രാജ്യത്ത് 24 മണിക്കൂറിനിടെ അര ലക്ഷത്തിലധികം കൊവിഡ് രോഗികള്‍; 775 മരണം 

രോഗമുക്തരുടെ എണ്ണം 10 ലക്ഷം കടന്നു
Published on 30 July 2020 12:27 pm IST
×

ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം തീവ്രമായി തന്നെ തുടരുന്നു. പ്രതിദിന വര്‍ധന ആദ്യമായി അരലക്ഷം കടന്നു. 24 മണിക്കൂറിനിടെ 52,123 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 775 മരണങ്ങളും 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ 15,83,792 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.  രാജ്യത്ത് ആകെ 34,968 മരണങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. അതേസമയം, രോഗമുക്തരായവരുടെ എണ്ണം 10 ലക്ഷം കടന്നുവെന്നതാണ് ആശ്വാസകരമായ വാര്‍ത്ത. നിലവില്‍ 5,28,242 പേരാണ് രാജ്യത്ത് ചികിത്സയില്‍ തുടരുന്നത്.

10,20,582 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. രോഗമുക്തി നിരക്ക് 64.43 ശതമാനവും കോവിഡ് 19 പോസിറ്റീവ് നിരക്ക് 11.67 ശതമാനവുമാണ്. മഹാരാഷ്ട്രയിലും തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളായ കര്‍ണാടക, ആന്ധ്രപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളിലുമാണ് രോഗബാധ ഏറ്റവും കൂടുതല്‍. ഉത്തര്‍പ്രദേശില്‍ മൂവായിരത്തിലേറെ പേര്‍ക്ക് പുതുതായി രോഗം ബാധിച്ചു. പശ്ചിമ ബംഗാളിലും ബിഹാറിലും പ്രതിദിന രോഗബാധിതര്‍ രണ്ടായിരം കടന്നു. കൊവിഡ് വ്യാപനം തുടരുമ്പോള്‍ പരിശോധനകളുടെ എണ്ണവും കൂട്ടിയിട്ടുണ്ടെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. രാജ്യത്ത് ഇന്നലെ മാത്രം 4,46,642 സാമ്പിളുകള്‍ പരിശോധിച്ചു. ഇതുവരെ 1,81,90,382 കൊവിഡ് സാമ്പിളുകളുടെ പരിശോധന നടത്തിയെന്നാണ് ഐ.സി.എം.ആര്‍ പുറത്തുവിട്ട കണക്ക്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait