അഴിയൂരില്‍ സുഭിക്ഷ കേരളം പദ്ധതിയുമായി തൊഴിലുറപ്പ് പദ്ധതിയെ സംയോജിപ്പിക്കും 

Published on 08 July 2020 7:04 am IST
×

അഴിയൂര്‍: പഞ്ചായത്തിന്റെ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയുമായി തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ സംയോജിപ്പിക്കാന്‍ പഞ്ചായത്തില്‍ ചേര്‍ന്ന തൊഴിലുറപ്പ് മേറ്റുമാരുടെ യോഗത്തില്‍ തീരുമാനമായി. കാര്‍ഷിക മേഖല, മൃഗ സംരക്ഷണ മേഖല, ഫിഷറീസ് മേഖല എന്നിവയിലെ പദ്ധതികള്‍ക്കായി 25 ലക്ഷം രൂപ സുഭിക്ഷ കേരളത്തിനായി പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ട്. 

ആദ്യ ഘട്ടത്തില്‍ ഗുണഭോക്താക്കളെ വാര്‍ഡുതലത്തില്‍ തിരഞ്ഞെടുത്തിട്ടുണ്ട്. ഗ്രാമസഭ നടത്താന്‍ സാധിക്കാത്തതിനാല്‍ വാര്‍ഡ് വികസന സമിതി ചേര്‍ന്നാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്. കാര്‍ഷിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍, കോഴിക്കൂട്, ആട്ടിന്‍കൂട്, തൊഴുത് എന്നിവ നിര്‍മ്മിക്കുന്നതിന് സുഭിക്ഷ കേരളം പദ്ധതിയിലെ ഗുണഭോക്താക്കള്‍ക്ക് ആവശ്യമായ സഹായം തൊഴിലുറപ്പിലൂടെ നല്‍കുന്നതാണ്. ഇതിനായി സുഭിക്ഷ കേരളം പദ്ധതിയുടെ ഗുണഭോക്താക്കളെ തൊഴിലുറപ്പ് പദ്ധതിയില്‍ അഡീഷണല്‍ ആക്ഷന്‍ പ്ലാനില്‍ ഉള്‍പ്പെടുത്തുന്നതാണ്. 

മാറ്റുമാരുടെ യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് വി.പി ജയന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുല്‍ ഹമീദ്, അസി. സെക്രട്ടറി പി. ജോതിഷ്, ഓവര്‍സിയര്‍ കെ. രഞ്ജിത്ത് കുമാര്‍ എന്നിവര്‍ സംസാരിച്ചു. കൂടാതെ ജെ.പി.സിയുടെ (ജോയിന്റ് പ്രോഗ്രാം കമ്മീഷണര്‍) പഞ്ചായത്തില്‍ വന്നപ്പോള്‍ തന്ന നിര്‍ദ്ദേശങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്ത് താഴെ പറയുന്ന ടാര്‍ജറ്റ് ഈവര്‍ഷം പൂര്‍ത്തീകരിക്കുവാന്‍ തീരുമാനിച്ചു. പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ എം.സി.എഫ് നിര്‍മ്മിക്കുന്നതിനും, കേര നഴ്‌സറി, സോക്ക്പിറ്റ്, കമ്പോസ്റ്റ് പിറ്റ്, റീചാര്‍ജ് പിറ്റ്, ഫാം പോണ്ട്, കിണര്‍, മത്സ്യക്കുളം എന്നിവ നിര്‍മിക്കുന്നതിനും പച്ചത്തുരുത്ത് പ്രവര്‍ത്തനം ഓരോ മാസവും വിലയിരുത്തുന്നതിനും തീരുമാനിച്ചു
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait