സി.പി.എമ്മിന് ജനാധിപത്യ മൂല്യത്തിന്റെ മഹത്വം മനസിലായിട്ടില്ല: സതീശന്‍ പാച്ചേനി

Published on 27 June 2020 9:27 pm IST
×

പയ്യന്നൂര്‍: പൊതു പ്രവര്‍ത്തകരെ രാഷ്ട്രീയ വിരോധം വച്ച് കൊലപ്പെടുത്തുന്ന പ്രവര്‍ത്തന ശൈലിയുമായി മുന്നോട്ടു പോകുന്ന സി.പി.എമ്മിന് ജനാധിപത്യ മൂല്യത്തിന്റെ മഹത്വം ഇനിയും മനസിലായിട്ടില്ലെന്നും സഹിഷ്ണുതയില്ലാതെ അക്രമങ്ങള്‍ നടത്തി മുന്നോട്ടു പോകുന്ന പാര്‍ട്ടി ജനങ്ങളില്‍ നിന്ന് ഒറ്റപ്പെടുന്ന കാലം വിദൂരമല്ലെന്നും ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി പറഞ്ഞു. കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റായിരുന്ന സജിത്ത് ലാലിന്റെ 25-ാം രക്തസാക്ഷിത്വ വാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായുള്ള അനുസ്മരണ പരിപാടി പയ്യന്നൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പാച്ചേനി.

അക്രമകാരികളുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലാണെന്നും രക്തസാക്ഷിയെ നാടും ജനങ്ങളും ഏറ്റെടുക്കുമെന്നും അക്രമം മുഖമുദ്രയാക്കിയ സി.പിഎം ഓര്‍ക്കണമെന്നും പാച്ചേനി പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എന്നും പോരാട്ട വീര്യം നല്‍കിയ നേതാവായിരുന്നു സജിത്ത് ലാല്‍. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ കോണ്‍ഗ്രസ്സിന് എന്നും കരുത്ത് നല്‍കിയിരുന്നുവെന്നും സതീശന്‍ പാച്ചേനി അഭിപ്രായപ്പെട്ടു. ചടങ്ങില്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കെ. ജയരാജ് അധ്യക്ഷത വഹിച്ചു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് അനുസ്മരണ പ്രഭാഷണം നടത്തി. എം. നാരായണന്‍ കുട്ടി, റിജില്‍ മാക്കുറ്റി, സുദീപ് ജെയിംസ്, വി.പി അബ്ദുള്‍ റഷീദ്, പി. മുഹമ്മദ് ഷമ്മാസ്, എ.പി നാരായണന്‍, റഷീദ് കവ്വായി, ബ്രിജേഷ് കുമാര്‍, നൗഷാദ് വാഴവളപ്പില്‍, ഡി.കെ ഗോപിനാഥ്, കെ.കെ ഫല്‍ഗുണന്‍, എം. പ്രദീപ് കുമാര്‍, കെ.പി മോഹനന്‍, ഇ.പി ശ്യാമള, എ. രൂപേഷ്, കെ.ടി ഹരീഷ്, നവനീത് നാരായണന്‍, ആകാശ് ഭാസ്‌കരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. എം.  പ്രഭാകരന്‍ സ്വാഗതവും പ്രശാന്ത് കോറോം സ്വാഗതവും പറഞ്ഞു. പുഷ്പാര്‍ച്ചനയ്ക്ക് ബ്ലോക്ക്, മണ്ഡലം ഭാരവാഹികള്‍, യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കി.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait