കേരളാ കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തെ യു.ഡി.എഫില്‍ നിന്ന് പുറത്താക്കി

Published on 29 June 2020 3:48 pm IST
×

കോട്ടയം/ തിരുവനന്തപുരം: ജോസ് കെ. മാണി വിഭാഗത്തെ യു.ഡി.എഫില്‍ നിന്ന് പുറത്താക്കി. അന്തരിച്ച മുന്‍ ധനമന്ത്രി കെ.എം മാണിയുടെ മകന്‍ ജോസ് കെ. മാണിയുടെ നേതൃത്വത്തിലുള്ള കേരളാ കോണ്‍ഗ്രസ് വിഭാഗത്തിന് യു.ഡി.എഫില്‍ തുടരാന്‍ ധാര്‍മികമായ അര്‍ഹതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. 

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ പല തവണ പറഞ്ഞിട്ടും അത് ചെയ്തില്ല, ധാര്‍മികമായ സഹകരണം ഉണ്ടായില്ല, പല തവണ സമവായ ചര്‍ച്ച നടത്തിയിട്ടും വഴങ്ങാന്‍ തയ്യാറായില്ല എന്നെല്ലാമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജോസ് കെ. മാണി വിഭാഗത്തെ പുറത്താക്കിയത്. മുന്നണിയിലെ ലാഭ നഷ്ടം തല്‍ക്കാലം നോക്കുന്നില്ലെന്നും പലതവണ ചര്‍ച്ച നടത്തിയിട്ടും വഴങ്ങാതിരുന്ന ജോസ് വിഭാഗത്തെ പുറത്താക്കുകയല്ലാതെ വേറെ വഴിയില്ലെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ വ്യക്തമാക്കുന്നു. കെ.എം മാണിയുടെ മരണശേഷം ഉടനെത്തന്നെ കേരളാ കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനം ആര്‍ക്ക് എന്നതില്‍ വലിയ അധികാരത്തര്‍ക്കം തുടങ്ങിയിരുന്നു. പാലാ ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോഴാകട്ടെ തമ്മിലടി അതിന്റെ മൂര്‍ദ്ധന്യത്തിലെത്തി. ഏറ്റവുമൊടുവില്‍ വര്‍ഷങ്ങളോളം യു.ഡി.എഫ് കയ്യില്‍ വച്ച പാലാ കയ്യില്‍ നിന്ന് പോയി. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി മാണി സി. കാപ്പന്‍ ജയിച്ചു. ദുര്‍ബലനായ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തോറ്റു. 

കോട്ടയം ജില്ലാ പഞ്ചായത്തിലെ പദവി മാറ്റത്തെച്ചൊല്ലിയുള്ള കേരളാ കോണ്‍ഗ്രസ് തര്‍ക്കമാണ് ഏറ്റവുമൊടുവില്‍ പൊട്ടിത്തെറിയിലെത്തിയത്. ധാരണ പ്രകാരം ജോസ് പക്ഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി ജോസഫ് വിഭാഗത്തിന് കൈമാറേണ്ടതായിരുന്നു. എന്നാല്‍ ജോസ് കെ.  മാണി അതിന് തയ്യാറായില്ല. യു.ഡി.എഫിന്റെ നേതൃത്വത്തില്‍ പലതവണ സമവായ ചര്‍ച്ചകള്‍ നടന്നു. ഒരുമിച്ച് പോകണം എന്ന നിലപാട് യു.ഡി.എഫ് കണ്‍വീനറും പ്രതിപക്ഷ നേതാവും പലതവണ ജോസ് കെ. മാണിയോടും പി.ജെ ജോസഫിനോടും പറഞ്ഞു. ഇതിനിടെ, പി.ജെ ജോസഫ് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട്, കൊവിഡ് പ്രതിരോധത്തില്‍ ഇടതുമുന്നണി സര്‍ക്കാര്‍ മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നതെന്ന അഭിപ്രായ പ്രകടനം നടത്തിയത് വലിയ അഭ്യൂഹങ്ങള്‍ക്ക് വഴിവച്ചു. ജോസഫ് പക്ഷം യു.ഡി.എഫ് വിടുന്നു എന്ന് അണിയറ സംസാരങ്ങളുണ്ടായി. എല്‍.ഡി.എഫിലേക്ക് പോകാന്‍ തയ്യാറായി ജോസഫ് വിഭാഗം നില്‍ക്കുകയാണെന്ന ആരോപണം പലതവണ ജോസ് കെ. മാണി തന്നെ നേരിട്ട് ഉന്നയിച്ചു. 

ഇടപെട്ട യു.ഡി.എഫ് നേതൃത്വം ജോസ് കെ. മാണി പക്ഷത്തിന് കര്‍ശനമുന്നറിയിപ്പ് നല്‍കി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസഫ് പക്ഷത്തിന് കൈമാറിയേ തീരൂ. ജോസ് പക്ഷം രാജി വച്ചില്ലെങ്കില്‍ ജില്ലാ പഞ്ചായത്തില്‍ അവിശ്വാസം കൊണ്ടുവരാന്‍ യു.ഡി.എഫ് തീരുമാനമെടുക്കുമെന്ന് അറിയിച്ചിട്ട് പോലും ജോസ് പക്ഷം ഒരിഞ്ച് പിന്നോട്ട് മാറിയില്ല. ഏറ്റവുമൊടുവില്‍ പി.ജെ ജോസഫിനെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു. ജോസ് കെ. മാണിയുമായി ഒരു വട്ടം കൂടി സംസാരിക്കുമെന്ന് യു.ഡി.എഫ് നേതാക്കള്‍ അറിയിച്ചിരുന്നെങ്കിലും അവസാന ചര്‍ച്ച കൂടി നടന്നിട്ടും ഒന്നും നടക്കാതിരുന്നതിനാലാണ് കടുത്ത തീരുമാനത്തിലേക്ക് യു.ഡി.എഫ് കടന്നതെന്നാണ് സൂചന.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait