റഫാൽ യുദ്ധവിമാനം എത്തുമ്പോൾ കണ്ണൂരിനും അഭിമാനിക്കാം

2018-ൽ ഫ്രാൻസിലെത്തി റഫാലിനെ വിലയിരുത്തിയ സംഘത്തെ നയിച്ചതും ആദ്യമായി റഫാൽ പറത്തിയതുമായ ഇന്ത്യക്കാരൻ മുൻ വ്യോമസേനാ ഉപമേധാവിയും കണ്ണൂർ സ്വദേശിയുമായ രഘുനാഥ് നമ്പ്യാർ ആണ്
kannur metro
Published on 30 July 2020 8:07 pm IST
×

കണ്ണൂർകാത്തിരിപ്പിന്റെ കാലം കഴിഞ്ഞ് അതിർത്തിയിൽ ആകാശം കാക്കാൻ റഫാൽ കടൽ കടന്നെത്തുമ്പോൾ ഒരു വിമാനത്തിന്റെ പൈലറ്റ് സീറ്റിൽ മലയാളിയായ വിവേക് വിക്രമുണ്ടായിരുന്നു. റഫാലെത്തുമ്പോൾ മലയാളികൾക്ക് സ്വകാര്യമായി അഭിമാനിക്കാൻ ഒരു കാരണം കൂടിയുണ്ട്.

2018-ൽ ഫ്രാൻസിലെത്തി റഫാലിനെ വിലയിരുത്തിയ സംഘത്തെ നയിച്ചതും ആദ്യമായി റഫാൽ പറത്തിയതുമായ ഇന്ത്യക്കാരൻ മലയാളിയാണ്, മുൻ വ്യോമസേനാ ഉപമേധാവിയും കണ്ണൂർ സ്വദേശിയുമായ രഘുനാഥ് നമ്പ്യാർ. ‘റഫാലിന്റെ വരവ് നമ്മെ കരുത്തരാക്കും. ഇന്ത്യയ്ക്കെതിരെ നീങ്ങാൻ ആലോചിക്കുന്നവർ ഇനി ഒന്നല്ല, പലവട്ടം ചിന്തിക്കും. ഒരേ സമയം മൂന്നു നാലു കാര്യങ്ങൾ ചെയ്യാൻ റഫാലിനാകും’– ഡപ്യൂട്ടി ചീഫ് ഓഫ് എയർ സ്റ്റാഫ് (ഡി.സി.എ.എസ്) ആയി വിരമിച്ച രഘുനാഥ് നമ്പ്യാർ പറഞ്ഞു. 2018-ലാണ് രഘുനാഥ് നമ്പ്യാർ ഫ്രാൻസിലെത്തി റഫാൽ പറത്തിയത്. ‘3 മണിക്കൂർ ബ്രീഫിങ്ങിനു ശേഷമാണ് കോക്പിറ്റിലേക്ക് കയറിയത്. അനുവദിച്ച 75 മിനിറ്റിൽ മലനിരകൾക്ക് മുകളിലൂടെ പറക്കാൻ കഴിഞ്ഞു. സബ് സോണിക് വേഗത്തിൽ നിന്ന് സൂപ്പർ സോണിക്കിലേക്കു കടന്നു.’ റഫാൽ പറത്തിയ ആദ്യ ഇന്ത്യക്കാരനും എയർ മാർഷൽ റാങ്കിലുള്ള ആദ്യ വൈമാനികനും രഘുനാഥനാണ്. അതിർത്തിയിൽ പാക്കിസ്ഥാനുമായും ചൈനയുമായും പ്രശ്നങ്ങൾ നേരിടുന്ന സാഹചര്യത്തിൽ പർവതനിരകൾക്കു മുകളിലെ ഇന്ത്യയുടെ മുന്നണിപ്പോരാളിയാകും ഇനി റഫാലെന്ന് രഘുനാഥ് നമ്പ്യാർ പറഞ്ഞു. യുദ്ധമൊഴിവാക്കാൻ രാജ്യത്ത് ശക്തമായ വ്യോമസേന അനിവാര്യമാണെന്നും അതിർത്തിയിൽ സംഘർഷം സൃഷ്ടിക്കാൻ ഇനി മറ്റുള്ളവർ മടിക്കുമെന്നും അദ്ദേഹം പറഞ്ഞു. സൈന്യത്തെ രാഷ്ട്രീയത്തിൽ നിന്ന് അകറ്റി നിർത്തണം. വിവാദങ്ങൾ മൂലം വിമാനങ്ങൾ ലഭിക്കാൻ വൈകിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിരമിച്ച് ഒരു വർഷമായെങ്കിലും വിശ്രമിക്കാനായിട്ടില്ല ഈ മുൻ വ്യോമസേനാ ഉപമേധാവിക്ക്. കഴിഞ്ഞ ഡിസംബറിലാണ് അവസാനം നാട്ടിലെത്തിയത്. കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ആദ്യ വിമാനമിറക്കിയതും രഘുനാഥാണ്. പരേതനായ കാടാച്ചിറ മാളികപ്പറമ്പിൽ പത്മനാഭൻ നമ്പ്യാരാണ് പിതാവ്. അമ്മ രാധയാണ് കണ്ണൂരിലെ വീട്ടിലുള്ളത്. എടപ്പാൾ സ്വദേശിയായ ലക്ഷ്മിയാണു ഭാര്യ. അശ്വിൻ ഏക മകനാണ്. വ്യവസായിയായ യദുനാഥ് നമ്പ്യാരും ഗീത നായരുമാണു രഘുനാഥിന്റെ സഹോദരങ്ങൾ. രണ്ടു തവണ അതിവിശിഷ്ട സേവാ മെഡലും വ്യോമസേനാ മെഡലും സ്വന്തമാക്കിയ രഘുനാഥ് നമ്പ്യാരെ രാജ്യം പരമോന്നത സൈനിക ബഹുമതിയായ പരമവിശിഷ്ട സേവാ മെഡൽ നൽകി ആദരിച്ചിട്ടുമുണ്ട്.

 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait