കാസര്‍കോട് ജില്ലയില്‍ ഇന്നുമുതല്‍ കര്‍ശന നിയന്ത്രണം 

Published on 09 July 2020 7:30 am IST
×

കാസര്‍കോട്: കാസര്‍കോട് കൊവിഡ് ബാധിച്ച് ഒരാള്‍ മരിച്ചതോടെ മുന്‍കരുതല്‍ നടപടി ശക്തമാക്കി ജില്ലാ ഭരണകൂടം. പഴം, പച്ചക്കറി അടക്കമുള്ള ചരക്ക് വാഹനങ്ങള്‍ക്ക് ഇന്നുമുതല്‍ പ്രത്യേക പാസ് ഉണ്ടെങ്കില്‍ മാത്രമെ അതിര്‍ത്തി കടക്കാനാകു. ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമായി അടുത്തിടപഴകിയവരുടെ പരിശോധനാഫലം ഇന്നുമുതല്‍ വന്നു തുടങ്ങും.

കാസര്‍കോടിന് അപ്പുറം ദക്ഷിണ കന്നഡയില്‍ കൊവിഡ് രോഗം പടരുകയാണ്. അതുകൊണ്ടു തന്നെ കര്‍ശന മുന്‍കരുതല്‍ നടപടി സ്വീകരിക്കണമെന്നാണ് കാസര്‍കോട് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. അതിര്‍ത്തി ഗ്രാമങ്ങളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ തിരിച്ചറിയല്‍ കാര്‍ഡില്ലാതെ വരുന്ന രോഗികളെ ഇന്നുമുതല്‍ ചികിത്സിക്കില്ല. കര്‍ണാടകയില്‍ നിന്നും കോവിഡ് രോഗലക്ഷണമുള്ളവര്‍ വ്യാജ വിലാസത്തിലെത്തി ചികിത്സ തേടുന്നതിനാലാണിത്. കര്‍ണാടകയിലേക്ക് പോകുന്ന വാഹനങ്ങള്‍ക്കും നിയന്ത്രണമുണ്ട്. നിലവില്‍ മൂന്ന് വഴികളിലൂടെ യാത്ര ചെയ്യാമെങ്കിലും ഇന്നുമുതല്‍ കര്‍ണാടകയില്‍ പോയി ചരക്കെടുക്കുന്ന പഴം, പച്ചക്കറി വണ്ടികള്‍ക്കും പാസ് വേണം. സഞ്ചരിക്കുന്നവരെ പരിശോധിച്ച ഡോക്ടറുടെ റിപ്പോര്‍ട്ടും മോട്ടോര്‍ വാഹനവകുപ്പിന്റെ അുനുമതിയും അടങ്ങിയതാണ് പാസ്.

ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാനും ഇനി ആരെയും ജൂലൈ 31 വരെ അനുവദിക്കേണ്ടെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. നിലവില്‍ പാസ് അനുവദിച്ചവരില്‍ അഞ്ചുപേര്‍ക്ക് മാത്രമെ അനുമതിയുണ്ടാകൂ. ഉറവിടമറിയാതെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ നാനൂറിലധികം പേരുടെ പരിശോധനാ ഫലമാണ് ഏറ്റവും നിര്‍ണ്ണായകം. ഇന്നുമുതല്‍ അത് വന്നു തുടങ്ങും.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait