അഞ്ചരക്കണ്ടി കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ നിന്നും ചാടി പിടിയിലായ തടവ് പുള്ളിയുടെ പരിശോധനാഫലം നെഗറ്റീവ്

Published on 01 August 2020 11:55 am IST
×

ഇരിട്ടി: അഞ്ചരക്കണ്ടി കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ നിന്നും ചാടി ഇരിട്ടി ടൗണില്‍ വെച്ച് പിടിയിലായ തടവ് പുള്ളിയുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. ആറളം വെളിമാനം സ്വദേശിയായ 19 കാരനാണ് ഫലം നെഗറ്റീവായത്. 

ആറളത്തെ അടിപിടി കേസില്‍ റിമാന്‍ഡിലായ ഇയാളെ മൊബൈല്‍ മോഷണക്കേസില്‍ കോടതിയില്‍ നിന്നും കസറ്റഡിയില്‍ വാങ്ങി ഈ മാസം 21-ന് തെളിവെടുപ്പിനായി ആറളത്ത് കൊണ്ടുവന്നിരുന്നു. പോലീസ് കസ്റ്റഡിയില്‍ വാങ്ങുമ്പോള്‍ യുവാവിന്റെ കൊവിഡ് ഫലം നെഗറ്റീവ് ആയിരുന്നു. ആറളത്തെ തെളിവെടുപ്പ് കഴിഞ്ഞ് മജിസ്ടേട്ടിന് മുന്നില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരാക്കി തിരിച്ച് ജയിലിലേക്ക് പ്രവേശിപ്പിക്കുന്നതിന് മുന്‍പ് 23-ന് നടത്തിയ പരിശോധനയില്‍ ഫലം പോസറ്റീവാണെന്ന് തെളിഞ്ഞു. ഇതോടെ യുവാവിനെ അഞ്ചരക്കണ്ടിയിലെ കൊവിഡ് സെന്ററിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ നിന്നും 24-ന് രാവിലെ മുങ്ങിയ യുവാവിനെ ഇരിട്ടി പഴയ സ്റ്റാന്റില്‍ വെച്ച് പോലീസ് പിടികൂടുകയായിരുന്നു. 25-ന് എടുത്ത പരിശോധനാ ഫലമാണ് ഇപ്പോള്‍ നെഗറ്റീവായിരിക്കുന്നത്. 

ഇതിനെത്തുടര്‍ന്ന് ആറളം പോലീസ് സ്റ്റേഷനിലെ എസ്.ഐ ഉള്‍പ്പെടെ 7 പോലീസുകാര്‍, മജിസ്‌ട്രേറ്റ്
ഉള്‍പ്പെടെ 10 കോടതി ജീവനക്കാര്‍, കീഴ്പ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഒരു ഡോക്ടര്‍ ഉള്‍പ്പെടെ 3 ആരോഗ്യ പ്രവര്‍ത്തകര്‍, 10 ജയില്‍ ഉദ്യോഗസ്ഥര്‍, 10 സഹതടവുകാര്‍ എന്നിവരടക്കമുള്ളവര്‍ ക്വാറന്റൈനില്‍ പോകേണ്ടി വന്നിരുന്നു. ഇവര്‍ക്കെല്ലാം ആശ്വാസം നല്‍കുന്ന ഫലമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait