എക്‌സൈസ് ഡ്രൈവറുടെ മരണം; ദുരൂഹത പുറത്തു കൊണ്ടുവരണം: ബി.ജെ.പി

Published on 27 June 2020 7:53 pm IST
×

കണ്ണൂര്‍: കോവിഡ് രോഗിയാണെന്ന് കണ്ട് പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരണമടഞ്ഞ എക്‌സൈസ് ഡ്രൈവര്‍ പടിയൂര്‍ ബ്ലാത്തൂരിലെ കെ.പി സുനിലിന്റെ മരണത്തിലെ ദുരൂഹത പുറത്തു കൊണ്ടുവരണമെന്ന് ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി ബിജു ഏളക്കുഴി ആവശ്യപ്പെട്ടു. 

സുനിലിനെ ചികിത്സിച്ചു കൊണ്ടിരിക്കെ തന്നെ പല തരത്തിലുള്ള ആരോപണം ഉയര്‍ന്നിരുന്നു. ഇപ്പോള്‍ കോവിഡ് പരിശോധനയില്‍ നെഗറ്റീവ് കണ്ടെത്തുകയും ചെയ്തു. നടന്നുകൊണ്ട് ആശുപത്രിയില്‍ എത്തിയ രോഗിയെ മരണപ്പെട്ടെന്നാണ് ബന്ധുക്കളെ അറിയിച്ചത്. ചികിത്സയിലെ പിഴവ് ഐ.സി.യുവില്‍ നിന്ന് സുനില്‍ സഹോദരനെ വിളിച്ച് അറിയിച്ച വോയിസ് മെസ്സേജും മാധ്യമങ്ങളില്‍ വാര്‍ത്തയുണ്ടായിരുന്നു. ഇദ്ദേഹത്തിന് കോവിഡ് ബാധിച്ചെങ്കില്‍ ഉറവിടം കണ്ടെത്താന്‍ സാധിച്ചില്ല. ഇദേഹത്തിന്റെ കൂടെ ജോലി ചെയ്തവര്‍ക്കോ വീട്ടുകാര്‍ക്കോ ഇതുവരെ രോഗം വന്നില്ല. അദ്ദേഹത്തിന്റെ പഞ്ചായത്ത് പൂര്‍ണ്ണമായും അടച്ചിട്ടു, ജോലി ചെയ്ത സ്ഥലവും നിയന്ത്രണത്തിലാക്കി. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആരോഗ്യ മേഖലയിലെ കെടുകാര്യസ്ഥത ഇതോടെ വെളിവായി. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് അറവുശാലയ്ക്ക് തുല്യമായിരിക്കുകയാണ്. കോവിഡ് പരിശോധനയ്ക്ക് മുമ്പാണ് കോവിഡ് ഐ.സി.യുവിലേക്ക് സുനിലിനെ പ്രവേശിപ്പിച്ചത്. ഇതു തന്നെ മെഡിക്കല്‍ കോളേജിലെ വീഴ്ചയാണ് ചൂണ്ടിക്കാട്ടുന്നത്. മെഡിക്കല്‍ കോളേജിലെ പ്രധാന ഡോക്ടര്‍മാര്‍ സുനിലിനെ ചികിത്സിക്കാതെ പി.ജി വിദ്യാര്‍ത്ഥികളാണ് ചികിത്സിച്ചെതെന്ന ആരോപണവും നിലവിലുണ്ടെന്നും ബിജു ഏളക്കുഴി പ്രസ്താവനയില്‍ പറഞ്ഞു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait