കോര്‍പ്പറേറ്റ് നികുതി കുറച്ച് കുത്തകകളെ സഹായിക്കാന്‍ മോദി സര്‍ക്കാര്‍ ജനങ്ങളെ പിഴിയുന്നു: സതീശന്‍ പാച്ചേനി

Published on 29 June 2020 5:32 pm IST
×

കണ്ണൂര്‍: രാജ്യമെങ്ങും പകര്‍ച്ചവ്യാധി പിടിപെടുമ്പോള്‍ പോലും ജനങ്ങളോട് ആര്‍ദ്രമായ ഒരു നിലപാട് മോദി സര്‍ക്കാര്‍ സ്വീകരിക്കുന്നില്ലെന്നും കോര്‍പ്പറേറ്റ് നികുതി കുറച്ച് കുത്തകകളെ സഹായിക്കുകയും ഇറക്കുമതി തീരുവ വര്‍ധിപ്പിച്ച് ജനങ്ങളെ പിഴിയുന്ന സമീപനമാണ് മോദി സ്വീകരിക്കുന്നതെന്നും തികഞ്ഞ ജനവിരുദ്ധനാണെന്ന് മോദി തെളിയിച്ചു കൊണ്ടിരിക്കുകയാണെന്നും ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി പറഞ്ഞു. കണ്ണൂര്‍ ഈസ്റ്റ് വെസ്റ്റ് സൗത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധനവിനെതിരെ കണ്ണൂര്‍ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പാച്ചേനി. 

എണ്ണകമ്പനികളുടെ ചൂഷണത്തില്‍ നിന്നും ജനങ്ങളെ സഹായിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നികുതി വര്‍ധിപ്പിക്കാതെ അത്രയും തുക ജനങ്ങള്‍ക്ക് നല്‍കുകയാണ് വേണ്ടത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില വര്‍ധിപ്പിക്കുന്ന പ്രതിഭാസം ഇന്ത്യയില്‍ മാത്രമാണ് നിലവിലുള്ളതെന്നും 2014 മുതല്‍ ഇതുവരെ ഇന്ധനത്തിന്റെ പേരില്‍ ജനങ്ങളെ പിഴിഞ്ഞ വകയില്‍ മോദി സര്‍ക്കാര്‍ കീശയിലാക്കിയത് 1784 ലക്ഷം കോടിയാണെന്നും മോദി സര്‍ക്കാര്‍ ഇന്ധനത്തിന്റെ പേരില്‍ ജനങ്ങളെ പിഴിഞ്ഞ് ഭരിക്കുകയാണെന്നും സതീശന്‍ പാച്ചേനി പറഞ്ഞു. 

ചടങ്ങില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി.സി താഹ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പ്രൊഫ. എ.ഡി മുസ്തഫ, കെ.എസ്.യു ജില്ലാ പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ്, എം.പി രാജേഷ്, കെ. കമറുദ്ദീന്‍, ഗിരീശന്‍ നാമത്ത്, എ.ടി നിഷാദ്, അഡ്വ. ലിഷ ദീപക്, യു. കുഞ്ഞമ്പു, രാഗേഷ് ആയിക്കര, പി.വി ജയസൂര്യന്‍, ടി.പി വല്ലി, ശ്യാമള പാറക്കണ്ടി, ശ്രീലത താളിക്കാവ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait