കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര സര്‍വീസുകള്‍ നാളെ മുതല്‍

206 ബസ്സുകള്‍ നിരത്തിലിറങ്ങുമെന്ന് മന്ത്രി ശശീന്ദ്രന്‍
Published on 31 July 2020 12:43 pm IST
×

കോഴിക്കോട്: കൊവിഡ് വ്യാപനം കണക്കിലെടുത്ത് നിര്‍ത്തിവെച്ച കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര സര്‍വീസുകള്‍ സംസ്ഥാനത്ത് നാളെ മുതല്‍ പുനഃരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. നാളെ 206 ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിക്കും. കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള പ്രദേശത്ത് നിന്നാണ് സര്‍വീസുകള്‍ നടത്തുക. 

കൊവിഡ് രോഗികള്‍ കൂടുതലുള്ള തിരുവനന്തപുരം തമ്പാനൂരില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ ഉണ്ടാകില്ല. പകരം തിരുവനന്തപുരത്തെ ആനയറയില്‍ നിന്നാകും താല്‍ക്കാലിക സംവിധാനം ഉണ്ടാവുക. കൊവിഡ് കാലത്തേക്ക് മാത്രമായി ഏര്‍പ്പെടുത്തിയ പ്രത്യേക നിരക്കിലാണ് സര്‍വീസ് നടത്തുക. യാത്രക്കാര്‍ ബസുകളെ ആശ്രയിക്കുക എന്ന രീതി കൊവിഡ് കാലത്ത് കുറഞ്ഞു. ഇരുചക്ര വാഹനങ്ങളുടെയും യൂസ്ഡ് കാറുകളുടെയും വില്പന ഈ കാലയളവില്‍ വര്‍ധിച്ചിട്ടുണ്ട്. കൂടുതല്‍ ആളുകള്‍ പൊതുഗതാഗത സംവിധാനത്തെ ഉപേക്ഷിക്കുന്നത് വലിയ വെല്ലുവിളിയാണ്. ഈ പശ്ചാത്തലത്തിലാണ് നഷ്ടമാണെങ്കില്‍ കൂടിയും കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്താന്‍ തീരുമാനിച്ചതെന്നും മന്ത്രി വിശദീകരിച്ചു. 

അതേസമയം നികുതി ഇളവ് ആവശ്യപ്പെട്ട് സ്വകാര്യ ബസുകള്‍ നാളെ മുതല്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുകയാണ്. ബസ് സര്‍വീസ് നിര്‍ത്തി വെയ്ക്കുന്നത് ഈ കാലത്ത് ഗുണമാണോ എന്ന് സ്വകാര്യ ബസ്സുടമകള്‍ ചിന്തിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. പൊതുഗതാഗത സംവിധാനത്തെ ജനങ്ങള്‍ കയ്യൊഴിയുന്ന രീതിയാണ് ഇപ്പോള്‍ തുടങ്ങിയിരിക്കുന്നതെന്ന് ഉടമകള്‍ മനസ്സിലാക്കണം. സ്വകാര്യ ബസ് ഉടമകള്‍ക്ക് നികുതി അടയ്ക്കാനുള്ള കാലാവധി രണ്ടു മാസത്തേക്ക് നീട്ടിയതായും നികുതി അടയ്ക്കുന്നതിനുള്ള സംവിധാനം സര്‍ക്കാര്‍ ഏര്‍പ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait