കോവിഡ് പ്രതിരോധം; സർക്കാർ പഞ്ചായത്തുകളെ ശ്വാസം മുട്ടിക്കുന്നു: കെ.സി ജോസഫ് എം.എൽ.എ

kannur metro
Published on 31 July 2020 5:23 pm IST
×

 കണ്ണൂർ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ശ്വാസം മുട്ടിക്കുന്ന സമീപനമാണ് സംസ്ഥാന ഗവൺമെന്റ് സ്വീകരിക്കുന്നതെന്ന് കോൺ. നിയമസഭാ കക്ഷി ഉപ നേതാവ് കെ.സി ജോസഫ് എം.എൽ.എ കുറ്റപ്പെടുത്തി.

മാർച്ച് 24-ന് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ച ശേഷം നാലു മാസത്തിലേറെയായി സംസ്ഥാന ഗവൺമെന്റ് പ്രഖ്യാപിച്ച പ്രതിരോധ പ്രവർത്തനങ്ങളുടെ മുഴുവൻ ചെലവും തനതു ഫണ്ടിൽ നിന്നോ സ്പോൺസർമാരെ കണ്ടെത്തിയോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തന്നെയാണ് നിർവ്വഹിച്ചു വരുന്നത്. തുടർച്ചയായി ഉത്തരവുകൾ അല്ലാതെ ഒരു പൈസ പോലും സംസ്ഥാന ഗവൺമെന്റ് ഇതുവരെ നൽകിയിട്ടില്ല.ഫസ്റ്റ് ലൈൻ ട്രീറ്റുമെന്റ് സെന്ററുകൾ ആരംഭിക്കാൻ തദ്ദേശസ്ഥാപനങ്ങളെ സഹായിക്കാനായി പത്തു കോടി രൂപ വീതം ഓരോ ജില്ലയ്ക്കും അനുവദിച്ചെങ്കിലും പഞ്ചായത്തുകൾക്കും നഗരസഭകൾക്കും  നാമമാത്രമായ സംഖ്യ മാത്രമാണ് പല ജില്ലകളിലും നൽകിയിട്ടുള്ളത്. ഓരോ പഞ്ചായത്തിനും നഗരസഭയ്ക്കും അടിയന്തരമായി പത്തു ലക്ഷം രൂപ വീതം റിലീസ് ചെയ്യാൻ കലക്ടർമാർക്ക് നിർദ്ദേശം നൽകണമെന്ന് കെ.സി ജോസഫ് അഭ്യർഥിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി പ്രവർത്തനങ്ങൾ പൂർണമായും സ്തംഭിച്ച അവസ്ഥയിലാണ്.

സാമ്പത്തിക വർഷം ആരംഭിച്ചിട്ട് നാല് മാസം കഴിഞ്ഞിട്ടും പുതിയ പദ്ധതികൾ ആരംഭിക്കാൻ കഴിയാത്ത ദയനീയ അവസ്ഥയെ നേരിടുന്ന തദ്ദേശ സ്ഥാപനങ്ങളോട് കടുത്ത അവഗണനയാണ് പിണറായി സർക്കാർ കാണിക്കുന്നതെന്നും കെ.സി ജോസഫ് കുറ്റപ്പെടുത്തി.


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait