്കെട്ടിനെ തുടര്‍ന്ന് തളിപ്പറമ്പ്, ഇരിട്ടി സംസ്ഥാന പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.

വളപട്ടണം പുഴ കരകവിഞ്ഞൊഴുകി പലഭാഗത്തും വെള്ളം കയറി. പറശ്ശിനിക്കടവ് അമ്പലത്തിന്റെ നട വരെ വെള്ളം കയറി. അമ്പലത്തിന് സമീപത്തെ കച്ചവട സ്ഥാപനങ്ങളിലേക്കും വെള്ളം കയറി. കഴിഞ്ഞ വര്‍ഷം വന്‍ നഷ്ടം സംഭവിച്ചതിനാല്‍ ഇത്തവണ കച്ചവട സ്ഥാപനങ്ങളില്‍ നിന്ന് സാധനങ്ങള്‍ ഭൂരിഭാഗവും വീട്ടിലേക്ക് മാറ്റിയിട്ടുണ്ട്. കോള്‍ തുരുത്തി, നണിച്ചേരി ഉള്‍പ്പെടെയുള്ള താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. കാനായി മീങ്കുഴി അണക്കെട്ട് വെള്ളത്തിനടിയിലായി. പേരാവൂരില്‍ കണിച്ചാര്‍ ടൗണ്‍, മലയോര ഹൈവേ എന്നിവിടങ്ങളില്‍ വെള്ളം കയറി. ചപ്പാരപ്പടവ് ടൗണിലും വെള്ളം കയറി. ഏഴോം തീരദേശ റോഡില്‍ വെള്ളം കയറി ഗതാഗതം മുടങ്ങി. പത്തോളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. പെരുമ്പപ്പുഴയോരത്തെ വീട്ടുകാരേയും മാറ്റി പ്പാര്‍പ്പിക്കും. പെരളശ്ശേരി പഞ്ചായത്തില്‍ കോട്ടം, എടക്കടവ്, മാവിലായി കിലാലൂര്‍ പ്രദേശങ്ങളിലും വെള്ളം കയറി. രാമന്തളി പുന്നക്കടവ് മുതല്‍ മാപ്പിള സ്‌കൂള്‍ ഭാഗം വരെ വീടുകളില്‍ ഉള്‍പ്പെടെ വെള്ളം കയറി.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait