കൊട്ടിയൂര്‍ വൈശാഖ മഹോത്സവം സമാപിച്ചു

Published on 29 June 2020 5:51 pm IST
×

കൊട്ടിയൂര്‍: ഭക്തജനങ്ങളുടെ അസാന്നിധ്യത്തില്‍ ഓംകാര ശബ്ദമില്ലാത്ത അന്തരീക്ഷത്തില്‍ കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന് പരിസമാപ്തി. അക്കര കൊട്ടിയൂര്‍ സന്നിധിയിലെ സ്വയംഭൂവില്‍ നടന്ന കളഭാഭിഷേകത്തോട് കൂടിയാണ് കൊട്ടിയൂര്‍ വൈശാഖ മഹോത്സവം സമാപിച്ചത്. 

തിങ്കളാഴ്ച വാകച്ചാര്‍ത്തോടു കൂടിയാണ് തൃക്കലശാട്ട ചടങ്ങുകള്‍ക്ക് തുടക്കമായത്. സ്വയംഭൂവിനു സമീപത്തെ വിളക്കുകളില്‍ നിന്നും തേങ്ങാമുറികളിലേക്ക് നാളം പകര്‍ന്ന ശേഷം വിളക്കുകള്‍ അണച്ചു. ഇതോടൊപ്പം അക്കരെ സന്നിധാനത്തെ എല്ലാ വിളക്കുകളും അണച്ച ശേഷം നമ്പീശന്‍, വാരിയര്‍ എന്നിവരുടെ നേതൃത്വത്തില്‍ ശ്രീകോവിലിന്റെ നാലു തൂണുകള്‍ കടപുഴക്കിയെടുത്ത് തിരുവഞ്ചിറയിലിട്ടു. ഇതോടെ മണിത്തറ തൃക്കലശാട്ടിന് ഒരുങ്ങി. കലശ മണ്ഡപത്തില്‍ പൂജിച്ചുവെച്ച കളഭ കുംഭങ്ങള്‍ മുഖ മണ്ഡപത്തിലേക്ക് എഴുന്നള്ളിച്ച ശേഷം തന്ത്രിമാരുടെ കാര്‍മികത്വത്തില്‍ സ്വയംഭൂവില്‍ കളഭാട്ടം നടന്നു. തുടര്‍ന്ന് ബ്രാഹ്മണരുടെ സമൂഹ പുഷ്പാഞ്ജലിയും തന്ത്രിയുടെ പൂര്‍ണ പുഷ്പാഞ്ജലിയും കഴിഞ്ഞതിനു ശേഷം  തീര്‍ഥവും പ്രസാദവും ആടിയ കളഭവും പ്രസാദമായി നല്‍കി. തുടര്‍ന്ന് കുടിപതി സ്ഥാനികര്‍ക്കായി തിടപ്പള്ളിയില്‍ തണ്ടിന്മേല്‍ ഊണ് എന്ന ചടങ്ങും നടന്നു. ഒരു ചെമ്പ് നിവേദ്യച്ചോറും കടുംപായസവും ഉപ്പും മുളകും ചേര്‍ത്ത് തിടപ്പള്ളിയില്‍ ഇരുന്ന് കുടിപതി സ്ഥാനികര്‍ കഴിക്കുന്ന ചടങ്ങാണ് തണ്ടുമ്മല്‍ ഊണ് എന്ന പേരില്‍ അറിയപ്പെടുന്നത്. 

ഇതിനുശേഷം വയനാട്ടിലെ മുതിരേരി ക്ഷേത്രത്തില്‍ നിന്നും എഴുന്നള്ളിച്ചു കൊണ്ടുവന്ന വാള്‍ തിരികെ മുതിരേരിയിലേക്ക് എഴുന്നള്ളിച്ചു. അതോടൊപ്പം തന്നെ ഭണ്ഡാരങ്ങളും അക്കരെ ക്ഷേത്ര സന്നിധിയില്‍ നിന്നും എഴുന്നള്ളിച്ചു. തുടര്‍ന്ന് അമ്മാറക്കല്‍ തറയില്‍ തൃച്ചന്ദനപ്പൊടി അഭിഷേകം നടത്തിയതിനു ശേഷം ആചാര്യന്മാരില്‍ ഒരാള്‍ യാത്രാബലി നടത്തിയ ശേഷമാണ് വൈശാഖ മഹോത്സവം ചടങ്ങുകള്‍ക്ക് സമാപനമായത്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait