പെണ്‍കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് വിലപേശല്‍; ബി.ഡി.എസ് വിദ്യാര്‍ത്ഥി അറസ്റ്റില്‍ 

Published on 29 June 2020 8:29 pm IST
×

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് വിലപേശല്‍ പതിവാക്കിയ ബി.ഡി.എസ് വിദ്യാര്‍ത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു. ചീമേനി സ്വാമിമുക്ക് സ്വദേശിയും കാസര്‍കോട് ചെമ്പ്രകാനത്ത് വാടക വീട്ടില്‍ താമസക്കാരനുമായ ശാന്തിഷ് ലാല്‍ (21) ആണ് അറസ്റ്റിലായത്. 

കണ്ണൂര്‍ കണ്‍ട്രോള്‍ റൂം എസ്.എച്ച് ഇന്‍സ്പെക്ടര്‍ കെ.പി അഭിലാഷ്, പയ്യന്നൂര്‍ എസ്.ഐ പി. ബാബുമോന്‍ എന്നിവര്‍ ചേര്‍ന്നാണ് വിദ്യാര്‍ഥിയെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തത്. എറണാകുളത്ത് ദന്തല്‍ കോളേജില്‍ ഒന്നാംവര്‍ഷ ബി.ഡി.എസ് വിദ്യാര്‍ത്ഥിയായ ഇയാള്‍ അടുത്ത കാലത്തായി കാസര്‍കോട് ചീമേനി ചെമ്പ്രകാനത്തെ വാടക വീട്ടില്‍ കഴിയുകയാണ്. കേരള പോലീസിന്റെ ഓപ്പറേഷന്‍ പി- ഹണ്ടിന്റെ ഭാഗമായി സൈബര്‍ സെല്‍ നടത്തിയ നിരീക്ഷണത്തിലാണ് വിദ്യാര്‍ഥി കുടുങ്ങിയത്. പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങള്‍ മോര്‍ഫ് ചെയ്തും മറ്റും നിര്‍മ്മിക്കുകയും അത് പലരെയും കാണിച്ച് പെണ്‍കുട്ടിയെ ലഭ്യമാക്കാമെന്ന് പറഞ്ഞ് വിലപേശല്‍ നടത്തുകയും ചെയ്യുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 

തിരുവനന്തപുരം സൈബര്‍ സെല്‍ ഏറെ നാളായി ഇയാളെ നിരീക്ഷണത്തിന് വിധേയനാക്കിയിരുന്നു. അശ്ലീല വെബ് സൈറ്റുകളുടെ അമിത ഉപയോഗമാണ് നിരീക്ഷിക്കാനിടയാക്കിയത്. സംസ്ഥാനത്ത് ഓപ്പറേഷന്‍ പി- ഹണ്ടിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തില്‍ കുട്ടികളുടെ അശ്ലീല ചിത്രം പ്രചരിപ്പിച്ച 47 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait