രാജ്യത്ത് 24 മണിക്കൂറിനിടെ 19,906 പേര്‍ക്ക് കോവിഡ്; 24 മണിക്കൂറിനിടെ 410 മരണം

Published on 28 June 2020 10:27 am IST
×

ദില്ലി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം അതിവേഗം ഉയര്‍ന്നുകൊണ്ടിരിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,906 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ 5,28,589 പേര്‍ക്ക് രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. ഇതുവരെയുള്ള എറ്റവും വലിയ പ്രതിദിന വര്‍ധനവാണ് ഇത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 410 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതുവരെ 16,095 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 

24 മണിക്കൂറിനിടെ 13,832 പേര്‍ രോഗമുക്തി നേടിയെന്നതാണ് ആശ്വാസ വാര്‍ത്ത. ഇതുവരെ 2,03,051 പേര്‍ കൊവിഡ് മുക്തരായെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. എറ്റവും കൂടുതല്‍ രോഗബാധിതരുള്ള മഹാരാഷ്ട്രയില്‍ 1,59,133 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ജൂണ്‍ 27 വരെ രാജ്യത്ത് 82,27,802 സാമ്പിളുകളാണ് പരിശോധിച്ചതെന്ന് ഐ.സി.എം.ആര്‍ അറിയിച്ചു. 2,31,095 സാമ്പിളുകള്‍ ഞായറാഴ്ചയാണ് പരിശോധിച്ചത്. 

രാജ്യത്ത് നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. ശനിയാഴ്ച 5318 പേര്‍ക്കായിരുന്നു സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രയിലെ രോഗബാധിതരുടെ എണ്ണം 1,59,133 ആയി. ദില്ലിയിലും സ്ഥിതിഗതികള്‍ ആശങ്കാജനകമാണ്. 80,188 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 2558 പേരാണ് ഇത് വരെ ദില്ലിയില്‍ മാത്രം കൊവിഡ് ബാധിച്ച് മരിച്ചത്. മുംബൈയില്‍ മാത്രം 1,400 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ മുംബൈയിലെ ആകെ രോഗബാധിതരുടെ എണ്ണം 74,252 ആയി.

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇന്നലെ ഒരു കോടി പിന്നിട്ടിരുന്നു. മരണം അഞ്ചുലക്ഷത്തിലേറെയായി. മേയ് അവസാനത്തോടെ ലോകത്ത് രോഗവ്യാപനം കുറഞ്ഞു തുടങ്ങിയിരുന്നെങ്കിലും ഒരു മാസത്തിനിപ്പുറം കണക്കുകൂട്ടലുകള്‍ എല്ലാം തെറ്റിച്ച് വൈറസ് പടരുകയാണ്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait