തീരദേശ മേഖലകളിലെ 11 വിദ്യാലയങ്ങള്‍ക്ക് 13 കോടി രൂപയുടെ വികസന പദ്ധതി; ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിര്‍വ്വഹിക്കും

Published on 08 July 2020 6:48 pm IST
×

കണ്ണൂര്‍: ജില്ലയിലെ തീരദേശ മേഖലകളിലെ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന് 13 കോടിയിലധികം രൂപയുടെ പദ്ധതി. തെരഞ്ഞെടുത്ത 11 വിദ്യാലയങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഏഴ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍, രണ്ട് യു.പി സ്‌കൂളുകള്‍, രണ്ട് എല്‍.പി സ്‌കൂളുകള്‍ എന്നിവിടങ്ങളിലാണ് വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്.

കൊടുവള്ളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് രണ്ട് കോടി, മുഴപ്പിലങ്ങാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് 1.13 കോടി, പാലിയാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് 81.13 ലക്ഷം, സിറ്റി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് 1.4 കോടി, എട്ടിക്കുളം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് 1.35 കോടി, മാടായി ഗേള്‍സ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് 2.03 കോടി, രാമന്തളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് 1.4 കോടി രൂപയും എല്‍.പി സ്‌കൂളുകളായ ചാലില്‍ ഗോപാല്‍പേട്ട സ്‌കൂളിന് 74.01 ലക്ഷം, നീര്‍ക്കടവ് സ്‌കൂളിന് 65.32 ലക്ഷം, നീര്‍ച്ചാല്‍ യു.പി സ്‌കൂളിന് 73.67 ലക്ഷം, കവ്വായി യു.പി സ്‌കൂളിന് 67.68 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചത്.

തെരഞ്ഞെടുത്ത ഓരോ വിദ്യാലയങ്ങളിലും വിദ്യാര്‍ഥികളുടെ ആനുപാതിക അടിസ്ഥാനത്തില്‍ ക്ലാസ് മുറികള്‍, ലൈബ്രറി, ലാബുകള്‍, സ്റ്റാഫ് മുറികള്‍, ശുചിമുറികള്‍ എന്നിവയാണ് ഒരുക്കുന്നത്. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച പദ്ധതിയുടെ നിര്‍മ്മാണ ചുമതല കേരള തീരദേശ വികസന കോര്‍പ്പറേഷനാണ്. പദ്ധതിയുടെ ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിക്കും. നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, ധനകാര്യവകുപ്പ് മന്ത്രി ടി.എം തോമസ് ഐസക്, വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥ്, എം.എല്‍.എമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait