കൊവിഡ് രോഗ വ്യാപനം തടയാന്‍ പോലീസ്; കണ്ടെയ്ന്‍മെന്റ് സോണിലെ പരിശോധന കര്‍ശനമാക്കും 

Published on 04 August 2020 6:52 am IST
×

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പുതിയ സര്‍ക്കുലര്‍ ഇറക്കി സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ. കോണ്‍ടാക്റ്റ് ട്രേസിങ്ങിന് എല്ലാ സ്റ്റേഷനുകളിലും എസ്.ഐയുടെ നേതൃത്വത്തില്‍ മൂന്നു പോലീസുകാര്‍ അടങ്ങുന്ന പ്രത്യേക സംഘത്തിനു രൂപം നല്‍കാന്‍ സര്‍ക്കുലര്‍ പറയുന്നുണ്ട്. തീവ്ര നിയന്ത്രിത മേഖലകളിലും പുറത്തും നിയന്ത്രണങ്ങളും പരിശോധനയും പോലീസ് കര്‍ശനമായി നടപ്പാക്കും. ഇതിനായി മോട്ടര്‍ സൈക്കിള്‍ ബ്രിഗേഡിനെ നിയോഗിക്കും.

സാമൂഹിക അകലം പാലിക്കല്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കും. തീവ്ര നിയന്ത്രിത മേഖലകളി അല്ലാത്ത പ്രദേശങ്ങളില്‍ വാഹന പരിശോധനയ്ക്കായി ബാരിക്കേഡുകള്‍ സ്ഥാപിക്കും. ഒരു സ്ഥലത്തും ആള്‍ക്കൂട്ടം അനുവദിക്കില്ല. തുറമുഖം, പച്ചക്കറി-മത്സ്യ മാര്‍ക്കറ്റുകള്‍, വിവാഹ വീടുകള്‍, മരണ വീടുകള്‍, ബസ് സ്റ്റാന്‍ഡ്, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തും.  നിര്‍ദേശങ്ങള്‍ നടപ്പാക്കാനായി ഏതാനും ജില്ലകളുടെ ചുമതല മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കി. ഒരാഴ്ചയ്ക്കുള്ളില്‍ രോഗ വ്യാപനം കുറയ്ക്കാനാണ് പോലീസിന് ഡി.ജി.പി നല്‍കിയിരിക്കുന്ന നിര്‍ദേശം.

ഡി.ഐ.ജി പി. പ്രകാശ് (തിരുവനന്തപുരം സിറ്റി), ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ കമാന്‍ഡന്റ് നവനീത് ശര്‍മ (തിരുവനന്തപുരം റൂറല്‍), ഐ.ജി ഹര്‍ഷിത അത്തലൂരി (കൊല്ലം സിറ്റി), ഡി.ഐ.ജി സഞ്ജയ് കുമാര്‍ ഗുരുദിന്‍ (പത്തനംതിട്ട, കൊല്ലം റൂറല്‍), ഡി.ഐ.ജി കാളിരാജ് മഹേഷ് കുമാര്‍ (ആലപ്പുഴ), ഡി.ഐ.ജി അനൂപ് കുരുവിള ജോണ്‍ (എറണാകുളം റൂറല്‍), ഡി.ഐ.ജി നീരജ് കുമാര്‍ ഗുപ്ത (തൃശൂര്‍ സിറ്റി, റൂറല്‍), ഡി.ഐ.ജി എസ്. സുരേന്ദ്രന്‍ (മലപ്പുറം), ഐ.ജി അശോക് യാദവ് (കോഴിക്കോട് സിറ്റി, റൂറല്‍), ഡി.ഐ.ജി കെ.സേതുരാമന്‍ (കാസര്‍കോട്). കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ വിജയ് സാഖറെ ഇതിന്റെ മേല്‍നോട്ടം വഹിക്കും.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait