രാജ്യത്ത് 24 മണിക്കൂറിനിടെ 18,000 കൊവിഡ് രോഗികള്‍; 418 പേര്‍ മരണമടഞ്ഞു 

കൊവിഡ് രോഗികള്‍ അഞ്ചരലക്ഷം കടന്നു
Published on 30 June 2020 11:31 am IST
×

ദില്ലി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം അഞ്ചര ലക്ഷം കടന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകളനുസരിച്ച് 5,66,840 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കുള്ളില്‍ 18,522 പേര്‍ക്ക് രോഗബാധയുണ്ടായി. 418 പേര്‍ മരിച്ചു. ഇതുവരെ 16,893 പേരാണ് കൊവിഡിന് കീഴടങ്ങിയത്. നിലവില്‍ രോഗികള്‍ 2,15125 ആണ്. അതേസമയം 3,34821 പേര്‍ രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 58 ശതമാനമായി ഉയര്‍ന്നു. 

ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് പ്രതിരോധ മേഖലയിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് രോഗബാധ കൂടുന്നത് രാജ്യത്ത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. രാജ്യതലസ്ഥാനത്തെ കൊവിഡ് ആശുപത്രികള്‍ ഉള്‍പ്പെടെ 14 ആശുപത്രികളില്‍ മാത്രം ഇതുവരെ രോഗികളായത് 2109 ആരോഗ്യപ്രവര്‍ത്തകരാണ്. ഇതില്‍ 18 ആരോഗ്യപ്രവര്‍ത്തകര്‍ മരിച്ചു. ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ രോഗികളായത് ദില്ലി എംയിസിലാണ്. 769 പേര്‍ക്കാണ് ഇവിടെ രോഗബാധയുണ്ടായത്. രോഗബാധിതര്‍ ഏറ്റവും കൂടുതല്‍ മഹാരാഷ്ട്രയിലാണ്. ആകെ 1,69,883 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ രോഗികളായത്. ഇന്നലെ മാത്രം 5257 പേര്‍ രോഗികളായി. അതേസമയം ദില്ലിയെ പിന്നിലാക്കി തമിഴ്‌നാട് രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് എത്തി. 86,224 പേരാണ് ഇതുവരെ തമിഴ്‌നാട്ടില്‍ രോഗികളായത്. ദില്ലിയില്‍ 85, 161 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യം കണക്കിലെടുത്ത് മഹാരാഷ്ട്രയും തമിഴ്‌നാടും അടുത്ത മാസം 31 വരെ ലോക്ഡൗണ്‍ നീട്ടി.

ഇതിനിടെ കൊവിഡ് 19 പ്രതിരോധത്തിനായുള്ള ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കുന്നതിനുള്ള അനുമതി ഡി.സി.ജി.ഐ നല്‍കിയതായി കമ്പനി അറിയിച്ചു. ഒന്നും രണ്ടും ഘട്ടങ്ങളിലായാണ് ഈ വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കുക. ജൂലൈ മുതല്‍ തന്നെ വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി പൂനെ എന്നിവയുമായി സഹകരിച്ചാണ് ഭാരത് ബയോടെക്ക് വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait