റബ്ബര്‍ ആക്ട്; ബോര്‍ഡ് ശുപാര്‍ശകള്‍ പുനഃപരിശോധിക്കണം: കെ.സി ജോസഫ് എം.എല്‍.എ

Published on 01 August 2020 11:42 am IST
×

കണ്ണൂര്‍: റബ്ബര്‍ ആക്ടുമായി ബന്ധപ്പെട്ട് റബ്ബര്‍ ബോര്‍ഡ് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് സമര്‍പ്പിച്ച ശുപാര്‍ശകള്‍ പുനഃപരിശോധിക്കണമെന്ന് കെ.സി ജോസഫ് എം.എല്‍.എ ആവശ്യപ്പെട്ടു. റബ്ബര്‍ ബോര്‍ഡിന്റെ ശുപാര്‍ശകള്‍ കര്‍ഷക താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് പ്രാഥമിക പഠനങ്ങള്‍ സൂചിപ്പിക്കുന്നത് റബ്ബറിന്റെ നിര്‍വചനത്തില്‍ പ്രകൃതിദത്ത റബ്ബറിന് പുറമെ കൃത്രിമ റബ്ബര്‍ കൂടി ഉള്‍പ്പെടുത്തികൊണ്ടുള്ള ശുപാര്‍ശ സ്വാഭാവിക റബ്ബര്‍ ഉത്പാദക മേഖലയെ തകര്‍ക്കാന്‍ മാത്രമേ ഉപകരിക്കു. 

ശുപാര്‍ശകള്‍ സമര്‍പ്പിക്കും മുന്‍പ് റബ്ബര്‍ ബോര്‍ഡ്, റബ്ബര്‍ കൃഷിക്കാരുടെ സംഘടനകള്‍, ഉത്പാദക സംഘങ്ങള്‍, ജീവനക്കാരുടെയും തൊഴിലാളികളുടെയും സംഘടനകള്‍ ഇവരുമായെല്ലാം ചര്‍ച്ചകള്‍ നടത്തി അഭിപ്രായ രൂപീകരണം നടത്തേണ്ടിയിരുന്നു. സിന്തറ്റിക് റബ്ബര്‍, റീക്ലെയിംഡ് റബ്ബര്‍ എന്നിവ കൂടി റബ്ബറിന്റ നിര്‍വചനത്തില്‍ ഉള്‍പ്പെട്ടാല്‍ സ്വാഭാവികമായും റബ്ബര്‍ കൃഷിക്കാര്‍ക്ക് ദോഷകരമാണ്. റബ്ബര്‍ ബോര്‍ഡിന് കേന്ദ്ര ബഡ്ജറ്റ് പ്രകാരം ലഭിക്കുന്ന 160 കോടി രൂപ മറ്റു മേഖലകളിലേക്ക് വഴിമാറ്റി ചിലവഴിക്കാനുള്ള നീക്കം 12 ലക്ഷത്തിലധികം വരുന്ന ചെറുകിട റബ്ബര്‍ കൃഷിക്കാര്‍ക്ക് ലഭിച്ചുവരുന്ന സഹായങ്ങള്‍ ഇല്ലാതെയാക്കും. 

റബ്ബര്‍ ബോര്‍ഡ് രൂപീകരിച്ചത് റബ്ബര്‍ കൃഷിക്കാരെ സഹായിക്കാനാണ്. റബ്ബര്‍ ആക്ടിന്റെ അടിസ്ഥാനത്തിലാണ് റബ്ബര്‍ ബോര്‍ഡിന്റെ രൂപീകരണം. റബ്ബര്‍ വ്യവസായ മേഖലയെ കൃഷിയുമായി ബന്ധപ്പെടുത്തുവാനുള്ള ബോര്‍ഡിന്റെ നീക്കം അംഗീകരിക്കാനാവില്ല. സ്വാഭാവിക റബ്ബര്‍ ഉത്പാദനം കൂടിയിട്ടും റബ്ബര്‍ ഇറക്കുമതി ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാര്‍ താല്പര്യം കൃഷിക്കാരെ സഹായിക്കാനല്ല,  വ്യവസായികളെ സംരക്ഷിക്കാന്‍ മാത്രമാണെന്ന് കെ.സി ജോസഫ് പറഞ്ഞു. റബ്ബര്‍ കൃഷിക്കാരെ തകര്‍ക്കുന്ന എല്ലാം നീക്കങ്ങളെയും ചെറുക്കാന്‍ കോണ്‍ഗ്രസ് റബ്ബര്‍ കര്‍ഷക കൂട്ടായ്മയ്ക്ക് നേതൃത്വം കൊടുക്കുമെന്നും കെ.സി ജോസഫ് പറഞ്ഞു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait