ആശങ്ക അകലുന്നില്ല: സംസ്ഥാനത്ത് ഇന്ന് 339 പേര്‍ക്ക് കൊവിഡ്; കണ്ണൂരില്‍ 8 പേര്‍ക്ക് 

സമ്പര്‍ക്കത്തിലൂടെ 133 പേര്‍ക്ക് രോഗം
Published on 09 July 2020 6:06 pm IST
×

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 339 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തിരുവനന്തപുരം- 95, മലപ്പുറം- 55, പാലക്കാട്- 50, തൃശ്ശൂര്‍- 27, ആലപ്പുഴ- 22, ഇടുക്കി- 20, എറണാകുളം- 12, കാസര്‍കോട്- 11, കൊല്ലം- 10, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 8 പേര്‍ക്ക് വീതവും, കോട്ടയം, വയനാട്, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള 7 പേര്‍ക്ക് വീതവുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. തുടര്‍ച്ചയായി രണ്ടാം ദിനമാണ് മുന്നൂറിലധികം പുതിയ രോഗികള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇന്നലെയും സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച് മുന്നൂറിലേറെ പേര്‍ക്കാണ്. 

രോഗമുക്തി നേടിയത് 149 പേരാണ്. തൃശ്ശൂര്‍- 29, പാലക്കാട്- 17, കണ്ണൂര്‍- 16, എറണാകുളം- 15, കാസര്‍കോട് 13, കൊല്ലം- 10, തിരുവനന്തപുരം- 9, കോട്ടയം- 8, ഇടുക്കി- 8, പത്തനംതിട്ട- 7, ആലപ്പുഴ- 7, മലപ്പുറം- 6, വയനാട്- 3, കോഴിക്കോട് ഒന്ന് രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്. രോഗബാധയുടെ തോത് വര്‍ധിക്കുന്നു. അതോടൊപ്പം സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിക്കുന്നവരുടെ എണ്ണവും വര്‍ധിക്കുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്ന് രോഗം ബാധിച്ചവരില്‍ 117 പേര്‍ വിദേശത്ത് നിന്ന് വന്നവര്‍. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 74 പേരെത്തി. സമ്പര്‍ക്കത്തിലൂടെ 133 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഉറവിടം അറിയാത്ത ഏഴ് പേരുണ്ട്.

നഗരങ്ങള്‍ കേന്ദ്രീകരിച്ച് മള്‍ട്ടിപിള്‍ ക്ലസ്റ്റര്‍ രൂപം കൊള്ളാനും സൂപ്പര്‍ സ്‌പ്രെഡിലേക്ക് നയിക്കാനുമുള്ള സാധ്യത വര്‍ധിക്കുന്നു. സംസ്ഥാനത്ത് പൂന്തുറയിലാണ് ആദ്യത്തെ സൂപ്പര്‍ സ്‌പ്രെഡ് ഉണ്ടായത്. ലോകാരോഗ്യ സംഘടനയുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം രോഗം പകരാനുള്ള സാധ്യത കൊവിഡിന്റെ കാര്യത്തില്‍ വലിയതോതില്‍ വര്‍ധിച്ചിരിക്കുന്നു. ആളുകള്‍ കൂട്ടംകൂടുന്നത് ഒരു കാരണവശാലും അനുവദിക്കാനാവാത്ത സ്ഥിതിയാണ്. വായു സഞ്ചാരമുള്ള മുറികളില്‍ കഴിയുക പ്രധാനം. ചില കടകളില്‍ ആളുകള്‍ കയറിയ ശേഷം ഷട്ടറുകള്‍ അടച്ചിടുന്നു. അത് പാടില്ല. വായു സഞ്ചാരം കുറയും. വായുസഞ്ചാരം കുറഞ്ഞ സ്ഥലങ്ങളില്‍ രോഗം പെട്ടെന്ന് പടരും.

പരിശോധനയുടെ തോത് വര്‍ധിച്ചു. 24 മണിക്കൂറിനിടെ 12592 സാമ്പിളുകള്‍ പരിശോധിച്ചു. 6534 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ചികിത്സയിലുള്ള 2795 പേരാണ്. 185960 പേരാണ് നിരീക്ഷണത്തിലുള്ളത്. 3261 പേര്‍ ആശുപത്രികളിലാണ്. ഇന്ന് 471 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 220677 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. 4854 സാമ്പിളുകളുടെ ഫലം വരാനുണ്ട്. ഇതുവരെ മുന്‍ഗണനാ വിഭാഗത്തിലെ 66934 സാമ്പിളുകള്‍ ശേഖരിച്ചു. 63199 നെഗറ്റീവായി. ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നു. സംസ്ഥാനത്ത് 307019 പേര്‍ക്കാണ് വിവിധ കൊവിഡ് ടെസ്റ്റുകള്‍ നടത്തിയത്. 181 ഹോട്ട്‌സ്‌പോട്ടുകള്‍.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait