കാങ്കോലിലെ ഡോക്ടര്‍ വീട്ടില്‍ നിരീക്ഷണത്തില്‍; ചെറുപുഴയില്‍ നിരവധി പേര്‍ നിരീക്ഷണത്തില്‍

Published on 13 March 2020 4:37 pm IST
×

കണ്ണൂര്‍: ജില്ലയില്‍ കൊറോണ രോഗം സ്ഥീരികരിച്ച സാഹചര്യത്തില്‍ രോഗം വ്യാപിക്കുന്നത് തടയാന്‍ ജില്ലാ ഭരണകൂടത്തിന്റെ അടിയന്തിര ഇടപെടല്‍. നിലവില്‍ പെരിങ്ങോം സ്വദേശിയെ സഞ്ചരിച്ച റൂട്ട് മാപ്പ് ഉച്ചയോടെ പുറത്തിറക്കും. രോഗിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരേയും സെക്കന്‍ഡറിയിലുള്ളവരേയും പ്രത്യേകം അടയാളപ്പെടുത്തും.

കലക്ടറുടെ നേതൃത്വത്തില്‍ ഡി.എം.ഒ ഉള്‍പ്പെടെയുള്ളവരുടെ അടിയന്തര യോഗം കലക്ടേറ്റില്‍ വിളിച്ചു ചേര്‍ത്തിരുന്നു. നേരത്തെ ഡി.എം.ഒ യുടെ നേതൃത്ത്വത്തിലും യോഗം ചേര്‍ന്നിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ എട്ട് സ്‌ക്വാഡുകളെ തയ്യാറാക്കിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച പെരിങ്ങോം സ്വദേശിയുടെ  നില തൃപ്തികരമാണെന്നും രോഗം സ്ഥിരീകരിച്ച  വ്യക്തിയുടെ റൂട്ട് മാപ്പ് ഉച്ചയോടെ കലക്ടര്‍ക്ക് സമര്‍പ്പിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നലിവില്‍ ഇയാളെ നാട്ടില്‍ ചികിത്സിച്ച ഡോക്ടറെ വീട്ടില്‍ നിരീക്ഷിച്ചു വരികയാണ്. രോഗി വീണപ്പോള്‍ ഡോക്ടര്‍ എഴുന്നേല്‍പ്പിക്കുകയും പരിശോധിക്കുകയും ചെയ്തിരുന്നു. ഡോക്ടറുമായി പിന്നീട് സമ്പര്‍ക്കമുണ്ടായ രോഗികളെയും ഓട്ടോ ഡ്രൈവറേയും വീട്ടില്‍ നിരീക്ഷിക്കുന്നുമുണ്ട്. രോഗിയുടെ അമ്മാവന്‍ ക്ഷേത്രക്കമ്മിറ്റിയുമായി ബന്ധപ്പെട്ട് നിരവധി വീടുകളില്‍ കയറിയിറങ്ങിയിരുന്നു. വീടുകളില്‍ കയറിയിറങ്ങാന്‍ ഇയാള്‍ക്കൊപ്പം കൂടിയവരേയും പരിശോധിക്കേണ്ടതുണ്ട്. രോഗിയുടെ അമ്മയേയും ഭാര്യയേയും കുട്ടിയേയും നേരത്തെ ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്നു. ദുബൈയില്‍ നിന്നും ഇയാളെ കൊണ്ടുവന്ന ടാക്‌സി ഡ്രൈവറേയും നിരീക്ഷിച്ചു വരികയാണ്. രോഗിയുടെ കൂടുതല്‍  ബന്ധുക്കളെയും മെഡിക്കല്‍ സംഘം  നിരീക്ഷാക്കാനാണ് തീരുമാനം.

ഇതുവരെയായി  ജില്ലയില്‍ 26 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. നിലവില്‍ 11 പേരാണ് ആശുപത്രിയില്‍ കഴിയുന്നത്. 10 പേര്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലും ഒരാള്‍ ജില്ലാ ആശുപത്രിയിലും നിരീക്ഷണത്തിലാണ്.  വൈകുന്നേരത്തോടു കൂടി ഇതിന്റെ ഫലങ്ങള്‍ പുറത്തു വരും. രോഗം സ്ഥിരീകരിച്ച പശ്ചാതലത്തില്‍ സ്വകാര്യ ആശുപത്രികളിലും ഐസലേഷന്‍ വാര്‍ഡുകള്‍ തയ്യാറാക്കും. 

 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait