മരിച്ച വ്യക്തിയുടെ പെന്‍ഷന്‍ തട്ടിയെടുത്തു; സി.പി.എം പ്രാദേശിക വനിതാ നേതാവിനെതിരെ കേസ് 

Published on 29 June 2020 10:46 am IST
×

കണ്ണൂര്‍: മരിച്ച വ്യക്തിയുടെ പെന്‍ഷന്‍ തട്ടിയെടുത്ത സംഭവത്തില്‍ സി.പി.എം പ്രാദേശിക വനിതാ നേതാവിനെതിരേ കേസ്. ഇരിട്ടി പോലീസാണ് കേസെടുത്തത്. മരിച്ച അളപ്ര സ്വദേശി കൗസുവിന്റെ പെന്‍ഷന്‍ തട്ടിയെടുത്തുവെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്. സി.പി.എം പ്രദേശിക നേതാവായ സ്വപ്നക്കെതിരെയാണ് പരാതി.

പായം പഞ്ചായത്ത് പ്രസിഡന്റിന്റെ ഭാര്യയും ഒപ്പം ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി അംഗം കൂടിയാണ് സ്വപ്ന. മന്ത്രി കെ.കെ ഷൈലജയുടെ മാതൃ സഹോദരിയുടെ മകളുമാണ് സ്വപ്ന. മാര്‍ച്ച് ഒന്‍പതിനാണ് സി.പി.എം ഭരിക്കുന്ന പായം പഞ്ചായത്തില്‍ മരിച്ച വ്യക്തിയുടെ പേരില്‍ തട്ടിപ്പ് നടന്നത്. മാര്‍ച്ച് ഒന്‍പതിന് മരിച്ച കൗസുവിന്റെ പേരില്‍ സ്വപ്ന പെന്‍ഷന്‍ ഒപ്പിട്ടു വാങ്ങിയെന്നായിരുന്നു ഉയര്‍ന്ന പരാതി. സി.പി.എം തന്നെ സംഭവത്തില്‍ അന്വേഷണം നടത്തുകയും കളക്ഷന്‍ ഏജന്റ് സ്ഥാനത്ത് നിന്നും സ്വപ്നയെ മാറ്റുകയും ചെയ്തിരുന്നു. 

രണ്ടു ദിവസം മുമ്പ് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നെങ്കിലും പോലീസ് കേസെടുത്തിരുന്നില്ല. ഇതേ തുടര്‍ന്ന് കോണ്‍ഗ്രസും ബി.ജെ.പിയും വന്‍ പ്രതിഷേധവുമായി മുന്നോട്ടുവന്നു. ഈ സാഹചര്യത്തിലാണ് ഇരിട്ടി പോലീസ് സ്വപ്നക്കെതിരേ കേസെടുത്തിരിക്കുന്നത്. വഞ്ചനാകുറ്റം ആള്‍മാറാട്ടം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് സ്വപ്നക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait