കൊവിഡും വിഷപ്പാമ്പും തീര്‍ത്ത മരണത്തിന്റെ നൂല്‍പ്പാലത്തില്‍ നിന്നും ജീവിതത്തിന്റെ വര്‍ണ്ണങ്ങളിലേക്ക് ആ ഒന്നര വയസ്സുകാരി മടങ്ങിയെത്തി

Published on 03 August 2020 1:56 pm IST
×

പരിയാരം: അക്ഷരാര്‍ത്ഥത്തില്‍ മരണവക്ത്രത്തു നിന്നാണ് ആ ഒന്നരവയസ്സുകാരി ജീവിതത്തിലേക്ക് തിരിച്ചു നടന്നത്. ഒരേസമയം വിഷപ്പാമ്പിന്റെ കടിയേറ്റതിന്റെ പ്രശ്‌നവും കൊവിഡ് പോസിറ്റീവും. പ്രതിസന്ധിയുടെ വലിയ ആഴം പിന്നിട്ട ശേഷമാണ് ജീവിതത്തിന്റെ പുഞ്ചിരിയിലേക്ക് കുഞ്ഞുമോള്‍ തിരിച്ചെത്തിയത്.

ബീഹാറില്‍ അധ്യാപകരായ ആ ദമ്പതികളും മക്കളും കാസര്‍കോടെ വീട്ടില്‍ ക്വാറന്റൈനിലായിരുന്നു. അതിനിടയ്ക്കാണ് ജനാല തുറക്കവേ മകള്‍ ഒന്നര വയസ്സുകാരിക്ക് അണലിയുടെ കടിയേറ്റത്. ക്വാറന്റൈനിലായതിനാല്‍ പുറത്തേക്കിറങ്ങാനും വയ്യ, എന്നാല്‍ പാമ്പുകടിയേറ്റ പിഞ്ചുകുഞ്ഞിന് അടിയന്തിര ചികിത്സയും വേണം. നിസ്സഹായതയുടെ ആ വലിയ നിമിഷത്തില്‍ നിലവിളിച്ചെങ്കിലും കൊവിഡ് ഭയന്ന് ആരും അടുത്തില്ല. അതിനിടെയാണ് പൊതു പ്രവര്‍ത്തകനായ ജിനില്‍ മാത്യു വിവരമറിഞ്ഞെത്തി, കുഞ്ഞിനേയും വാരിയെടുത്ത് ആശുപത്രിയിലേക്കോടിയത്. ആദ്യം കാസര്‍കോട് ജില്ലയിലെ ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ദ ചികിത്സയ്ക്കായി പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലും കൊവിഡ് കാലത്തെ വലിയ മാതൃക തീര്‍ത്ത് സ്വജീവന്‍ നോക്കാതെ ആ മനുഷ്യ സ്‌നേഹി പിഞ്ചുകുഞ്ഞുമായി കുതിച്ചത്. ആ ത്യാഗത്തിന് ഫലമുണ്ടായിരിക്കുന്നു. അവള്‍ പാമ്പുകടിയേയും കൊവിഡിനേയും അതിജീവിച്ച് നിറഞ്ഞ ചിരിയോടെ ആശുപത്രി വിട്ട് വീട്ടിലെത്തിയിരിക്കുന്നു.

ജൂലൈ 21-ന് അര്‍ദ്ധരാത്രിയാണ് ഗുരുതരാവസ്ഥയില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കുട്ടിയെ എത്തിച്ചത്. പരിയാരത്ത് എത്തുമ്പോള്‍ വലത്തേ കൈയുടെ മോതിര വിരലില്‍ പാമ്പുകടിച്ച ഭാഗം രക്തയോട്ടം കുറഞ്ഞ് കറുത്തനിറം പൂണ്ടിരുന്നു. കൈയാകെ നീരുവെച്ച് വീക്കം വന്നിട്ടുമുണ്ടായിരുന്നു. ഉടന്‍തന്നെ നടത്തിയ രക്ത പരിശോധനയില്‍ ശരീരത്തില്‍ പാമ്പിന്റെ വിഷം അപകടകരമായി പടര്‍ന്നിട്ടുണ്ടെന്ന് മനസ്സിലായതിനാല്‍, ഐ.സി.യുവില്‍ പ്രവേശിപ്പിച്ച് ആന്റി സ്‌നെയ്ക്ക് വെനം നല്‍കി അടിയന്തിര ചികിത്സ ആരംഭിക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയില്‍ കുട്ടി കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതോടെ അതിനുള്ള ചികിത്സയും നല്‍കിത്തുടങ്ങി. ആരോഗ്യനില വീണ്ടെടുത്തതോടെ ഐ.സി.യുവില്‍ നിന്ന് പിന്നീട് വാര്‍ഡിലേക്ക് മാറ്റി. ഇപ്പോള്‍ വിഷമേറ്റ കൈവിരല്‍ സാധാനിലയിലേക്ക് വരികയും കൊവിഡ് രോഗമുക്തി നേടുകയും ചെയ്തു.

10 വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് കൊവിഡ് ബാധിച്ചാല്‍ മാറ്റിയെടുക്കുക പ്രയാസകരമെന്നത് ലോകാരോഗ്യ സംഘടനയുടെ തന്നെ മുന്നറിയിപ്പാണ്. എന്നാല്‍ വീണ്ടുമൊരിക്കല്‍ക്കൂടി പരിയാരത്തു നിന്ന് ഒരു പിഞ്ച് കുഞ്ഞു കൂടി കൊവിഡ് രോഗമുക്തയായിരിക്കുന്നു. നേരത്തേ ഒരു വയസ്സും 10 മാസവും പ്രായമുള്ള കുട്ടിയും രണ്ട് വയസ്സ് പ്രായമുള്ള കുട്ടിയും ഇവിടെ നിന്നും കൊവിഡ് രോഗമുക്തി നേടിയിട്ടുണ്ട്. കാസര്‍കോട് നിന്നുള്ള ഈ പിഞ്ചുകുഞ്ഞിന്റെ കാര്യത്തില്‍ കൊവിഡിനൊപ്പം വിഷപ്പാമ്പിന്റെ കടിയേല്‍ക്കുക കൂടി ചെയ്തതിനാല്‍ ഒരേ സമയം രണ്ട് ചികിത്സയും അടിയന്തിര പ്രാധാന്യത്തോടെ നടത്തേണ്ടതുണ്ടായിരുന്നു. മാത്രമല്ല, ഒന്നര വയസ്സു മാത്രം പ്രായമുള്ള കുട്ടിക്ക് ചികിത്സാഘട്ടത്തിലെ അച്ചടക്കവും ബാധകമല്ലല്ലോ. പാമ്പുകടിയേറ്റ ശേഷം കിലോ മീറ്ററുകള്‍ ഏറെ യാത്ര ചെയ്ത് അതിസാഹസികമായി ക്വാറന്റൈനില്‍ കഴിഞ്ഞ കുഞ്ഞിനെ പരിയാരത്ത് എത്തിക്കുമ്പോള്‍ ഗുരുതരാവസ്ഥയിലുമായിരുന്നു. 

കേരളമാകെ ഇന്ന് ആശ്വസിക്കുകയാണ് - കോവിഡും വിഷപ്പാമ്പും തീര്‍ത്ത ആ മരണത്തിന്റെ നൂല്‍പ്പാലത്തില്‍ നിന്നും ജീവിതത്തിന്റെ വര്‍ണ്ണങ്ങളിലേക്ക് അവള്‍ മടങ്ങിയെത്തിയിരിക്കുന്നു. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ ശിശുരോഗ വിഭാഗം മേധാവി ഡോ. എം.ടി.പി മുഹമ്മദിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ ഡോക്ടര്‍മാരുടെ സംഘമാണ് കുഞ്ഞിനെ ചികിത്സിച്ചത്. ക്വാറനൈനില്‍ കഴിഞ്ഞിരുന്ന കുഞ്ഞെന്ന് നോക്കാതെ പരമാവധി വേഗത്തില്‍ ആശുപത്രിയിലെത്തിച്ച ജിനില്‍ മാത്യുവിന്റെ സാഹസികത കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കുന്നതില്‍ നിര്‍ണ്ണായകമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. 

ഈ കോവിഡ് കാലത്ത് മനുഷ്യത്വത്തിന്റെ വലിയ മാതൃക തീര്‍ത്ത ജിനില്‍ മാത്യുവിനും പാമ്പുകടിയേറ്റതില്‍ നിന്നും കോവിഡില്‍ നിന്നും ജീവന്‍ രക്ഷപ്പെടുത്തിയ മെഡിക്കല്‍ സംഘത്തിനും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് മെഡിക്കല്‍ സൂപ്രണ്ട് ഡോ. കെ. സുദീപും പ്രിന്‍സിപ്പാള്‍ ഡോ. കെ.എം കുര്യാക്കോസും നന്ദി അറിയിച്ചു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait