സംസ്ഥാനത്ത് ഇന്ന് 121 പേര്‍ക്ക് കൊവിഡ്; കണ്ണൂരില്‍ 14 പേര്‍ക്ക് 

Published on 29 June 2020 6:05 pm IST
×

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 121 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തൃശ്ശൂര്‍- 26, കണ്ണൂര്‍- 14, പത്തനംതിട്ട, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 13 പേര്‍ക്ക് വീതവും, പാലക്കാട്- 12, കൊല്ലം- 11, കോഴിക്കോട്- 9, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, തിരുവനന്തപുരം, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.  

ഇതില്‍ 78 പേര്‍ വിദേശത്ത് നിന്ന് വന്നതാണ്. 26 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരും. സമ്പര്‍ക്കം വഴി 5 പേര്‍ക്കും. രോഗബാധിതരില്‍ മൂന്നുപേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. ഒന്‍പത് സി.ഐ.എസ്.എഫുകാര്‍ക്കും രോഗം സ്ഥിരീകരിച്ചു. 79 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം- 3, കൊല്ലം- 18, ആലപ്പുഴ, കോട്ടയം 8 വീതം, എറണാകുളം- 4, തൃശൂര്‍- 5, പാലക്കാട്- 3, കോഴിക്കോട്- 8, മലപ്പുറം- 7, കണ്ണൂര്‍- 13, കാസര്‍കോട്- 2. അതേസമയം, 24-ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മരിച്ച തമിഴ്‌നാട് സ്വദേശി, ഹരസാഗരന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നാണ് ഫലം വന്നത്. 

സംസ്ഥാനത്ത് ഇന്നലത്തെ കണക്കനുസരിച്ച് രോഗികളുടെ എണ്ണം രണ്ടായിരം കടക്കുകയും, തുടര്‍ച്ചയായ പത്താം ദിവസവും പുതുതായി രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 100 കടക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 5244 സാമ്പിളുകള്‍ പരിശോധിച്ചു. ഇതുവരെ 4311 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 2057 പേരാണ് ചികിത്സയിലുള്ളത്. 2662 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. 286 പേരെ ഇന്ന് ആശുപത്രിയിലേക്ക് മാറ്റി. എല്ലാ ഇനത്തിലുമായി 2,64,727 പേരില്‍ നിന്നും സാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു.

സ്വകാര്യ ലാബുകള്‍ കൂടി 1,71,846 വ്യക്തികളുടെ സാമ്പിള്‍ പരിശോധിച്ചതില്‍ 2774 എണ്ണത്തില്‍ ഫലം ഇനിയും വരാനുണ്ട്. സെന്റിനല്‍സ് സര്‍വ്വേ വഴി മുന്‍ഗണനാ വിഭഗത്തില്‍പ്പെട്ട 46689 സാമ്പിളുകള്‍ ശേഖരിച്ചു. അതില്‍ 45065 എണ്ണം നെഗറ്റീവായി. സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 118 ആയി. മലപ്പുറത്തെ പൊന്നാനി താലൂക്കില്‍ ഇന്ന് വൈകിട്ട് അഞ്ച് മുതല്‍ ജൂലൈ ആറ് അര്‍ധരാത്രി വരെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കും. ധാരാളമായി കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മേഖലകളില്‍ വ്യാപകമായി കൊവിഡ് പരിശോധന നടത്തും. രോഗലക്ഷണമുള്ളവര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ബാങ്ക് ജീവനക്കാര്‍, ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാര്‍ എന്നിവര്‍ക്ക് ലക്ഷണം ഇല്ലെങ്കിലും പരിശോധന നടത്തും. മാര്‍ക്കറ്റുകളിലും പരിശോധനം നടത്തും.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait