ജയിലുകളുടെ പ്രവര്‍ത്തനങ്ങളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തും: മുഖ്യമന്ത്രി.

ഫ്രീഡം ഫ്യൂവല്‍ സ്റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങി
kannur metro
Published on 30 July 2020 8:34 pm IST
×
കണ്ണൂർ പള്ളിക്കുന്ന് സെൻട്രൽ ജയിൽ പരിസരത്തെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഫ്രീഡം ഫ്യുവൽ ഫില്ലിംഗ്‌ സ്റ്റേഷന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവ്വഹിക്കുന്നു.

കണ്ണൂർ:ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങുമ്പോള്‍ കുടുംബത്തോടൊപ്പം മാതൃകാപരമായ ജീവിതം നയിക്കാന്‍ കഴിയത്തക്കവിധത്തില്‍ ഓരോ അന്തേവാസിക്കും വേണ്ട സഹായം ഉറപ്പാക്കുന്നതിനാണ് ജയില്‍വകുപ്പ് ശ്രമിക്കുന്നതെന്നും ജയിലുകളുടെ പ്രവര്‍ത്തനങ്ങള്‍ കാലാനുസൃതമായി പരിഷ്‌കരിക്കുന്നതിനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പ്രിസണ്‍സ് ആന്‍ഡ് കറക്ഷണല്‍ സര്‍വ്വീസസ് വകുപ്പ് ജയില്‍ അന്തേവാസികളുടെ പുനരധിവാസം മുന്‍നിര്‍ത്തി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി ചേര്‍ന്ന് സ്ഥാപിച്ച പെട്രോള്‍ പമ്പുകളുടെ സംസ്ഥാനതല പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂരിന് പുറമെ വിയ്യൂര്‍, തിരുവനന്തപുരം എന്നീ സെന്‍ട്രല്‍ ജയിലുകളിലും, ചീമേനി ഓപ്പണ്‍ പ്രിസണിലുമാണ് പെട്രോള്‍ പമ്പുകള്‍ പ്രവര്‍ത്തനമാരംഭിച്ചത്.
പ്രത്യേക സാഹചര്യങ്ങളാല്‍ കുറ്റവാളികളാവുകയും നിയമപ്രകാരം നിശ്ചിത കാലയളവ് ജയിലിനുള്ളില്‍ കഴിയാന്‍ വിധിക്കപ്പെടുകയും ചെയ്യുന്ന ജയില്‍ അന്തേവാസികളുടെ ശാരീരികവും മാനസികവുമായ കാര്യങ്ങളില്‍ സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധയാണ് പുലര്‍ത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് സര്‍ക്കാര്‍ നേതൃത്വത്തില്‍ പൊതുജനങ്ങള്‍ക്ക് വേണ്ടി പെട്രോള്‍ പമ്പുകള്‍ ആരംഭിക്കുന്നതെന്നും പൊതുജനങ്ങള്‍ക്ക് ഗുണമേന്മയുള്ള ഇന്ധനം കൃത്യമായ അളവില്‍ ലഭ്യമാക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പതിനഞ്ചോളം ജയില്‍ അന്തേവാസികള്‍ക്ക് ഈ പദ്ധതിയുടെ ഭാഗമായി ഓരോ പമ്പിലും ജോലി നല്‍കാന്‍ കഴിയും. ഈ പദ്ധതി ഭാവിയില്‍ വിപുലീകരിക്കാനുള്ള ലക്ഷ്യമുണ്ട്. സി എന്‍ ജി, ഇലക്ട്രിക്കല്‍ ചാര്‍ജിങ് സ്റ്റേഷന്‍ എന്നിവ ഉള്‍പ്പെടെ ഈ പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കാന്‍ കഴിയും. എല്ലാ പെട്രോള്‍ പമ്പുകളിലും കംഫര്‍ട്ട് സ്റ്റേഷന്‍ വേണമെന്ന സര്‍ക്കാര്‍ നിര്‍ദേശം കാലതാമസമില്ലാതെ ഇവിടെയും നടപ്പിലാക്കും. ആധുനിക കാലത്ത് ജയിലുകള്‍ തെറ്റു തിരുത്തല്‍ കേന്ദ്രങ്ങളാകണമെന്ന  കാഴ്ചപ്പാടാണുള്ളത്.  അതിനനുസൃതമായി ജയിലുകളിലെ അടിസ്ഥാന സൗകര്യ വികസനം, ആധുനികവല്‍ക്കരണം, അന്തേവാസികളുടെ പുനരധിവാസം എന്നിവ മുന്‍നിര്‍ത്തിയുള്ള നിരവധി പദ്ധതികളാണ് ജയില്‍ വകുപ്പ് ആവിഷ്‌കരിച്ചിട്ടുള്ളത്. കുറ്റവാളികളുടെ മനപരിവര്‍ത്തനം, പുനരധിവാസം എന്നിവ ജയിലുകളില്‍ സാധ്യമാകണമെന്നാണ് സര്‍ക്കാരിന്റെ കാഴ്ചപ്പാട്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായതും സമൂഹ നന്മയ്ക്ക് ഉതകുന്നതുമായ ക്രിയാത്മകമായ ഇടപെടലുകളാണ് ജയില്‍വകുപ്പ് നടത്തി വരുന്നത്. ജയിലുകളിലെ ഭക്ഷണ യൂണിറ്റ്, വസ്ത്ര നിര്‍മ്മാണ യൂണിറ്റ്, ജൈവ കാര്‍ഷിക ഉല്‍പന്നങ്ങള്‍ എന്നിവ അതിനുദാഹരണങ്ങളാണ്. അതോടൊപ്പം കാലാനുസൃതമായ ഇടപെടലുകള്‍ നടത്താനും ജയില്‍ വകുപ്പിന് കഴിഞ്ഞു എന്നത് ശ്ലാഘനീയമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് മഹാമാരിയെ നേരിടുന്നതിന് അത്യന്താപേക്ഷിതമായ മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ നിര്‍മ്മിച്ച് പൊതുജനങ്ങള്‍ക്ക് നല്‍കിയത് പ്രശംസാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. പത്ത് ലക്ഷം മാസ്‌കും, ഇരുപതിനായിരം ലിറ്റര്‍ സാനിറ്റൈസറുമാണ് ജയിലുകള്‍ ഈ അവസരത്തില്‍ നിര്‍മ്മിച്ചു നല്‍കിയത്. ലോക് ഡൗണ്‍ കാലത്ത് ഇത് വലിയ സഹായമായിരുന്നു. പൊതുസമൂഹത്തോടുള്ള പ്രതിബദ്ധത വെളിവാക്കുന്ന മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് ജയില്‍ അന്തേവാസികള്‍ ഈ ഘട്ടത്തില്‍ നടത്തിയത്. ശിക്ഷാ കാലയളവിന് ശേഷം പരാശ്രയമില്ലാതെ സമൂഹത്തില്‍ ജീവിക്കുന്നതിന് അന്തേവാസികളെ പ്രാപ്തരാക്കുന്ന വിവിധ തൊഴില്‍പരിശീലന പരിപാടികളാണ് ജയിലുകളില്‍ നടപ്പിലാക്കി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജയില്‍ വകുപ്പിന്റെ സ്ഥലത്ത് 2019 ഡിസംബറിലാണ് പെട്രോള്‍ പമ്പുകളുടെ നിര്‍മാണം ആരംഭിച്ചത്. 30 വര്‍ഷത്തേക്കാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ സ്ഥലം പാട്ടത്തിന് ഏറ്റെടുത്തിട്ടുള്ളത്. ഇത് വഴി പ്രതിമാസം 5.9 ലക്ഷം രൂപ സര്‍ക്കാരിന് വാടകയിനത്തില്‍ ലഭ്യമാകും.സെന്‍ട്രല്‍ ജയിലിന് എതിര്‍വശത്തെ പെട്രോള്‍ പമ്പിന്റെ പരിസരത്ത് നടന്ന ചടങ്ങില്‍ തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനായി. കെ എം ഷാജി എംഎല്‍എ, പ്രിസണ്‍സ് ആന്‍ഡ് കറക്ഷണല്‍ സര്‍വ്വീസസ് ഡയറക്ടര്‍ ജനറല്‍ ഋഷിരാജ് സിംഗ് എന്നിവര്‍ ഓണ്‍ലൈനായി പങ്കെടുത്തു. കോര്‍പ്പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷന്‍ സി കെ വിനോദ്, കൗണ്‍സിലര്‍ ടി കെ വസന്ത, ജില്ലാ സെന്‍ട്രല്‍ പ്രിസണ്‍ ആന്‍ഡ് കറക്ഷണല്‍ ഹോം സൂപ്രണ്ട് ടി ബാബുരാജന്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ചീഫ് സെയില്‍സ് മാനേജര്‍ ജസീല്‍ ഇസ്മായില്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായി.


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait