രാജ്യത്ത് 24 മണിക്കൂറിനിടെ 55,079 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 779 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു 

Published on 31 July 2020 11:33 am IST
×

ദില്ലി: രാജ്യത്തെ കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു. ഇതുവരെയുള്ള എറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.  24 മണിക്കൂറിനിടെ 55,079 പേര്‍ക്ക് രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 16 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 779 മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ 16,38,871 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചതെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. ഇതുവരെ 35,749 പേരാണ് രാജ്യത്ത് രോഗബാധ മൂലം മരിച്ചതെന്നാണ് ഔദ്യോഗിക കണക്കുകള്‍. 

ഇന്നലെയാണ് ആദ്യമായി പ്രതിദിന വര്‍ധന അമ്പതിനായിരം കടന്നത്. 24 മണിക്കൂറിനിടെ 37,223 പേര്‍ കൂടി രോഗമുക്തരായെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. ഇതുവരെ 10,57,805 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്. നിലവില്‍ 5,45,318 പേരാണ് ചികിത്സയിലുള്ളത്. ജൂലൈ 30 വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 1,88,32,970 കോവിഡ് ടെസ്റ്റുകളാണ് നടത്തിയിട്ടുള്ളത്. ജൂലൈ 30-ന് മാത്രം 6,42,588 ടെസ്റ്റുകളാണ് രാജ്യത്തെമ്പാടുമായി നടന്നതെന്ന് ഐ.സി.എം.ആര്‍ പറയുന്നു. 

മഹാരാഷ്ട്രയില്‍ പതിനൊന്നായിരത്തിനും ആന്ധ്രാപ്രദേശില്‍ പതിനായിരത്തിനും മുകളില്‍ കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. കര്‍ണ്ണാടകത്തില്‍ ആറായിരത്തിനും തമിഴ്‌നാട്ടില്‍ അയ്യായിരത്തിനും മുകളില്‍ കേസുകള്‍ സ്ഥിരീകരിച്ചു. ഉത്തര്‍പ്രദേശില്‍ ആകെ രോഗികളുടെ എണ്ണം എണ്‍പതിനായിരം കടന്നു. അതേസമയം അണ്‍ലോക്ക് രണ്ടാം ഘട്ടം ഇന്ന് അവസാനിക്കും. അര്‍ദ്ധരാത്രി നിലവില്‍ വരുന്ന അണ്‍ലോക്ക് മൂന്നില്‍ രാത്രി കര്‍ഫ്യൂ പിന്‍വലിച്ചിട്ടുണ്ട്. ഓഗസ്റ്റ് അഞ്ച് മുതല്‍ ജിമ്മുകളും യോഗ കേന്ദ്രങ്ങളും തുറക്കാനും അനുമതിയുണ്ട്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait