ചിറക്കലിന്റെ വികസന ശില്‍പ്പി സി.എച്ച് ബാലകൃഷ്ണന്‍ യാത്രയായത് അവസാന ആഗ്രഹം മാറ്റിവെച്ച് 

Published on 27 May 2020 11:20 am IST
×

കണ്ണൂര്‍: ചിറക്കലിന്റെ വികസന ശില്‍പ്പി സി.എച്ച് ബാലകൃഷ്ണന്‍ യാത്രയായത് അവസാന ആഗ്രഹം മാറ്റിവെച്ച്. 1945 കള്‍ മുതല്‍ അധ്യാപക സംഘടനാ രംഗത്ത് പ്രവൃത്തിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശിഷ്യ സമ്പത്തുണ്ടായിരുന്നു. ഇവരില്‍ ചുരുക്കം ചില ആളുകള്‍ മാത്രമാണ് ജീവിച്ചിരിക്കുന്നത്. ഇവരുടെയും ഗ്രന്ഥശാലാ പ്രവര്‍ത്തകരെയും പങ്കെടുപ്പിച്ച് സംഗമം ചിറക്കലിലെ വീട്ടില്‍ നിശ്ചയിച്ചിരുന്നു. അധ്യാപക സംഘടനാ രംഗത്ത് കെ.ജി.പി.ടി.എയുടെ ലോക്കല്‍ സെക്രട്ടറിയായി ദീര്‍ഘകാലം പ്രവൃത്തിച്ചപ്പോള്‍ ചുമതലയുണ്ടായിരുന്ന കോടിയേരി ബാലകൃഷ്ണനെ പങ്കെടുപ്പിച്ചായിരിക്കണം സംഗമം എന്ന് നിശ്ചയിച്ച് മാര്‍ച്ച് അവസാനം കോടിയേരി തീയ്യതിയും നല്‍കി. എന്നാല്‍ അപ്പോഴേക്കും കൊവിഡ് 19 കാരണം പൊതു പരിപാടികളെല്ലാം മാറ്റിവെച്ചു. കമ്മ്യൂണിസ്റ്റുകാരനായതിന്റെ പേരില്‍ ചിറക്കല്‍ രാജാസ് സ്‌കൂളില്‍ നിന്ന് പിരിച്ചുവിടുകയും പുഴാതിയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വം കൊടുത്ത് ഏക അധ്യാപകനായും ജോലി ചെയ്തു. 

കാസര്‍കോട് സര്‍ക്കാര്‍ സര്‍വ്വീസില്‍ ലഭിച്ച് ജോലി എടുക്കുമ്പോള്‍ അനാചാരത്തിന്റെ പ്രധാന കേന്ദ്രമായിരുന്നു അവിടം. അന്ധ വിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ശക്തമായി പടപൊരുതിയാണ് സംഘടനാ രംഗത്ത് സജീവമായത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ സ്‌കൂള്‍ ജീവിതം ആയിരക്കണക്കിന് ശിഷ്യന്മാരെ ഉണ്ടാക്കി. കൊട്ടിയൂരില്‍ ദീര്‍ഘകാലം ഒരു വീട്ടില്‍ താമസിച്ച് ജോലി ചെയ്തിരുന്നു. കൊട്ടിയൂരിലെ നാട്ടുകാര്‍ മാസങ്ങള്‍ക്ക് മുന്നേ വീട്ടിലെത്തിയ ആദരിച്ചിരുന്നു. സര്‍ക്കാര്‍ സ്‌കൂളില്‍ ജോലി ചെയ്യുന്ന സമയത്ത് തന്നെയാണ് സര്‍ക്കാരില്‍ നിന്ന് പ്രത്യേക പെര്‍മിഷന്‍ എടുത്ത് ചിറക്കല്‍ ബേങ്ക് പ്രസിഡന്റായത്. ദീര്‍ഘകാലം പ്രസിഡന്റായി നടത്തിയ ഇടപെടലാണ് ഇന്ന് ചിറക്കല്‍ ബേങ്കിനെ സംസ്ഥാനത്തെ പ്രധാന ബേങ്കാക്കി മാറ്റിയത്. ചിറക്കല്‍ പഞ്ചായത്ത് പ്രസിഡന്റായതിനെ തുടര്‍ന്ന് എണ്ണിയാല്‍ തീരാത്ത വികസന കുതിപ്പിനാണ് ചിറക്കല്‍ സാക്ഷ്യം വഹിച്ചത്. പ്രദേശത്തെ എല്ലാവര്‍ക്കും പ്രിയപ്പെട്ട മാഷിനെ ചെന്ന് കണ്ടാല്‍ പ്രശ്‌ന പരിഹാരമാകും.

ചിറക്കല്‍ രാജാസ് സ്‌കൂള്‍ കച്ചവടം നടത്തി വര്‍ഗീയ വാദികളുടെ സഹകരണത്തോടെ ചിലര്‍ പിടിച്ചെടുക്കാന്‍ തുനിഞ്ഞപ്പോള്‍ സി.എച്ചിന്റെ ഇടപെടലാണ് ഇന്ന് കാണുന്ന രീതിയില്‍ ചിറക്കല്‍ ബേങ്കിനെ കൊണ്ട് സ്‌കൂള്‍ വാങ്ങിപ്പിച്ചത്. ചിറക്കല്‍ ഗാന്ധിജി റൂറല്‍ ലൈബ്രറി ഭരണ സമിതിയില്‍ കോണ്‍ഗ്രസ്‌കാരെ കൂടി ഉള്‍പ്പെടുത്തിയാണ് പ്രവര്‍ത്തിക്കുന്നത്. ലൈബ്രറി കൗണ്‍സില്‍ ഭാരവാഹി എന്ന നിലയില്‍ മരിക്കുന്നത് വരെ ഈ രംഗത്ത് സജീവമായിരുന്നു. പ്രായമായ സമയത്തും ചിറക്കലിലെയും പരിസര പ്രദേശങ്ങളിലെയും ലൈബ്രറികളെ സജീവമാക്കാന്‍ നിരന്തര ഇടപെടല്‍ നടത്തി. ചിറക്കല്‍ റെയില്‍വേ സ്റ്റേഷന്‍ വികസനത്തിന് വേണ്ടി ദീര്‍ഘകാലം ആക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്രവൃത്തിക്കുന്നു. ചിറക്കലിന്റെ ചരിത്രം രേഖപ്പെടുത്തുന്നതില്‍ പ്രധാന പങ്കാണ് സി.എച്ച് വഹിച്ചത്. ചെറുചേരിക്കല്ല് എന്ന ചരിത്ര പുസ്തകം ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് കൂടി ഉപയോഗിക്കുന്നു. 

മരണ വിവരമറിഞ്ഞ് നിരവധിയാളുകള്‍ ആശുപത്രിയിലെത്തി. സി.പി.ഐ എം ഏരിയാ കമ്മിറ്റി അംഗം കൊല്ലോന്‍ മോഹനന്‍, ലോക്കല്‍ സെക്രട്ടറി പി. അനില്‍കുമാര്‍, ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി.കെ ബൈജു തുടങ്ങിയവര്‍ ആശുപത്രിയിലെത്തി. ഇന്ന് രാവിലെ 11.30-ന് പയ്യാമ്പലത്ത് സംസ്‌കരിക്കും.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait