സി.ബി.എസ്.ഇ ഒമ്പത് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സിലബസ് 30 ശതമാനം വെട്ടിക്കുറച്ചു  

Published on 08 July 2020 7:23 am IST
×

ദില്ലി: കൊവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സിലബസ് 30 ശതമാനം വെട്ടിക്കുറച്ച് സി.ബി.എസ്.ഇ. എന്നാല്‍ പ്രധാന പാഠഭാഗങ്ങളെല്ലാം നിലനിര്‍ത്തുമെന്നും സി.ബി.എസ്.ഇ വ്യക്തമാക്കി. ഒമ്പതാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സിലബസ്സിലാണ് കാര്യമായ വെട്ടിക്കുറയ്ക്കല്‍ നടത്തിയത്. 

കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ കഴിഞ്ഞ നാല് മാസമായി അടഞ്ഞു കിടക്കുകയാണ്. ഈ സാഹചര്യത്തിലാണ് സി.ബി.എസ്.ഇ സ്‌കൂള്‍ സിലബസ് കാര്യമായി പരിഷ്‌കരിക്കാന്‍ ഒരുങ്ങുന്നത്. പഠന ഭാരവും, പഠിപ്പിക്കാന്‍ അധ്യാപകരുടെ മേല്‍ വരുന്ന ഭാരവും കുറയ്ക്കാനാണ് തീരുമാനമെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേശ് പൊക്രിയാല്‍ നിഷാങ്ക് വ്യക്തമാക്കി. 'പ്രധാന പാഠഭാഗങ്ങളും വിഷയങ്ങളും സിലബസ്സില്‍ നിലനിര്‍ത്തും. ഉപരിപഠനത്തിന് തടസ്സമുണ്ടാകാത്ത രീതിയിലാകും സിലബസ് പരിഷ്‌കരണം', എന്നും മന്ത്രി അറിയിച്ചു. 

സി.ബി.എസ്.ഇ പാഠഭാഗങ്ങളില്‍ കാര്യമായ പരിഷ്‌കരണം വരുത്തണമെന്ന് നേരത്തേ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആവശ്യപ്പെട്ടിരുന്നു. മാര്‍ച്ച് 16 മുതല്‍ രാജ്യത്തെ എല്ലാ സര്‍വകലാശാലകളും സ്‌കൂളുകളും അടഞ്ഞു കിടക്കുകയാണ്. കൊവിഡ് വ്യാപനം തടയുന്നതിന്റെ  ഭാഗമായിരുന്നു ഈ നടപടി. പിന്നീട് മാര്‍ച്ച് 24-ന് രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. മൂന്ന് തവണ ഇത് നീട്ടുകയും പിന്നീട് അണ്‍ലോക്ക് പ്രക്രിയ ആരംഭിക്കുകയും ചെയ്‌തെങ്കിലും സ്‌കൂളുകളും കോളേജുകളും അടഞ്ഞുതന്നെ കിടക്കുകയാണ്. 

ഈ സാഹചര്യത്തില്‍ ബാക്കി വന്ന പരീക്ഷകള്‍ സി.ബി.എസ്.ഇ റദ്ദാക്കിയിരുന്നു. പുതുക്കിയ മൂല്യനിര്‍ണയത്തിന് മാനദണ്ഡങ്ങള്‍ പുറത്തിറക്കുകയും ചെയ്തു. ഇത് സുപ്രീംകോടതി അംഗീകരിക്കുക കൂടി ചെയ്തതോടെ, ഫലം ജൂലൈ രണ്ടാം വാരത്തോടെ പുറത്തുവരുമെന്നതാണ് സൂചന. ഐ.സി.എസ്.ഇയും സമാനമായ രീതിയില്‍ സിബലസ് വെട്ടിക്കുറച്ചിരുന്നു. 25 ശതമാനമാണ് ഐ.സി.എസ്.ഇ സിലബസ് വെട്ടിക്കുറച്ചത്. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ വഴി പല സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകളും ക്ലാസുകള്‍ തുടങ്ങിയെങ്കിലും ഫലപ്രദമായ രീതിയില്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഇത് എത്തിക്കുന്നതിലുള്ള പ്രശ്‌നങ്ങളുള്ളതിനാലും നേരിട്ടുള്ള ക്ലാസ്സുകള്‍ നടത്തുന്നതില്‍ ബുദ്ധിമുട്ടുള്ളതിനാലും സിലബസ് കുറയ്ക്കുന്നുവെന്നാണ് ബോര്‍ഡുകള്‍ വ്യക്തമാക്കുന്നത്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait