നടന്‍ സുശാന്ത് സിങിന്റെ മരണം: റിയയുടേത് നാടകം; കുരുക്ക് മുറുകുന്നു

Published on 03 August 2020 9:43 pm IST
×

മുംബൈ: നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തെക്കുറിച്ച് മുംബൈ പോലീസും പട്ന പോലീസും സമാന്തര അന്വേഷണങ്ങള്‍ തുടരുന്നതിനിടെ ഇതു സംബന്ധിച്ച ആരോപണ പ്രത്യാരോപണങ്ങള്‍ കൊഴുക്കുന്നു. കാമുകി റിയ ചക്രബര്‍ത്തിക്ക് നേരേയാണ് എല്ലാവരുമിപ്പോള്‍ വിരല്‍ ചൂണ്ടുന്നത്. റിയക്ക് പങ്കാളിത്തമുള്ള സ്ഥാപനങ്ങളില്‍ സുശാന്ത് നടത്തിയ പണമിടപാടുകളെപ്പറ്റി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങിയിരുന്നു. 

സുശാന്തിന്റെ അക്കൗണ്ടിലെ 4.64 കോടി രൂപ 90 ദിവസത്തിനിടെ 1.4 കോടിയായി കുറഞ്ഞെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സുശാന്തിന്റെ കുടുംബവും സുഹൃത്തുക്കളും ആരോപിക്കുന്നത് പോലെ തന്നെ റിയ തന്റെ ആവശ്യങ്ങള്‍ക്കായാണ് ഈ തുക പിന്‍വലിച്ചതെന്ന് സംശയിക്കുന്നു. റിയയുടെ സഹോദരന്റെ അക്കൗണ്ടിലേക്കും പണം ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ട്. റിയയും സഹോദരനും സുശാന്തും ചേര്‍ന്ന് തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് സുശാന്തിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 15 കോടി രൂപ മാറ്റിയതായി സുശാന്തിന്റെ പിതാവ് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റിയക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തത്.

റിയ സുശാന്തിനെ സുഹൃത്തുക്കളില്‍ നിന്ന് അകറ്റി

സുശാന്തും റിയയും തമ്മില്‍ പ്രണയത്തിലായതിന് ശേഷം പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നതെന്ന് നടന്റെ സുഹൃത്ത് കൃസാന്‍ ബരേറ്റോ പറയുന്നു. ഈ സ്ത്രീ (റിയ) ഞങ്ങളെ പരസ്പരം അകറ്റി. പിന്നീട് സുശാന്ത് പൂര്‍ണ്ണമായും അവളുടെ നിയന്ത്രണത്തിലായി. ഞങ്ങളോട് സംസാരിക്കാന്‍ പോലും അനുവദിച്ചിരുന്നില്ല. എന്തിന് പിതാവുമായി സംസാരിക്കുന്നതില്‍ നിന്നും പോലും വിലക്കിയിരുന്നു എന്നാണ് ഇപ്പോള്‍ അറിയാന്‍ കഴിയുന്നത്. റിയ നാടകം കളിക്കുകയാണ്. എന്നിരുന്നാലും സത്യം മൂടിവയ്ക്കാന്‍ അധികകാലം ആര്‍ക്കും കഴിയുകയില്ല. ചെയ്തതിനെല്ലാം അവര്‍ അനുഭവിക്കും.

റിയക്കൊപ്പം ലണ്ടനില്‍ പോയി വന്നതിന് ശേഷം സുശാന്തിന് സുഖമില്ലാതെയായി

റിയക്കെതിരെ സുശാന്തിന്റെ കുടുംബവും സുഹൃത്തും ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ സത്യമാണെന്ന് അദ്ദേഹത്തിന്റെ ബോഡി ഗാര്‍ഡും പറയുന്നു. 2019 ഏപ്രില്‍ മാസത്തിലാണ് ഞാന്‍ റിയയെ പരിചയപ്പെടുന്നത്. അദ്ദേഹത്തിന്റെ ഫാം ഹൗസില്‍ വച്ച്. അപ്പോഴേക്കും സുശാന്തിന്റെ നിയന്ത്രണം പൂര്‍ണ്ണമായും റിയ ഏറ്റെടുത്തിരുന്നു. റിയ വന്നതിനു ശേഷം വീട്ടിലെ മുഴുവന്‍ ജോലിക്കാരെയും മാറ്റി. കൂടാതെ സുശാന്തിന്റെ അക്കൗണ്ടന്റിനെയും. വീട്ടില്‍ വലിയ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്ന സ്വഭാവം സുശാന്തിന് ഇല്ലായിരുന്നു. റിയ വന്നതിന് ശേഷം അവര്‍ പാര്‍ട്ടികള്‍ നടത്താന്‍ തുടങ്ങി. അതിന്റെ ചെലവ് പൂര്‍ണ്ണമായും വഹിച്ചത് സുശാന്തായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി റിയ നടത്തുന്ന ധൂര്‍ത്ത് അറിയാവുന്നത് സുശാന്തിനു മാത്രമായിരുന്നു. സുശാന്ത് ഒരിക്കലും അനാവശ്യമായി പണം ചെലവാക്കില്ലായിരുന്നു. 

റിയക്കൊപ്പം ലണ്ടനില്‍ പോയി വന്നതിന് ശേഷം സുശാന്ത് അവശനായിരുന്നു. എപ്പോഴും ഉറക്കമായിരുന്നു. ധാരാളം മരുന്നുകളും കഴിക്കുമായിരുന്നു. സുശാന്തിനെ ഡോക്ടര്‍മാരുടെ അടുത്തേക്ക് കൊണ്ടു പോകുന്നത് റിയയായിരുന്നു. ചിലപ്പോള്‍ വല്ലാതെ അസ്വസ്ഥനായിരിക്കുന്നത് കാണാം. ഞങ്ങള്‍ക്ക് അതുകൊണ്ടു തന്നെ കുറേക്കാലങ്ങളായി പരസ്പരം ഒന്നും സംസാരിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. ഞാനൊരു ബോഡി ഗാര്‍ഡ് അല്ലേ, എനിക്ക് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടുന്നതിന് പരിമിതികളുണ്ടായിരുന്നു.

റിയക്ക് മഹേഷ് ഭട്ടുമായി അടുത്ത ബന്ധമുണ്ട്. പലപ്പോഴും റിയയെ അയാളുടെ ഓഫീസില്‍ വിടുന്നത് ഞാനായിരുന്നു. സുശാന്തിന്റെ മരണത്തില്‍ ഇവര്‍ക്കെല്ലാവര്‍ക്കുമുള്ള പങ്ക് പോലീസ് അന്വേഷിക്കണം. അദ്ദേഹം ആത്മഹത്യ ചെയ്യില്ലെന്ന് എനിക്കുറപ്പുണ്ട്. 

സുശാന്ത് ആത്മഹത്യ ചെയ്യില്ലെന്ന് മുന്‍ കാമുകി അങ്കിത ലൊഖാന്‍ഡെ

വിഷാദത്തെ തുടര്‍ന്നാണ് സുശാന്ത് ആത്മഹത്യ ചെയ്തത് എന്ന നിഗമനത്തോട് താന്‍ ഒരിക്കലും യോജിക്കുകയില്ലെന്ന് അങ്കിത ലൊഖാന്‍ഡെ പറയുന്നു. പവിത്ര റിഷ്ത എന്ന ടെലിവിഷന്‍ പരമ്പരയില്‍ അഭിനയിക്കുന്ന സമയത്താണ് സുശാന്തും അങ്കിതയും പ്രണയത്തിലാകുന്നത്. 2016-ല്‍ ഇവര്‍ വേര്‍പിരിഞ്ഞുവെങ്കിലും സൗഹൃദം തുടര്‍ന്നിരുന്നു. സുശാന്തിന്റെ കാമുകി റിയ ചക്രബര്‍ത്തിക്കെതിരേ അങ്കിത മൊഴി നല്‍കിയിരുന്നു. റിയക്കെതിരേ സുശാന്തിന്റെ കുടുംബവും പരാതി നല്‍കിയതോടെ പരസ്യ പ്രതികരണവുമായി അങ്കിത രംഗത്ത് വരികയായിരുന്നു. 

സുശാന്തിനെ വര്‍ഷങ്ങളായി എനിക്കറിയാം. അദ്ദേഹത്തിന് വിഷാദ രോഗമൊന്നുമുണ്ടായിരുന്നില്ല. സുശാന്ത് ഇതിനേക്കാള്‍ വലിയ പ്രശ്‌നങ്ങളിലൂടെ കടന്നുപോയൊരു വ്യക്തിയാണ്. അതെല്ലാം നേരിട്ട് കണ്ടിട്ടുള്ള ആളെന്ന നിലയില്‍ എനിക്ക് ഉറപ്പിച്ച് പറയാനാകും, സുശാന്തിന് വിഷാദ രോഗമില്ല. ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്ന സമയത്ത് സുശാന്ത് ജീവിതത്തെ ഏറെ പ്രതീക്ഷയോടെ നോക്കി കാണുന്ന ഒരു വ്യക്തിയായിരുന്നു. ഒരുപാട് സ്വപ്നം കാണാറുണ്ടായിരുന്നു. സുശാന്തിന് ഒരു ഡയറിയുണ്ടായിരുന്നു. അതില്‍ അദ്ദേഹം അഞ്ച് ആഗ്രഹങ്ങള്‍ കുറിച്ചിട്ടിരുന്നു. അതെല്ലാം കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ തന്നെ നേടിയെടുത്തു. സുശാന്തിന് ആത്മഹത്യ ചെയ്യാനാകില്ല. എന്തെങ്കിലും തരത്തിലുള്ള വിഷമമോ ഉത്കണ്ഠയോ ഉണ്ടായിരുന്നിരിക്കാം. എന്നാല്‍ അതിനെ വിഷാദം എന്ന് വിളിക്കുന്നത് കാണുമ്പോള്‍ ഹൃദയം തകരുന്നു. അതില്‍ എന്തൊക്കെയോ ദൂരൂഹതകളുണ്ട്- അങ്കിത പറഞ്ഞു.

റിയയുടെ വാദം...

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്ത പശ്ചാത്തലത്തില്‍ റിയ പ്രതികരണവുമായി രംഗത്തു വന്നിരുന്നു. തനിക്ക് നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും സത്യം എന്നായാലും പുറത്തുവരുമെന്നും റിയ പറഞ്ഞു. 'മീഡിയയില്‍ എനിക്കെതിരെ ഒരുപാട് ആരോപണങ്ങള്‍ ദിവസേന ഉയര്‍ന്നുവരുന്നത് അറിയുന്നുണ്ട്. പ്രതികരിക്കേണ്ടെന്ന വക്കീലിന്റെ നിര്‍ദേശ പ്രകാരമാണ് അത് ചെയ്യാതിരിക്കുന്നത്. സത്യം ജയിക്കുമെന്നുറപ്പുണ്ട്' എന്നും റിയ പറഞ്ഞു.

റിയക്കെതിരേ സുശാന്തിന്റെ പിതാവ്  കെ.കെ സിങ് നല്‍കിയ ബിഹാര്‍ പോലീസിന് നല്‍കിയ പരാതിയില്‍ ഉന്നയിക്കുന്ന പ്രധാന ആരോപണങ്ങള്‍  

* 2019 വരെ സുശാന്തിന് മാനസികമായി യാതൊരു പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ല. റിയയുമായി ബന്ധം തുടങ്ങിയതിനു ശേഷമാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്.
* സുശാന്തിനെ ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ റിയ എന്തുകൊണ്ട് കുടുംബത്തെ അറിയിച്ചില്ല. അനുവാദം ചോദിച്ചതുമില്ല. റിയയുടെ നിര്‍ദ്ദേശ പ്രകാരം സുശാന്തിനെ ചികിത്സിച്ച ഏതാനും ഡോക്ടര്‍മാരും ഗൂഢാലോചനയുടെ ഭാഗമാണെന്ന് സംശയിക്കുന്നു.
* മാനസിക പ്രശ്‌നങ്ങളിലൂടെ കടന്നു പോകുകയാണെന്നറിഞ്ഞിട്ടും റിയ ഒപ്പം നിന്നില്ല. ചികിത്സയുമായി ബന്ധപ്പെട്ട രേഖകളുമായി സുശാന്തിന്റെ വീട് വിട്ടിറങ്ങി. ആത്മഹത്യയിലേക്ക് തള്ളിവിട്ടു.
* സുശാന്തിന്റെ ബാങ്ക് അക്കൗണ്ടില്‍ 17 കോടിയോളം രൂപയുണ്ടായിരുന്നു. അതില്‍ നിന്ന് 15 കോടിയോളം രൂപ മറ്റൊരു അക്കൗണ്ടിലേക്ക് ട്രാന്‍സ്‌ഫെര്‍ ചെയ്തതായി കണ്ടെത്തി. ആ വ്യക്തിക്ക് സുശാന്തുമായി യാതൊരു ബന്ധവുമില്ല എന്നാണ് മനസ്സിലാകുന്നത്.
* റിയയുമായുള്ള ബന്ധം തുടങ്ങിയതിനു ശേഷമാണ് സുശാന്തിന് പുതിയ ചിത്രങ്ങള്‍ ലഭിക്കാതായത്. അതിലേക്കും അന്വേഷണം കടന്നുചെല്ലണം.
* കൂര്‍ഗില്‍ സുഹൃത്ത് മഹേഷിനൊപ്പം ജൈവ പച്ചക്കറി കൃഷി തുടങ്ങാന്‍ സുശാന്ത് പദ്ധതിയിട്ടപ്പോള്‍ റിയ ശക്തമായി എതിര്‍ത്തു. 
* ചികിത്സയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. റിയയുടെ ഭീഷണിക്ക് മുന്‍പില്‍ സുശാന്ത് വഴങ്ങാതിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ലാപ്പ് ടോപ്പ്, ക്രെഡിറ്റ് കാര്‍ഡ്, ചികിത്സയുമായി ബന്ധപ്പെട്ട് രേഖകളെല്ലാം റിയ കൊണ്ടുപോയി. സുശാന്തുമായി പലതവണ ഞങ്ങള്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും റിയയും അവളുടെ സുഹൃത്തുക്കളും അതിന് സമ്മതിച്ചില്ല. സുശാന്തിനെ കുടുംബവുമായി അകറ്റി.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait