വീടണയാന്‍ കിയോസ് കൂടെയുണ്ട്; കണ്ണൂര്‍ കൂട്ടായ്മയുടെ ചാര്‍ട്ടേഡ് ഫ്‌ളൈറ്റ് ഇന്ന് റിയാദില്‍ നിന്ന് പുറപ്പെടും

Published on 30 June 2020 12:38 pm IST
×

കണ്ണൂര്‍: കൊവിഡ് ദുരന്തകാലത്ത് പ്രവാസത്തിന്റെ അഭയമായി മാറി റിയാദിലെ കണ്ണൂരുകാരുടെ പ്രവാസി കൂട്ടായ്മ കിയോസ്. കിയോസ് ചെയര്‍മാന്‍ ഡോ. എന്‍.കെ സൂരജിന്റെ നേതൃത്വത്തിലുള്ള റിയാദ് വില്ലാസും കിയോസും സംയുക്തമായി ചാര്‍ട്ടേഡ് ഫ്ളൈറ്റൊരുക്കി പ്രവാസികളെ നാട്ടിലെത്തിക്കുകയാണ്. ചാര്‍ട്ടര്‍ ചെയ്ത രണ്ട് ഫ്‌ളൈറ്റുകളില്‍ ആദ്യത്തേത് ഇന്ന് റിയാദില്‍ നിന്ന് യാത്ര തിരിക്കും. ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് റിയാദില്‍ നിന്ന് 165 യാത്രക്കാരുമായി ഫ്ളൈനാസ് എയര്‍ലൈന്‍സിന്റെ എക്‌സ്.വൈ 345 നമ്പര്‍ ചാര്‍ട്ടേഡ് വിമാനം നാളെ പുലര്‍ച്ചെ 1.40-ന് കോഴിക്കോട്ടിറങ്ങും. 

സാമ്പത്തികമായി കടുത്ത വിഷമം അനുഭവിക്കുന്ന നിശ്ചിത യാത്രക്കാര്‍ക്ക് സൗജന്യ ടിക്കറ്റും പ്രയാസപ്പെടുന്നവര്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവും നല്‍കിയാണ് പ്രവാസികളെ നാട്ടിലെത്തിക്കുന്നത്. രജിസ്ട്രേഷന്‍ നടത്തി മുന്‍ഗണനാ അടിസ്ഥാനത്തിലാണ് ഗര്‍ഭിണികള്‍ അടക്കമുള്ള യാത്രക്കാരെ തിരഞ്ഞെടുത്തത്. നാട്ടുകാര്‍ക്ക് മാതൃ രാജ്യത്തേക്ക് മടങ്ങാന്‍ ചാര്‍ട്ടേഡ് വിമാനം ഒരുക്കാന്‍ സ്വന്തം കമ്പനിയുടെ പേരില്‍ അനുമതി ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് വിദേശത്തും അതോടൊപ്പം സ്വന്തം നാടായ കണ്ണൂരിലും ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമായ റിയാദ് വില്ലാസ് സി.ഇ.ഒയും കിയോസ് ചെയര്‍മാനുമായ ഡോ. എന്‍.കെ സൂരജ് പറഞ്ഞു. വിമാനത്തിന് അനുമതി നല്‍കി സഹായിച്ച കേന്ദ്ര, കേരള സര്‍ക്കാരിനും ഇന്ത്യന്‍ എംബസി, നോര്‍ക്ക അധികാരികള്‍ക്കുള്ള നന്ദിയും അദ്ദേഹം അറിയിച്ചു. യാത്രക്കാര്‍ക്ക് ആവശ്യമായ കോവിഡ് സേഫ്റ്റി ഉപകരണങ്ങള്‍, റിഫ്രഷ്‌മെന്റ് എന്നിവയും വിതരണം ചെയ്തു. യാത്രയിലും നാട്ടിലും പാലിക്കേണ്ട കൊവിഡ് മുന്‍കരുതലുകള്‍ പരിശീലനം ലഭിച്ച വളണ്ടിയര്‍മാര്‍ യാത്രക്കാരെ അറിയിച്ചു. കിയോസ് ഭാരവാഹികളായ നവാസ് കണ്ണൂര്‍, ഷൈജു പച്ച, പി. വിഗേഷ് തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. 

ലോക കേരളസഭാംഗം എന്ന നിലയിലും നോര്‍ക്ക ഹെല്‍പ്പ് ലൈനുമായും ബന്ധപ്പെട്ട് സജീവമായി ഇടപെട്ട് പ്രവര്‍ത്തിക്കുന്ന ഡോ. എന്‍.കെ  സൂരജ് പ്രവാസികളുമായി ബന്ധപ്പെട്ട് കോവിഡ് കാലത്ത് ഒരുപാട് പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തി നല്‍കിയിട്ടുണ്ട്. സ്വന്തം നിലയിലും സൂരജ് കുറച്ചുപേരെ മറ്റു രാജ്യങ്ങളില്‍ നിന്നും നാട്ടിലെത്തിച്ചിട്ടുണ്ട്. ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കി അവരെല്ലാം സജീവമായി തുടങ്ങിയിട്ടുണ്ട്. കൈരളി ടെലിവിഷനുമായി ചേര്‍ന്ന് പ്രവാസികളെ നാട്ടിലെത്തിക്കുന്ന പദ്ധതിയില്‍ പത്ത് ടിക്കറ്റുകള്‍ നല്‍കിയും ഡോ. എന്‍.കെ സൂരജ് തന്റെ സഹാനുഭൂതി വെളിവാക്കിയിട്ടുണ്ട്. കണ്ണൂരില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന ദയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ചെയര്‍മാന്‍ കൂടിയായ ഡോ. എന്‍.കെ സൂരജ് കേരള സ്റ്റേറ്റ് അമേച്വര്‍ ബോക്സിംഗ് അസോസിയേഷന്‍ പ്രസിഡന്റ് കൂടിയാണ്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait