കൊവിഡ് ചികിത്സ; വെള്ളിയാഴ്ച സ്വകാര്യ ആശുപത്രി ഉടമകളുടെ യോഗം ചേരും: മന്ത്രി ഇ.പി ജയരാജന്‍

kannur metro
Published on 09 July 2020 8:42 pm IST
×
കൊവിഡ്‌-19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട്‌ മന്ത്രി ഇ.പി ജയരാജന്റെ നേതൃത്വത്തിൽ കണ്ണൂർ കലക്ടറേറ്റ്‌ ഓഡിറ്റോറിയത്തിൽ നടന്ന അവലോകന യോഗം.

കണ്ണൂർ: കണ്ണൂർ ജില്ലയില്‍ കൊവിഡ് ചികിത്സക്ക് കൂടുതല്‍ സൗകര്യം ഒരുക്കുന്നതിനായി സ്വകാര്യ ആശുപത്രികളുടെ സഹകരണം തേടുമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ അറിയിച്ചു. ജില്ലാ തല കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊവിഡ് രോഗ ചികിത്സക്കായി ജില്ലയില്‍ ഇപ്പോള്‍ 984 കിടക്കകളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരുക്കിയിട്ടുള്ളത്. ഇതിനു പുറമെ ഫസ്റ്റ്ലൈന്‍ ചികിത്സാ കേന്ദ്രങ്ങളും ഒരുക്കുന്നുണ്ട്. എങ്കിലും രോഗികളുടെ എണ്ണത്തില്‍ അപ്രതീക്ഷിത വര്‍ധന ഉണ്ടാവുകയാണെങ്കില്‍ ന്‍േരിടാന്‍ ആവശ്യമായ മുന്നൊരുക്കം നടത്തേണ്ടതുണ്ട്. ഇതിനായി വെള്ളിയാഴ്ച (ജൂലൈ 10) സ്വകാര്യ ആശുപത്രി ഉടമകള്‍, ഐഎംഎ ഭാരവാഹികള്‍, നഴ്സുമാരുടെ സംഘടനാ പ്രതിനിധികള്‍ എന്നിവരുടെ യോഗം ചേരും. വൈകിട്ട് മൂന്ന് മണിക്ക് കലക്ടറേറ്റ് ഓഡിറ്റോറിയത്തിലാണ് യോഗം. മന്ത്രിമാരായ ഇ.പി ജയരാജന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ സംബന്ധിക്കും. 


കൊവിഡ് ചികിത്സക്ക് കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ ആവശ്യമായി വരികയാണെങ്കില്‍ സ്വകാര്യ മേഖലയില്‍ നിന്നുള്ള സഹായം സ്വീകരിക്കുന്നതിനെക്കുറിച്ചും യോഗം ചര്‍ച്ച നടത്തും.
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ചരക്കുമായി വരുന്ന ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് പ്രാഥമിക സൗകര്യങ്ങള്‍ക്കും വിശ്രമത്തിനുമായി എല്ലാ മാര്‍ക്കറ്റുകളിലും സൗകര്യം ഒരുക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായി വ്യാപാരികളുടെയും കയറ്റിറക്ക് തൊഴിലാളികളുടെയും സംഘടന നേതാക്കളുടെ യോഗം  വെള്ളിയാഴ്ച രാവിലെ 11 മണിക്ക് മന്ത്രിമാരുടെ സാന്നിധ്യത്തില്‍ ചേരും. കലക്ടറേറ്റ് ഓഡിറ്റോറിയത്തിലാണ് യോഗം. ഇതുസംബന്ധിച്ച് വ്യാഴാഴ്ച നഗരസഭാ സെക്രട്ടറിമാരുടെ യോഗം ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നിരുന്നു.


കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടത്താന്‍ കഴിഞ്ഞതിനാല്‍ ജില്ലയില്‍ ഇതുവരെ രോഗവ്യാപനം തടഞ്ഞുനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധന ഉണ്ടായാല്‍ കൂടുതല്‍ ആംബുലന്‍സും ആവശ്യമായി വരും. സര്‍ക്കാര്‍ ആശുപത്രികളില്‍ ഉള്ളവ മാത്രം മതിയാകില്ല. അതിനാല്‍ സ്വകാര്യ ആശുപത്രികള്‍, സഹകരണ ആശുപത്രികള്‍, ചാരിറ്റബിള്‍ സംഘടനകള്‍ എന്നിവരില്‍ നിന്ന് ആംബുലന്‍സുകള്‍ ലഭ്യമാക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കും. ഒന്നില്‍ കൂടുതല്‍ ആംബുലന്‍സ് ഉള്ളവരില്‍ നിന്നാണ് ഇങ്ങനെ ആംബുലന്‍സ് വിട്ടുനല്‍കാന്‍ ആവശ്യപ്പെടുക. തഹസില്‍ദാര്‍മാരെയാണ് ഇതിനാവശ്യമായ നടപടികള്‍ക്കായി ചുമതലപ്പെടുത്തിയിട്ടുള്ളത്.


ഇതോടൊപ്പം കാലവര്‍ഷം കനക്കുന്ന സാഹചര്യവും ഉണ്ട്. പ്രളയം ഉണ്ടാവുന്ന സാഹചര്യമുണ്ടായാല്‍ സ്വീകരിക്കേണ്ട മുന്നൊരുക്കം തദ്ദേശസ്ഥാപനങ്ങള്‍ നടത്തണമെന്ന് മന്ത്രി നിര്‍ദേശിച്ചു. ആവശ്യമായ സജ്ജീകരണങ്ങള്‍ എല്ലാ തദ്ദേശസ്ഥാപന പരിധിയിലും ഉണ്ടെന്ന് ഉറപ്പുവരുത്തണം. ഇത്തരം കാര്യങ്ങള്‍ക്ക് ആവശ്യമായ പണം സര്‍ക്കാര്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കുമെന്നും മന്ത്രി അറിയിച്ചു.തുറമുഖ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ ടി.വി സുഭാഷ്, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait