ഭര്‍തൃമതിയെ ബലാത്സംഗം ചെയ്ത് കൊന്ന് കവര്‍ച്ച നടത്തിയ യുവാവ് കുറ്റക്കാരന്‍

Published on 13 March 2020 1:46 pm IST
×

തലശ്ശേരി: ഭര്‍തൃമതിയായ 30കാരിയെ ബോധം കെടുത്തി തോട്ടിലേക്ക് തള്ളിയിട്ട് ബലാത്സംഗം ചെയ്ത ശേഷം വെള്ളത്തില്‍ മുക്കിക്കൊന്ന് ആഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതി കുറ്റക്കാരനാണെന്ന് തലശ്ശേരി ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വിധിച്ചു. പെരിങ്ങത്തൂര്‍ കരിയാട് സേട്ടുമുക്കിലെ ചാക്കേരി താഴെ കുനിയില്‍ സി.കെ റീജ കൊലക്കേസില്‍ പ്രതിയായി വിചാരണ നേരിട്ട പെരിങ്ങത്തൂര്‍ പുളിയനപ്രത്തെ വലിയ കാട്ടില്‍ കെ.പി അന്‍സാറിനെ (29) യാണ്  ജഡ്ജ് പി.എന്‍ വിനോദ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

പ്രതി ബലാത്സംഗം, കവര്‍ച്ച, കൊലപാതകം എന്നീ കേസുകളില്‍ കുറ്റക്കാരനാണെന്ന് ഇന്ന് രാവിലെ കോടതി കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പ്രൊസിക്യൂഷന്‍ ആവശ്യപ്പെട്ടു. പഞ്ചാബിലെ സമാനമായ ഒരു കേസിന്റെ വിധി ചുണ്ടിക്കാട്ടിയാണ് വധശിക്ഷ നല്‍കണമെന്ന് പ്രൊസിക്യൂഷന് വേണ്ടി ഹാജരായ അഡ്വ. സി.കെ രാമചന്ദ്രന്‍ ആവശ്യപ്പെട്ടത്. 2017 ആഗസ്റ്റ് 14-ന് ഉച്ചയ്ക്ക് 12.30 ഓടെയാണ് കേസിനാസ്പദമായ സംഭവം. പ്രസ്തുത ദിവസം വീട്ടില്‍ നിന്നും ഇറങ്ങി പുതിയ റോഡ് ഭാഗത്തേക്ക് മത്സ്യം വാങ്ങാന്‍ പോവുകയായിരുന്ന റീജയെ വഴിയരികില്‍ ഒളിച്ചുനിന്ന പ്രതി കടന്നുപിടിച്ചു. യുവതി ചെറുത്തതോടെ അന്‍സാര്‍ ഇവരുടെ വായും മൂക്കും അമര്‍ത്തി പിടിച്ചു. അബോധാവസ്ഥയിലായ റീജ സിമന്റ് സ്ലാബില്‍ നിന്നും താഴെ തോട്ടിലേക്ക് വീണു. പിറകെ എത്തിയ പ്രതി വെള്ളത്തില്‍ വച്ച് യുവ ഭര്‍തൃമതിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കഴുത്തിലും കൈവിരലിലുമുണ്ടായ ആഭരണങ്ങള്‍ ബലമായി അഴിച്ചെടുത്തു. ശേഷം റീജയെ വെള്ളത്തില്‍ മുക്കിപ്പിടിച്ചു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. 

സംഭവ പിറ്റേന്ന് അറസ്റ്റിലായതു മുതല്‍ അന്‍സാര്‍ ജയിലില്‍ കഴിയുകയായിരുന്നു. ജാമ്യത്തിലെടുക്കാന്‍ ആരും തയ്യാറാവാത്തതിനെ തുടര്‍ന്ന് റിമാന്റ് നീട്ടുകയായിരുന്നു. ചൊക്ലി പോലീസാണ് കേസെടുത്ത് കുറ്റപത്രം നല്‍കിയിരുന്നത്. അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി.കെ രാമചന്ദ്രനാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായിരുന്നത്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait