യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് നേരെ പോലീസ് കൈയ്യേറ്റം

Published on 09 July 2020 3:46 pm IST
×
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് സുധീപ് ജെയിംസിനെ പോലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിൽ എടുക്കുന്നു

കണ്ണൂർ: കെ.എ.പി നാലാം ബറ്റാലിയൻ റാങ്ക് ഹോൾഡർമാർ കലക്ടറേറ്റിനു മുന്നിൽ സമരം നടത്തുമ്പോൾ സമരക്കാരുമായി സംസാരിച്ചുകൊണ്ടിരുന്ന യൂത്ത് കോൺഗ്രസ് നേതാക്കളെ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ അന്യായമായി കസ്റ്റഡിയിൽ എടുത്ത് കയ്യേറ്റം ചെയ്തു. ജില്ലാ പ്രസിഡണ്ട് സുധീപ് ജെയിംസ് സംസ്ഥാന ഭാരവാഹിയായ കെ. കമൽജിത്ത്, ജില്ലാ സെക്രട്ടറിമാരായ വി. രാഹുൽ, പ്രിനിൽ മതുക്കോത്ത് തുടങ്ങിയവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

പി.എസ്.സി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ നേതാക്കൾ കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് നേതാക്കളെ കണ്ട് സമരവുമായി ബന്ധപ്പെട്ട വിഷയം ധരിപ്പിക്കുകയും സർക്കാരിൻ്റെ അവഗണനക്കെതിരെ പിന്തുണ അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. പി.എസ്സ്.സി റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടക്കാത്തതിനാൽ യുവജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുത്ത് യൂത്ത് കോൺഗ്രസ് സമരം നടത്തിയിരുന്നു. കലക്ട്രേറ്റിന് മുൻപിൽ സമരക്കാരുമായി സംസാരിച്ചു കൊണ്ടിരിക്കുന്ന നേതാക്കളെ പോലീസ് അന്യായമായി കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയായിരുന്നു. ഇതിനിടയിൽ സമരക്കാർ കലക്ടറേറ്റിന് സമീപത്തുള്ള കെട്ടിടത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ സാഹചര്യവും നിലവിലുണ്ടായിരുന്നു.

നേതാക്കളെ അന്യായമായി കസ്റ്റഡിയിൽ എടുത്ത പോലിസ് നടപടി തെമ്മാടിത്തം: സതീശൻ പാച്ചേനി    

സംസ്ഥാന സർക്കാരിൻ്റെ നിയമന നിരോധനത്തിനെതിരെ സമരരംഗത്തുളള യുവജന നേതാക്കളെ പോലീസിനെക്കൊണ്ട് പീഡിപ്പിക്കുന്ന സർക്കാർ സമീപനമാണ്  ഇതിലൂടെ വ്യക്തമായതെന്നും പോലീസ് നടപടി തെമ്മാടിത്തമാണെന്നും ഡി.സി.സി പ്രസിഡൻ്റ് സതീശൻ പാച്ചേനി പറഞ്ഞുപി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉള്ള അഭ്യസ്തവിദ്യരായ യുവാക്കളോട് അനീതി കാട്ടുന്ന സർക്കാർ നയത്തിനെതിരെ ശക്തമായി സമര രംഗത്തുള്ള യൂത്ത് കോൺഗ്രസ് നേതാക്കളെ അന്യായമായി കസ്റ്റഡിയിൽ എടുത്തു പീഡിപ്പിച്ച പോലീസ് നടപടിക്കെതിരേ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്ന് വരണമെന്നും റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്താതെ പിൻവാതിലിലൂടെ നിയമനം നടത്തുന്ന സർക്കാറിനെതിരെ യുവജനത ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും സതീശൻ പാച്ചേനി ആവശ്യപ്പെട്ടു.


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait