സി.ബി.എസ്ഇ. സ്കൂൾ സിലബസ് 25% വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം രാഷ്ട്രീയ അജണ്ട: എം.കെ രാഘവൻ എം.പി

kannur metro
Published on 09 July 2020 4:56 pm IST
×

കോഴിക്കോട്: കോവിഡ് മഹാമാരിയുടെ മറവിൽ സി.ബി.എസ്.ഇ സ്കൂൾ സിലബസ് 25% വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം ഒരു തലമുറയോടുള്ള വെല്ലുവിളിയും രാഷ്ട്രീയ അജണ്ട നടപ്പാക്കാനുള്ള ശ്രമവുമാണെന്ന് എം.കെ രാഘവൻ എം.പി.

തീരുമാനം തിരുത്താൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രിക്കും കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രിക്കും കത്തയച്ചു.  ജനാധിപത്യവും ഇന്ത്യയുടെ വൈവിധ്യവും,  ലിംഗം-ജാതി- മതം, ജനകീയ സമരങ്ങളും പ്രസ്ഥാനങ്ങളും, ജനാധിപത്യത്തിന്റെ വെല്ലുവിളികൾ, പൗരത്വം, ദേശീയത,  മതേതരത്വം, ഫെഡറലിസം, പ്ലാനിങ്ങ് കമ്മീഷനും പഞ്ചവത്സര  പദ്ധതികളും, കർഷകരും സെമീന്ദാർമാരും സർക്കാരും, വിഭജനം, ജി.എസ്.ടി, വിദേശകാര്യം, ഡാർവിന്റെ പരിണാമ സിദ്ധാന്തം  തുടങ്ങിയവ സംബന്ധിച്ച പാഠഭാഗങ്ങളാണ് വെട്ടിമാറ്റപ്പെട്ടത് എന്നതാണ് ഗൗരവതരം. സർക്കാറിനെ നയിക്കുന്ന പ്രത്യയശാസ്ത്രത്തിന് താത്പര്യമില്ലാത്ത ഭാഗങ്ങളൊന്നും പുതുതലമുറ പഠിക്കേണ്ട എന്ന് പറയുന്നതിനോളം ജനാധിപത്യ ദുരന്തം വേറെയില്ല. മഹാമാരിയുടെ മറവിൽ തങ്ങളുടെ സ്ഥാപിത താത്പര്യം സിലബസിൽ അടിച്ചേൽപ്പിക്കുകയാണ് സർക്കാർ. ചരിത്രത്തിന്റെ കാവിവത്കരണത്തിലൂടെ ദേശീയ നേതാക്കളെ അപമാനിച്ച അതേ രീതിയാണ് ഇപ്പോഴും പിന്തുടരുന്നതെന്ന് എം പി ചൂണ്ടിക്കാട്ടി.  അക്കാദമിക സമിതികളിൽ ചർച്ച ചെയ്തും വിദഗ്ധാഭിപ്രായങ്ങൾ സ്വരൂപിച്ചും മാത്രമേ ഇത്തരം പരിഷ്കാരങ്ങൾ കൊണ്ടുവരാവൂ എന്ന് എം.കെ രാഘവൻ ആവശ്യപ്പെട്ടു.

 

 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait