കോളയാട് വ്യാപാരിക്ക് കൊവിഡ് സ്ഥിരീകരിച്ച സംഭവം; 50 പേരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി ആരോഗ്യവകുപ്പ്

Published on 01 August 2020 11:28 am IST
×

പേരാവൂര്‍: കോളയാട് ടൗണിലെ വ്യാപാരിക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ കണ്ടെത്തുന്നതിനായി ആരോഗ്യവകുപ്പ് സമ്പര്‍ക്ക പട്ടിക തയ്യാറാക്കി. 50 പേരുടെ സമ്പര്‍ക്ക പട്ടികയാണ് ആരോഗ്യ ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്നത്. 

നെടുംപൊയില്‍ മുടവങ്ങോട് സ്വദേശിനിയും സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചതുമായ യുവതിയുടെ സമ്പര്‍ക്ക പട്ടികയില്‍പ്പെട്ട കോളയാട് സ്വദേശിയായ വ്യാപാരിക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. യുവതി ടൗണിലെ വിവിധ കടകളില്‍ എത്തിയതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഒരാഴ്ചയോളം ടൗണിലെ കടകള്‍ അടച്ചിട്ടിരുന്നു. ടൗണിലെ ഒരു ഓട്ടോറിക്ഷയിലാണ് യുവതി അന്ന് തിരിച്ചുപോയത്. ഈ സാഹചര്യത്തില്‍ ടൗണിലെ ഓട്ടോ ഡ്രൈവര്‍മാര്‍ എല്ലാം തന്നെ നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിരുന്നു. 

ഈ കാലയളവ് കഴിഞ്ഞു ടൗണിലെ കടകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനിടയിലാണ് വ്യാപാരിയുടെ സ്രവ പരിശോധന ഫലം പോസിറ്റീവ് ആയത്. ഇതോടെ കലക്ടര്‍ ഈ വാര്‍ഡ് ഒന്നടങ്കം കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കുകയായിരുന്നു. അപ്രതീക്ഷിതമായി കടകള്‍ അടച്ചിടേണ്ടി വന്നത് ബേക്കറി, പഴം, പച്ചക്കറി വ്യാപാരികളെയാണ് ഏറെ ദുരിതത്തിലാഴ്ത്തിയത്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait