കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍; കലക്ടര്‍ ഫ്ളാറ്റ് ഏറ്റെടുത്തു

Published on 28 June 2020 10:01 pm IST
×

കണ്ണൂര്‍: കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിനായി കണ്ണൂര്‍ നഗരത്തിലെ സെഡ് പ്ലസ് അപ്പാര്‍ട്‌മെന്റ് കെട്ടിടം ജില്ലാ കലക്ടര്‍ ഏറ്റെടുത്തു. ജില്ലയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി. കൂടുതല്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ ചികിത്സാ സൗകര്യം ഒരുക്കാനാണ് അപാര്‍ട്മെന്റ് ഏറ്റെടുക്കുന്നതെന്ന് ജില്ലാ കലക്ടര്‍ ടി.വി സുഭാഷിന്റെ ഉത്തരവില്‍ പറഞ്ഞു.

ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനില്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് 2005-ലെ ദുരന്ത നിവാരണ നിയമത്തിന്റെ 34, 65 വകുപ്പുകളും 1897ലെ പകര്‍ച്ചവ്യാധി നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകളും പ്രകാരമാണ് നടപടി. കണ്ണൂര്‍ അംശം ഒന്ന് വാര്‍ഡ് മൂന്നിലെ 48 ഫ്ളാറ്റ് മുറികള്‍ ഉള്‍പ്പെട്ട സെഡ് പ്ലസ് അപാര്‍ട്മെന്റ് കെട്ടിടവും കോമണ്‍ ഏരിയയും കോവിഡ് ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്രത്തിനായി ഏറ്റെടുക്കുന്നതായാണ് ഉത്തരവ്. ഉത്തരവ് നടപ്പിലാക്കി കെട്ടിടം ഏറ്റെടുക്കുന്നതിന് കണ്ണൂര്‍ തഹസില്‍ദാരെ ചുമതലപ്പെടുത്തി. മറ്റ് ക്രമീകരണങ്ങള്‍ക്ക് ബന്ധപ്പെട്ട വകുപ്പുകളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait