കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര സര്‍വീസ് നാളെ മുതല്‍ തുടങ്ങില്ല

Published on 31 July 2020 8:47 pm IST
×

തിരുവനന്തപുരം: നാളെ മുതല്‍ ദീര്‍ഘദൂര സര്‍വീസുകള്‍ തുടങ്ങാനുള്ള തീരുമാനം കെ.എസ്.ആര്‍.ടിസി പിന്‍വലിച്ചു. കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടിയ സാഹചര്യത്തിലാണ് തീരുമാനം. അതേസമയം, രോഗികളുടെ എണ്ണം കൂടിയാല്‍ ജില്ലകള്‍ക്കുള്ളിലുള്ള സര്‍വീസുകളും നിര്‍ത്തേണ്ടി വരുമെന്ന സൂചനയും തീരുമാനം വിശദീകരിക്കവേ ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ നല്‍കി. 

കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും ബസ് സര്‍വീസ് നടത്തുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇപ്പോള്‍ ദീര്‍ഘദൂര സര്‍വീസുകള്‍ തുടങ്ങുന്നത് ഗുണകരമാകില്ലെന്നതായിരുന്നു ആരോഗ്യവകുപ്പിന്റെ നിലപാട്. ആരോഗ്യ വകുപ്പ് നല്‍കിയ ഈ മുന്നറിയിപ്പിനെ തുടര്‍ന്ന് കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മാത്രം സംസ്ഥാനത്തിനകത്തുള്ള ദീര്‍ഘദൂര സര്‍വ്വീസുകള്‍ ആരംഭിച്ചാല്‍ മതിയെന്നാണ് ഗതാഗതവകുപ്പ് തീരുമാനിച്ചത്. സമ്പര്‍ക്ക രോഗികളുടെയും ഹോട്ട്‌സ്‌പോട്ടുകളുടെയും എണ്ണം കൂടുന്നത് ബസ് സര്‍വ്വീസ് തുടങ്ങുന്നതിന് തടസ്സമാണെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ വ്യക്തമാക്കി. 'ആളുകള്‍ വീടുകളില്‍ തന്നെ കഴിയേണ്ടതുണ്ട്. പല ജില്ലകളിലും പലയിടങ്ങളും ഹോട്ട്‌സ്‌പോട്ടാണ്. കണ്ടെയ്ന്‍മെന്റ് സോണില്‍ ബസ് നിര്‍ത്താനാവില്ല. ഈ സാഹചര്യത്തില്‍ സര്‍വ്വീസ് നടത്തിയിട്ട് കാര്യമില്ല. മറ്റൊരറിയിപ്പുണ്ടാകുന്നത് വരെ കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര സര്‍വ്വീസുകളുണ്ടാകില്ല. പ്രയാസമുണ്ടാകുന്നവര്‍ സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കണം'- മന്ത്രി പറഞ്ഞു. 

ജില്ലകള്‍ക്കുള്ളിലുള്ള ഗതാഗതം സംബന്ധിച്ച് കടുത്ത നിയന്ത്രണങ്ങള്‍ വേണ്ടി വരുമെന്നാണ് മന്ത്രി വ്യക്തമാക്കുന്നത്. രോഗികളുടെ എണ്ണം ക്രമാതീതമായി കൂടിയാല്‍ ജില്ലകള്‍ക്കുള്ളിലെ സര്‍വ്വീസും നിര്‍ത്തേണ്ടി വരുമെന്ന് ഗതാഗതമന്ത്രി സൂചന നല്‍കുന്നു. ഓഗസ്റ്റ് 1 മുതല്‍ 206 ദീര്‍ഘദൂര സര്‍വീസുകള്‍ തുടങ്ങുമെന്നായിരുന്നു നേരത്തേ മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചത്.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait