കക്കാട് വീവിങ് സ്പിന്നിങ് മില്‍ തൊഴിലാളികള്‍ പട്ടിണിയില്‍ 

Published on 15 July 2020 8:22 pm IST
×

കണ്ണൂര്‍: ലോക്ഡൗണ്‍ തുടങ്ങിയപ്പോള്‍ അടച്ചതാണ് കണ്ണൂര്‍ കക്കാട് വീവിങ് സ്പിന്നിങ് മില്‍. മറ്റെല്ലാ ഫാക്ടറികളും തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയെങ്കിലും സ്പിന്നിങ് മില്‍ മാത്രം തുറക്കാത്തത് നൂറുകണക്കിന് തൊഴിലാളികളെയാണ് പട്ടിണിയിലാക്കിയത്. മലബാറിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്ന യശശരീനായ കായ്യത്താന്‍ ദാമോദരന്‍ ദീര്‍ഘവീക്ഷണത്തോട് കൂടി സ്ഥാപിച്ച സ്ഥാപനമാണ് ഈ മില്ല്. ഇതിനെ ആശ്രയിച്ച് എത്രയോ കുടുംബങ്ങള്‍ കഴിഞ്ഞുപോയിട്ടുണ്ട്. തുഛമായ വേതനമാണെങ്കിലും തൊഴില്‍ സുരക്ഷയുള്ള ഒരു സ്ഥാപനം എന്നതുകൊണ്ടാണ് ഇവിടെ ആളുകള്‍ ജോലിക്കു വരുന്നത്. ഇന്ന് ആ വിശ്വാസത്തെ തകിടം മറിച്ചുകൊണ്ടാണ് കോവിഡിന്റെ മറവില്‍ മില്‍ അടച്ചു പൂട്ടിയത്. എത്രയോ കുടുബങ്ങള്‍ ഇതുകാരണം ദുരിതത്തിലായിരിക്കുകയാണ്. ദാരിദ്ര്യവും പട്ടിണിയും മാത്രമല്ല വീടു വെക്കുന്നതിനും മക്കളുടെ വിദ്യാഭ്യാസ-വിവാഹ ആവശ്യങ്ങള്‍ക്കും ബാങ്ക് വായപ എടുത്തവര്‍ എന്തു ചെയ്യണമെന്നറിയാതെ നട്ടം തിരിയുകയാണ്. ഇതിനു പരിഹാരമായി എത്രയും പെട്ടെന്ന് സ്ഥാപനം തുറന്നു പ്രവത്തിക്കുക മാത്രമാണ് പോംവഴി. മില്‍ തുറക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ സമരത്തിലാണ്. സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ധര്‍ണ്ണ കോര്‍പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷന്‍ അഡ്വ. ടി.ഒ മോഹനന്‍ ഉദ്ഘാടനം ചെയ്തു. നടപടിയുണ്ടാവുന്നത്  വരെ സമരം തുടരുമെന്ന് തൊഴിലാളികള്‍ പറഞ്ഞു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait