രാജ്യത്ത് ആകെ കൊവിഡ് രോഗികള്‍ 18 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 52,972 പേര്‍ക്ക് കൂടി രോഗബാധ 

Published on 03 August 2020 1:42 pm IST
×

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 18 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,972 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 18,03,696 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 771 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രോഗബാധയെ  തുടര്‍ന്നുള്ള മരണം 38,135 ആയി ഉയര്‍ന്നു. 2.11 ശതമാനമാണ് രോഗത്തെ തുടര്‍ന്ന് രാജ്യത്തെ മരണനിരക്ക്. 

ഇതോടൊപ്പം രോഗമുക്തരാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നതും ആശ്വാസമാണ്. 1,186,203 പേരാണ് ഇതുവരെ രോഗമുക്തരായത്. 65.77 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. നിലവില്‍ 5,79,357 പേരാണ് രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത്. രാജ്യത്തെ കോവിഡ് പരിശോധനകള്‍ രണ്ട് കോടി പിന്നിട്ടു. ഓഗസ്റ്റ് രണ്ട് വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 2,02,02,858 കോവിഡ് ടെസ്റ്റുകളാണ് നടത്തിയിട്ടുള്ളത്. ഇന്നലെ മാത്രം 3,81,027 ടെസ്റ്റുകളാണ് നടത്തിയതെന്ന് ഐസിഎംആര്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. 

മഹാരാഷ്ട്രയില്‍ ഒമ്പതിനായിരത്തിനും ആന്ധ്രാപ്രദേശില്‍ എണ്ണായിരത്തിനും മുകളില്‍ കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. കര്‍ണ്ണാടകത്തിലും തമിഴ്‌നാട്ടിലും അയ്യാരിത്തിലേറെ ആളുകള്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. പശ്ചിമ ബംഗാളില്‍ ആകെ രോഗബാധിതര്‍ എഴുപത്തിയയ്യായിരം കടന്നു. ഉത്തര്‍പ്രദേശിലും സ്ഥിതി ഗുരുതരമാണ്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait