സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

ട്രെയിനുകള്‍ ആലപ്പുഴ വഴി
Published on 31 July 2020 7:31 am IST
×

കണ്ണൂര്‍: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കാണ് സാധ്യത. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് ആണ്. തിരുവനന്തപുരവും വയനാടും ഒഴികെയുള്ള മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മീന്‍പിടുത്തതിന് വിലക്കുണ്ട്. 

നാളെ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടായിരിക്കും. മിക്ക ജില്ലകളിലും മഴക്കെടുതികളും പ്രളയ ഭീഷണിയും കടല്‍ക്ഷോഭവും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രകൃതിക്ഷോഭം നേരിടാന്‍ സജ്ജമായിരിക്കണമെന്ന് എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യവകുപ്പ് കണ്ട്രോള്‍ റൂം തുടങ്ങി. ഏതെങ്കിലും പ്രദേശത്ത് അടിയന്തിര സാഹചര്യമുണ്ടായാല്‍ സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമിലെ 9946102865 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.

അതേസമയം തിരുവനന്തപുരം, എറണാകുളം വേണാട്, കണ്ണൂര്‍ തിരുവനന്തപുരം ജനശതാബ്ദി എന്നീ സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഇന്ന് ആലപ്പുഴ വഴിയാകും സര്‍വ്വീസ് നടത്തുകയെന്ന് റെയില്‍വേ അറിയിച്ചു. കായംകുളം, ആലപ്പുഴ, എറണാകുളം ജംഗ്ഷന്‍ എന്നീ സ്റ്റേഷനുകളില്‍ ഈ ട്രെയിനുകള്‍ക്ക് താല്‍കാലിക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ട്രാക്കില്‍ മണ്ണിടിഞ്ഞ് കോട്ടയം, ചങ്ങനാശ്ശേരി പാതയിലെ ഗതാഗതം തടസ്സപ്പെട്ടതുകൊണ്ടാണ് പുനഃക്രമീകരണം. ഇവിടെ അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുകയാണ്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait