രാജ്യത്ത് ആശങ്ക വര്‍ദ്ധിക്കുന്നു: ഇന്ന് മാത്രം 57,117 പേര്‍ക്ക് കൂടി കൊവിഡ്; 764 പേര്‍ മരണമടഞ്ഞു

രോഗബാധിതരുടെ എണ്ണം 16.95 ലക്ഷം കടന്നു
Published on 01 August 2020 10:41 am IST
×

ദില്ലി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 24 മണിക്കൂറിനിടെ 57,117 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 764 പേര്‍ കൂടി മരിക്കുകയും ചെയ്തു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16,95,988 എത്തി. 36,511 പേരാണ് ഇതുവരെ മരിച്ചത്. ചികിത്സയിലുള്ളത് 5,65,103 പേരാണ്. 10,94,371 പേര്‍ക്ക് രോഗം ഭേദമായി. 

ഇന്നലെ മാത്രം രാജ്യത്ത് 5,25,689 പരിശോധനകള്‍ നടത്തി. ഇതോടെ രാജ്യത്ത് നടത്തിയ സാമ്പിള്‍ പരിശോധനകളുടെ എണ്ണം 1,93,58,659 ആയി. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് പ്രതിദിന രോഗബാധ അരലക്ഷത്തിന് മുകളിലെത്തിയത്. മഹാരാഷ്ട്രയിലും ആന്ധ്രാപ്രദേശിലും ഇന്നലെയും പതിനായിരത്തിലേറെ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. തെലങ്കാനയില്‍ പ്രതിദിന രോഗബാധ രണ്ടായിരം കടന്നു. തെലങ്കാനയില്‍ ഇന്ന് 2083 പേര്‍ക്ക് കോവിഡ്. 11 മരണം. ഹൈദരാബാദില്‍ മാത്രം 578 രോഗികള്‍. 17754 പേര്‍ ചികിത്സയില്‍. 64786 പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചു. ആകെ മരണം 530. കര്‍ണ്ണാടകയിലും തമിഴ്‌നാട്ടിലും അയ്യായിരത്തിലേറെ പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

ഉത്തര്‍പ്രദേശില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണം നാലായിരം കടന്നു. ബിഹാറില്‍ മൂവായിരത്തിനും തെലങ്കാനയില്‍ രണ്ടായിരത്തിനും അടുത്തെത്തി. ആകെ രോഗബാധയുടെ 65 ശതമാനവും ജൂലൈയിലാണ് റിപ്പോര്‍ട്ട് ചെയ്തത്. ദില്ലിയില്‍ കൊവിഡ് വ്യാപന തോത് കണ്ടെത്താന്‍ നടത്തുന്ന അഞ്ച് ദിവസത്തെ സിറോ സര്‍വ്വേ ഇന്ന് തുടങ്ങും. കഴിഞ്ഞ മാസം നടത്തിയ സിറോ സര്‍വ്വേയില്‍ പരിശോധനയ്ക്ക് വിധേയമായവരില്‍ 23 ശതമാനം ആളുകള്‍ക്കും രോഗം വന്ന് പോയതായി കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് എല്ലാ മാസവും സര്‍വ്വേ നടത്താന്‍ ദില്ലി സര്‍ക്കാര്‍ തീരുമാനിച്ചത്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait