കാണാമറയത്തെ കാണാ കാഴ്ചകള്‍

കാണാതാകുന്ന കുട്ടികളെ കുറിച്ചും സ്ത്രീകളെ കുറിച്ചും രക്ഷിതാക്കളുടെ മനസില്‍ ഒരിക്കലും തീരാത്ത വിങ്ങലാണ്. നാട്ടില്‍ മുക്കിലും മൂലയിലും പോലിസിന്റെയും ഭരണകൂടത്തിന്റെയും നിരീക്ഷണം കര്‍ശനമാക്കിയിട്ടും എത്രയൊക്കെ കരുതലുണ്ടായിട്ടും ഇത്തരം കേസുകള്‍ വര്‍ധിച്ചു കൊണ്ടേയിരിക്കുകയാണ്. എന്നാല്‍ ഈ അപ്രത്യക്ഷമാകലിനു പിന്നില്‍ റാക്കറ്റുകള്‍ പ്രവൃത്തിക്കുന്നുണ്ടോയെന്ന അന്വേഷണം പോലും കൃത്യമായി നടക്കുന്നില്ല. സമൂഹ മാധ്യമങ്ങളിലെ കൂട്ടുകൂടലിലൂടെയും കാണാതാകുന്നവരുടെ എണ്ണം കൂടുന്നുണ്ട്.
Published on 01 August 2023 IST


ഓരോ വര്‍ഷവും 150ലേറെ പേരെ കാണാതാകുന്നു

സംസ്ഥാനത്ത് നിന്ന് എല്ലാ വര്‍ഷവും ശരാശരി 150 സ്ത്രീകളെയും കുട്ടികളെയും കാണാതാകുന്നുവെന്നാണ്
സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്ക്. 2015 ജൂണ്‍ വരെ കാണാതായത് 76 പേരെയാണ്. 2010ല്‍ കേരളത്തില്‍ നിന്നു 184 പേരെ കാണാതായി. 2011ല്‍ 221, 2012ല്‍ 214, 2013ല്‍ 185, 2014ല്‍ 145 എന്നിങ്ങനെയാണ് കണക്കുകള്‍. രജിസ്റ്റര്‍ ചെയ്യുന്നതില്‍ 40 ശതമാനം കേസുകളില്‍ മാത്രമാണ് പെണ്‍കുട്ടികളെ കണ്ടെത്തുന്നത്. ദേശീയതലത്തിലുള്ള കണക്കുകളും ആശാവഹമല്ല. 2013ല്‍ ഇന്ത്യയില്‍ ഒരു ലക്ഷത്തില്‍ 52.2 സ്ത്രീകള്‍ അതിക്രമങ്ങള്‍ക്കിരയായിട്ടുണ്ടെന്നാണ് കണക്ക്. 2014 ല്‍ ഇതിന്റെ തോത് 56.3 ആയി വര്‍ധിച്ചെന്നും ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ വ്യക്തമാക്കുന്നു. ഇക്കാര്യത്തില്‍ ദേശീയ ശരാശരിയേക്കാള്‍ മുന്നില്‍ വരുന്നുണ്ട് കേരളം. 2013ല്‍ കേരളത്തിലെ അതിക്രമത്തോത് 62.4 ആയിരുന്നെങ്കില്‍ 2014ല്‍ ഇത് 63 ആയി.


മാറ്റങ്ങള്‍ കണ്ടെത്തണം പഠനങ്ങളിലൂടെ

വിദ്യാര്‍ഥികളുടെ മാനസികപ്രശ്നങ്ങള്‍ വര്‍ധിച്ചുവരികയാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ആത്മഹത്യയുടെയും ഒളിച്ചോട്ടവുമെല്ലാം വര്‍ധിക്കുന്ന കണക്കുകള്‍ ഈ ദിശയിലേക്കാണ് കൂടുതല്‍ വിരല്‍ ചൂണ്ടുന്നത്. അവരുടെ അവകാശങ്ങളെ കുറിച്ചുള്ള അവബോധം അവരെ പലപ്പോഴും നിയന്ത്രിക്കാനാകുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്. എന്നാല്‍ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷ ഉറപ്പിക്കുന്നതിലുള്ള വീഴ്ചകള്‍ എങ്ങനെ അംഗീകരിക്കും. വിദ്യാര്‍ഥികള്‍ക്കിടയിലെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാന്‍ നാഷണല്‍ കൗണ്‍സില്‍ ഓഫ് എഡ്യുക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ്ങ് (എന്‍.സി.ഇ.ആര്‍.ടി.) സംസ്ഥാനത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സ്റ്റേറ്റ് കൗണ്‍സില്‍ ഓഫ് എഡ്യുക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് (എസ്.സി.ഇ.ആര്‍.ടി.) വിവരശേഖരണവും തുടങ്ങിയിട്ടുണ്ട്. നവമാധ്യമങ്ങളുടെ സ്വാധീനം, കുട്ടികള്‍ ശാരീരികമായും മാനസികമായും നേരിടുന്ന വെല്ലുവിളികള്‍ എന്നിവയെല്ലാമാണ് പഠനവിഷയം. ഇതില്‍ നിന്നുള്ള കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ പാഠ്യപദ്ധതിയില്‍ മാറ്റം വരുത്താനാണ് എന്‍.സി.ഇ.ആര്‍.ടി ലക്ഷ്യമിടുന്നത്.

 

സൈബര്‍കെണിയില്‍ വീഴല്ലെ

ഒരുപരിധി വരെ കംപ്യൂട്ടറിന്റെയും ഫോണിന്റെയും കൂടിയ ഉപയോഗം കുട്ടികളിലും സ്ത്രീകളിലും വലിയ മാനസിക പ്രശ്നങ്ങള്‍ക്കു വഴി തെളിക്കുന്നുണ്ട്. വീട്ടമ്മമാര്‍ക്കിടയിലും വിദ്യാര്‍ഥികള്‍ക്കിടയിലും തുറന്നുപറച്ചിലുകള്‍ കുറഞ്ഞുവരുന്നതാണ് മറ്റൊരു പ്രശ്നം. സുഹൃത്തുക്കളോടും രക്ഷിതാക്കളോടുമെല്ലാം അകലം സൂക്ഷിക്കുന്നവരാണ് പുതുതലമുറ. യഥാര്‍ഥ സൗഹൃദമെന്ന് വിശ്വസിച്ച് ആശ്രയിക്കുന്നത് സമൂഹമാധ്യമങ്ങളിലെ കെണികളയായിരിക്കും. സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകള്‍ കാരണം മനോനില തെറ്റിയ നിരവധി കുട്ടികളും സ്ത്രീകളുമുണ്ട്. കേരളത്തിലെ ഒട്ടുമിക്ക സൈക്കോളജിസ്റ്റുകള്‍, കൗണ്‍സിലര്‍മാര്‍ എന്നിവരുടെ അടുത്തേക്ക് എത്തുന്ന മിക്കവരുടെയും ഭൂതകാലം സമൂഹമാധ്യമത്തിന് കീഴ്‌പ്പെട്ടതാകാം. നിരവധി സംഭവങ്ങള്‍ ഉദാഹരണങ്ങളായി മാധ്യമങ്ങളിലൂടെയും നാം കണ്ടുവരുന്നു. വീടെന്ന ചിറകിന്റെ തണല്‍, സമൂഹത്തിന്റെ കരുതല്‍, സൗഹൃദത്തിലെ കളിചിരികള്‍ തുടങ്ങി ഏറെ ആവശ്യമുള്ള ചില കാര്യങ്ങളുണ്ട്  നമ്മുടെ കുട്ടികള്‍ക്ക്. വര്‍ധിച്ചുവരുന്ന കൗമാര പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികളെ നേര്‍വഴിക്ക് നയിക്കാന്‍ സംസ്ഥാന സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് ഒട്ടേറെ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. തുറന്നുപറച്ചില്‍ പ്രോത്സാഹിപ്പിക്കാന്‍ ഡ്രോപ് ബോക്സ്, സൗഹൃദ ക്ലബ്ബ്, അവര്‍ റെസ്പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ (ഒ.ആര്‍.സി.) തുടങ്ങി നിരവധി പദ്ധതികളാണുള്ളത്.


സ്വവര്‍ഗ സെക്സ് റാക്കറ്റും പിറകെ

അധ്യാപകര്‍ പണ്ടൊക്കെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മിലുള്ള സൗഹൃദം അതിരു വിടുന്നുണ്ടോയെന്ന് മാത്രം ശ്രദ്ധിച്ചാല്‍ മതിയായിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതി വ്യത്യസ്തമാണെന്ന് സ്‌കൂളുകളില്‍ കൗണ്‍സിലിങ്ങിന് നേതൃത്വം നല്‍കുന്നവര്‍ പറയുന്നു. ബന്ധങ്ങളില്‍ വന്ന മാറ്റവും സമൂഹമാധ്യമങ്ങളുടെ സ്വാധീനവുമെല്ലാം അധ്യാപകരുടെ ഉത്തരവാദിത്വം കൂട്ടിയിരിക്കുകയാണ്. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് സ്വവര്‍ഗ സെക്സ് റാക്കറ്റും പിടിമുറുക്കുന്നതായാണ് റിപ്പോര്‍ട്ട്. മൂന്ന് പെണ്‍കുട്ടികളെ കാണാതായതുമായി ബന്ധപ്പെട്ട് അടുത്തിടെ കോട്ടയം ജില്ലയില്‍ നടന്ന അന്വേഷണമാണ് ഈ റാക്കറ്റിന്റെ പ്രവര്‍ത്തനത്തിലേക്ക് എത്തിയത്. കോട്ടയം ജില്ലയിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെങ്കിലും മറ്റു പല ജില്ലകള്‍ കേന്ദ്രീകരിച്ചും ഇവരുടെ പ്രവര്‍ത്തനമുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി അധികൃതര്‍ പറഞ്ഞു.
സൗഹൃദത്തിലൂടെയുള്ള കറക്കവും പലപ്പോഴും കെണിയില്‍ വീഴ്ത്തുന്നുവെന്നാണ് അന്വേഷണത്തിലൂടെ കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍ പലപ്പോഴും വീട്ടുക്കാരും അധ്യാപകരും അറിയുമ്പോഴേക്കും വൈകും. പലപ്പോഴും കൗണ്‍സിലര്‍മാരുടെ അരികിലെത്തുമ്പോള്‍ മാത്രമാണ് പല സത്യങ്ങളും രക്ഷിതാക്കളും അധ്യാപകരും അറിയുന്നത്. അപ്പോഴേക്കും ഇത്തരം റാക്കറ്റുകളുടെ കെണിയില്‍ വീണ കുട്ടികള്‍ നിരവധിയായിരിക്കും. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും പ്രത്യേകമായി നോട്ടമിട്ടു കെണിയൊരുക്കുന്നവരും നിരവധിയാണ്.

 

ഡ്രോപ്പ് ബോക്സില്‍ എത്തണം പരാതികള്‍

പരസ്യമായി പുറത്തുപറയാന്‍ വിഷമമുള്ള പ്രശ്നങ്ങള്‍ പങ്കുവയ്ക്കാനായി സര്‍ക്കാര്‍, വിവിധ വിദ്യാലയങ്ങള്‍, ക്ലബുകള്‍, പോലിസ്, എക്‌സൈസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ആരംഭിച്ചതാണ് ഡ്രോപ്പ് ബോക്‌സുകള്‍. അവരുടെ പ്രശ്‌നങ്ങളും സംശയങ്ങളും പങ്കുവയ്ക്കാനായി വിദ്യാര്‍ഥികളെ പ്രേരിപ്പിക്കുകയാണ് പരാതിപ്പെട്ടികളുടെ ലക്ഷ്യം. ഡ്രോപ്പ് ബോക്സ് എന്ന പേരിലാണ് ഇവ സ്‌കൂളുകളില്‍ അറിയപ്പെടുന്നത്. ഒരു പരിധി വരെ ഇവ ഫലപ്രദമാണെന്നാണ് അധ്യാപകരുടെ വിലയിരുത്തല്‍. നഗരത്തിലെ ഒരു സ്‌കൂളില്‍ വിദ്യാര്‍ഥികളുടെ ലഹരി ഉപയോഗത്തെക്കുറിച്ച് ആദ്യം വിവരം ലഭിക്കുന്നത് ഡ്രോപ് ബോക്സ് വഴിയാണ്. പേര് വെളിപ്പെടുത്താതെ ഏതോ വിദ്യാര്‍ഥി എഴുതിയിട്ട കുറിപ്പിലൂടെ നിരവധി കുരുന്നുകളുടെ ജീവനാണ് രക്ഷപ്പെടുന്നത്. ഡ്രോപ് ബോക്‌സിലെത്തുന്ന പരാതികള്‍ മുഖേന അന്വേഷണം നീണ്ടു പോയാല്‍ മയക്കുമരുന്ന് കണ്ണികളുടെ ഇടയിലേക്ക് വരെ എത്തിയ സംഭവങ്ങള്‍ വരെയുണ്ട്. സംസ്ഥാനത്ത് 1202 സ്‌കൂളുകളില്‍ ഹയര്‍ സെക്കന്‍ഡറി വകുപ്പിന്റെ കീഴില്‍ സൗഹൃദ ക്ലബ്ബ് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി എല്ലാ സ്‌കൂളുകളിലും ഡ്രോപ് ബോക്സുമുണ്ട്. ആഴ്ചയില്‍ രണ്ട് തവണയാണ് ഇത് തുറക്കുക. പരാതികളുടെ പരിശോധനയ്ക്ക് മുതിര്‍ന്ന അധ്യാപകന്റെ നേതൃത്വത്തില്‍ ഒരു സംഘമുണ്ടാകും. അധ്യാപകര്‍ക്കുള്ള ചീത്തയും തെറ്റായ വിവരങ്ങളുമെല്ലാം ചില സ്‌കൂളുകളിലെ ബോക്സില്‍ നിന്ന് കിട്ടാറുണ്ട്. എന്നാല്‍ ഇത് അപൂര്‍വമാണ്. തൊഴില്‍ പഠന സാധ്യതകളെക്കുറിച്ച് വിദ്യാര്‍ത്ഥികളെ ബോധവത്കരിക്കാനാണ് കരിയര്‍ ഗൈഡന്‍സ് സെല്‍ 2003ല്‍ തുടങ്ങിയത്. ഇതിന്റെ ചുവടു പിടിച്ചാണ് സൗഹൃദ ക്ലബ്ബിന്റെ തുടക്കം. അമ്പലപ്പുഴയില്‍ ഹയര്‍ സെക്കന്ററി വിദ്യാര്‍ഥിനികളെ ക്ലാസ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവമാണ് ഇതിലേക്ക് നയിച്ചത്. കൗമാരക്കാര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുകയാണ് ക്ലബ്ബിന്റെ ലക്ഷ്യം. ആരോഗ്യപരിപാലന ക്ലാസുകള്‍, കൗണ്‍സലിങ് എന്നിവയെല്ലാം ഇതിന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്.

ബോധവാന്മാരാകണം അധ്യാപകര്‍ ഒപ്പം കുട്ടിസേനയും

കൂട്ടുകാര്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ വിദ്യാര്‍ഥികളെ തന്നെ സജ്ജരാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി വിദ്യാര്‍ഥികളെ പരിശീലിപ്പിക്കുന്ന പദ്ധതിക്ക് വിദ്യാഭ്യാസവകുപ്പ് തുടക്കം കുറിച്ചിട്ടുണ്ട്. ബംഗളൂരു നിംഹാന്‍സിന്റെ നേതൃത്വത്തിലാണ് പരിശീലനം. ഇത് സംസ്ഥാന വ്യാപകമായി നടക്കുകയാണ്. ഒരു സ്‌കൂളില്‍ നിന്ന് ഒരു ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കുമാണ് പരിശീലനം. പരിശീലനം നേടിയ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ സ്‌കൂളുകളില്‍ ഒരു ഗ്രൂപ്പ് രൂപവത്കരിക്കുകയും അതിലൂടെ വിദ്യാര്‍ഥികള്‍ക്കിടയില്‍ തന്നെ സേന രൂപീകരിക്കും. സംസ്ഥാനത്തെ മുഴുവന്‍ ഹയര്‍ സെക്കന്ററി അധ്യാപകര്‍ക്കും കൗണ്‍സലിങ് പരിശീലനം നല്‍കുന്നതിനും വലിയ നേട്ടമാകും. സംസ്ഥാനത്ത് 26000 അധ്യാപകരാണുള്ളത്. സൗഹൃദ ക്ലബ്ബ് അടക്കമുള്ള സര്‍ക്കാര്‍ പദ്ധതികളുടെ ഭാഗമായി ഇതില്‍ 1500 അധ്യാപകര്‍ക്ക് കൗണ്‍സലിങ്ങില്‍ പരിശീലനം നല്‍കിയിട്ടുണ്ട്. ശേഷിക്കുന്നവര്‍ക്ക് മുഴുവന്‍ പരിശീലനം നല്‍കാന്‍ കൂടുതല്‍ ഫണ്ട് ആവശ്യമുണ്ട്. വിദ്യാഭ്യാസവകുപ്പിന് മാത്രമായി ഇത് നടപ്പാക്കാനാകില്ല. സാമൂഹ്യക്ഷേമ വകുപ്പും കൂടി ഒപ്പം കൂടിയാല്‍ പദ്ധതി വിജയിക്കും.

 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait