മത്സ്യത്തൊഴിലാളി വിഭാഗങ്ങളുടെ വളര്‍ച്ച വിദ്യാഭ്യാസത്തിലൂടെ: മുഖ്യമന്ത്രി

ജില്ലയില്‍ 11 വിദ്യാലയങ്ങളിലായി 13 കോടിയിലേറെ രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍
Published on 09 July 2020 7:42 pm IST
×

കണ്ണൂര്‍: പിന്നോക്കം നില്‍ക്കുന്ന മത്സ്യത്തൊഴിലാളി വിഭാഗങ്ങളുടെ വളര്‍ച്ച വിദ്യാഭ്യാസത്തിലൂടെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ തീരദേശ മേഖലകളിലെ 56 സ്‌കൂളുകളിലായി നടപ്പാക്കുന്ന 64 കോടി രൂപയുടെ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

മത്സ്യത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനും അവരെ മത്സര പരീക്ഷകള്‍ക്ക് പ്രാപ്തരാക്കുന്നതിനും ഫിഷറീസ് വകുപ്പ് മികച്ച രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. അതിന്റെ ഫലമായി 34 വിദ്യാര്‍ഥികള്‍ എം.ബി.ബി.എസ് നേടി. 62 കുട്ടികള്‍ക്ക് മറ്റ് പ്രൊഫഷണല്‍ മേഖലകളിലേക്ക് പ്രവേശനം ലഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് മുന്‍ സര്‍ക്കാറിന്റെ കാലത്തുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങളുടെ കുടിശ്ശികയായ 18 കോടി വിതരണം ചെയ്യുകയും കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ 104 കോടി രൂപയുടെ ആനുകൂല്യങ്ങള്‍ നല്‍കുകയും ചെയ്തു. കായിക അഭിരുചി പരിപോഷിപ്പിക്കുന്നതിനായി അഞ്ച് സ്‌കൂളുകളില്‍ ഗ്രൗണ്ട് നിര്‍മ്മിച്ചു. 14 സ്‌കൂളുകളില്‍ കായിക പരിശീലകനെ നിയമിച്ചു. രണ്ടായിരം വിദ്യാര്‍ഥികള്‍ക്കായി സൈക്കിളുകള്‍ നല്‍കി. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അവരുടെ പുനരധിവാസത്തിനായി പുനര്‍ഗേഹം പദ്ധതി നടപ്പിലാക്കി. പ്രളയ കാലത്ത് മത്സ്യത്തൊഴിലാളികളുടെ സാമൂഹ്യ പ്രതിബന്ധതയോടെയുള്ള പ്രവര്‍ത്തനം മറക്കാന്‍ കഴിയുകയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന ചടങ്ങില്‍ ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അധ്യക്ഷയായി. നിയമസഭാ സ്പീക്കര്‍ പി.  ശ്രീരാമകൃഷ്ണന്‍, ധനകാര്യ വകുപ്പ് മന്ത്രി ടി.എം തോമസ് ഐസക്, വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍, ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പരിപാടിയുടെ ഭാഗമായി. സിറ്റി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ജില്ലാതല ഉദ്ഘാടന പരിപാടിയില്‍ തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി മുഖ്യാതിഥിയായി. മേയര്‍ സി. സീനത്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ സി. മനോജ് കുമാര്‍, പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ ആര്‍.വി പ്രദീപന്‍, സിറ്റി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.  സുനിത, പ്രധാന അധ്യാപകന്‍ കെ.പി അബ്ദുള്‍ നസീര്‍ എന്നിവര്‍ പങ്കെടുത്തു.

ജില്ലയില്‍ 11 സ്‌കൂളുകളിലായി 13 കോടിയിലേറെ രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്. കണ്ണൂര്‍ ജില്ലയില്‍ തീരദേശ മേഖലകളില്‍ സ്ഥിതി ചെയ്യുന്ന കൊടുവള്ളി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിന് രണ്ട് കോടി, മുഴപ്പിലങ്ങാട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിന് 1.13 കോടി, പാലിയാട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിന് 81.13 ലക്ഷം, സിറ്റി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിന് 1.4 കോടി, എട്ടിക്കുളം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിന് 1.35 കോടി, മാടായി ഗേള്‍സ് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിന് 2.03 കോടി, രാമന്തളി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിന് 1.4 കോടി രൂപയും എല്‍ പി സ്‌കൂളുകളായ ചാലില്‍ ഗോപാല്‍പേട്ട സ്‌കൂളിന്  74.01 ലക്ഷം, നീര്‍ക്കടവ് സ്‌കൂളിന് 65.32 ലക്ഷം, നീര്‍ച്ചാല്‍ യു പി സ്‌കൂളിന് 73.67 ലക്ഷം, കവ്വായി യു.പി സ്‌കൂളിന് 67.68 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചത്. തെരഞ്ഞെടുത്ത ഓരോ വിദ്യാലയങ്ങളിലും  വിദ്യാര്‍ഥികളുടെ ആനുപാതിക അടിസ്ഥാനത്തില്‍ ക്ലാസ് മുറികള്‍, ലൈബ്രറി, ലാബുകള്‍, സ്റ്റാഫ് മുറികള്‍, ശുചിമുറികള്‍ എന്നിവയാണ് ഒരുക്കുന്നത്. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച പദ്ധതിയുടെ നിര്‍മ്മാണ ചുമതല കേരള തീരദേശ വികസന കോര്‍പ്പറേഷനാണ്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait