മറക്കരുത് ഈ ഭൂമി നമ്മുടേത് മാത്രമല്ല

ജൂലൈ 28 ലോക പ്രകൃതി സംരക്ഷണ ദിനം. അനുദിനം ശുഷ്കമാക്കപ്പെട്ടു കൊണ്ടിരിക്കുന്ന നമ്മുടെ വന സമ്പത്തിനെകുറിച്ച്‌ ആത്മപരിശോധന നടത്താനും യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയുവാനുമുള്ള ഒരു സുദിനം
എം.കെ രാഘവൻ എം.പി 
Published on 28 July 2020 3:21 pm IST
×

മനുഷ്യന് ആവശ്യമുളളതെല്ലാം പ്രകൃതിയിലുണ്ട്. എന്നാല്‍ അവന്റെ അത്യാഗ്രഹത്തിനുളള വക മാത്രം ഇല്ല. നമുക്ക് വേണ്ടതെല്ലാം തരുന്ന ഭൂമിയേയും അവളുടെ സുന്ദര പ്രകൃതിയേയും നാം ചൂഷണം ചെയ്യുമ്പോൾ‍ ഭൂമിയുടെ നിലനില്‍പിനെയാണ് ചോദ്യം ചെയ്യുന്നത്. വരും തലമുറയ്ക്ക് ഉപയോഗിക്കുവാനുളള ഭൗമ സമ്പത്താണ് നാം ഇല്ലായ്മ ചെയ്യുന്നത്. നമ്മുടെ ആവാസ വ്യവസ്ഥയിലെ കണ്ണികൾ‍ മുറിയാതെ നാം സംരക്ഷിക്കേണ്ടിയിരിക്കുന്നു. മനുഷ്യനും പ്രകൃതിയും ജന്തുക്കളും സസ്യങ്ങളും മാത്രമല്ല അന്തരീക്ഷത്തിലെ ഓരോ ഘടകവും സൂക്ഷ്മാണുക്കളും അതിലെ കണ്ണികളാണ്. അതിന്റെ താളം തെറ്റുമ്പോഴാണ് നാം ദുരന്തത്തിലേക്ക് വലിച്ചെറിയപ്പെടുന്നത്. പ്രകൃതി സംരക്ഷണത്തിൽ സുപ്രധാനം വന സംരക്ഷണം, മൃഗ സംരക്ഷണം, നദീജല സംരക്ഷണം എന്നിവയെല്ലാമാണല്ലോ. ആധുനിക മനുഷ്യന്റെ അതിരറ്റ ഉപഭോഗാസക്തിമൂലം ഒട്ടനവധി ജീവജാലങ്ങള്‍ ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായിട്ടുണ്ട്. ശാസ്ത്രീയ പഠനത്തില്‍ ഭൂമിയിലുളള സസ്യങ്ങളും ജന്തുക്കളും അടുത്ത നൂറ്റാണ്ടില്‍ പകുതിയായി കുറയുമെന്ന് മുന്നറിയിപ്പുണ്ട്. ഭാവി തലമുറക്കായ് കരുതിവെക്കേണ്ടത് പണമോ മറ്റ് സമ്പത്തുകളോ അല്ല. അതിനെക്കാളുപരി അവർക്ക് മറ്റ് വിഷമതകൾ ഒന്നും കൂടാതെ കഴിയുന്നതിനായുള്ള ഒരു നല്ല ഭൗമാന്തരീക്ഷത്തെയാണ്.... മറക്കരുത് ഈ ഭൂമി നമ്മുടേത് മാത്രമല്ല.  


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait