എരുവട്ടി കുടിവെള്ള പദ്ധതി: പ്രവൃത്തി നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

പദ്ധതിയിലൂടെ ശുദ്ധജലം ലഭിക്കുക 4000 ല്‍ അധികം കുടുംബങ്ങള്‍ക്ക്
Published on 08 July 2020 8:13 pm IST
×

തലശ്ശേരി: പിണറായി പഞ്ചായത്തിലെ എരുവട്ടി വില്ലേജില്‍ നടപ്പാക്കുന്ന കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. രാവിലെ 11 മണിക്ക് പന്തക്കപ്പാറ ശ്രീനാരായണ വായനശാലയില്‍ ഓണ്‍ലൈനായി നടക്കുന്ന ചടങ്ങില്‍ ജല വിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അധ്യക്ഷനാകും. 

10 കോടി രൂപ ചെലവിലാണ് പ്രദേശത്തെ 4000 ല്‍ അധികം കുടുംബങ്ങള്‍ക്ക് പ്രയോജനകരമാകുന്ന പദ്ധതി നടപ്പാക്കുന്നത്. വില്ലേജിലെ 17,612 ആളുകളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. വേനല്‍ക്കാലത്ത് പ്രദേശത്ത് അനുഭവപ്പെടുന്ന രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. നിലവില്‍ മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ പഞ്ചായത്ത് മുഖേന ലോറിയിലാണ് പ്രദേശത്തെ ജനങ്ങള്‍ക്കാവശ്യമായ കുടിവെള്ളം ലഭ്യമാക്കുന്നത്. അഞ്ചരക്കണ്ടി പഞ്ചായത്തിനും സമീപ പഞ്ചായത്തുകള്‍ക്കും വേണ്ടി നേരത്തേ നടപ്പിലാക്കിയ സമഗ്ര കുടിവെള്ള പദ്ധതിയില്‍ എരുവട്ടി വില്ലേജിന് വേണ്ടി മുള്ളന്‍കുന്നില്‍ 6.50 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ഉപരിതല സംഭരണി നിര്‍മ്മിക്കുകയും ഈ സംഭരണിയില്‍ നിന്ന് വില്ലേജിലേക്കാവശ്യമായ 23.6 ലക്ഷം ലിറ്റര്‍ കുടിവെള്ളം എത്തിക്കുന്ന പൈപ്പുകളുടെ പ്രവൃത്തിയും പൂര്‍ത്തീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ പ്രദേശത്ത് നിലവിലുള്ള ഗ്രാമീണ കുടിവെള്ള പദ്ധതിയിലെ വിതരണ ശൃംഖലയുടെ അപര്യാപ്തത കാരണം ജല വിതരണം കാര്യക്ഷമമാക്കാന്‍ സാധിച്ചിരുന്നില്ല. 

340 ഗാര്‍ഹിക കണക്ഷനുകളും 30 പൊതു ടാപ്പുകളും മാത്രമാണ് വില്ലേജില്‍ നിലവിലുള്ളത്. ഇതിന് പരിഹാരമായി വില്ലേജിലെ മുഴുവന്‍ ജനങ്ങള്‍ക്കും പ്രതിദിനം ഒരാള്‍ക്ക് 100 ലിറ്റര്‍ എന്ന നിലയില്‍ ശുദ്ധജലമെത്തിക്കാനാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പിണറായി പഞ്ചായത്തിലെ 3000 വീടുകളിലേക്കാണ് പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ കുടിവെള്ള കണക്ഷന്‍ നല്‍കുക. ഒന്‍പത് മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് തീരുമാനം. സംസ്ഥാന പദ്ധതിയിലുള്‍പ്പെടുത്തിയാണ് ജല വിഭവ വകുപ്പ് പദ്ധതി നടപ്പാക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait