വായനയുടെ വസന്തമൊരുക്കി ധര്‍മ്മടം; മണ്ഡലത്തിലെ 80 ഓളം ലൈബ്രറികള്‍ ഇനി ഹൈടെക്

Published on 13 March 2020 12:59 pm IST
×

തലശ്ശേരി: വായനയുടെ പുതുവസന്തത്തിന് വഴി തുറന്ന് ധര്‍മ്മടം. പുതിയ കാലത്ത് പുത്തന്‍ വായന സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ മണ്ഡലത്തിലെ 79 ഓളം ലൈബ്രറികള്‍ ഹൈടെക്കിന്റെ പാതയിലേക്ക്.  പുസ്തകങ്ങള്‍ക്കൊപ്പം ഇ-വായനയുടെ ലോകവും ധര്‍മ്മടത്തുകാരുടെ വിരല്‍ത്തുമ്പിലെത്തിക്കാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചുകഴിഞ്ഞു. 
 
മുഖ്യമന്ത്രി പിണറായി വിജയന്റെ എം.എല്‍.എ ഫണ്ടില്‍ നിന്നുമാണ് പദ്ധതിക്കാവശ്യമായ തുക അനുവദിച്ചിരിക്കുന്നത്. 75 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഓരോ ലൈബ്രറികള്‍ക്കും ആവശ്യമായ ഉപകരണങ്ങള്‍ നല്‍കുന്നതാണ് പദ്ധതിയുടെ ആദ്യപടി. ഇതിനായി ലൈബ്രറി അധികൃതരെക്കൊണ്ട് തന്നെ ഓരോ ലൈബ്രറിയിലേക്കും ആവശ്യമായ ഉപകരണങ്ങളുടെ പട്ടിക തയ്യാറാക്കിക്കഴിഞ്ഞു. ഇതിനനുസരിച്ചുള്ള ഉപകരണങ്ങള്‍ വിതരണം ചെയ്യാനാണ് അധികൃതര്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ലൈബ്രറികള്‍ ഹൈടെക് ആക്കുന്നതിനോടൊപ്പം വിവിധ പരിപാടികളും ക്ലാസുകളും നടത്തി അവയെ സജീവമാക്കാനുള്ള പദ്ധതിയും അധികൃതര്‍ക്കുണ്ട്. കമ്പ്യൂട്ടര്‍, ലാപ്‌ടോപ്പ്, പ്രൊജക്ടര്‍, സ്‌ക്രീന്‍, മൈക്ക് സെറ്റ് തുടങ്ങിയ ഉപകരണങ്ങളാണ് കൂടുതല്‍ ഗ്രന്ഥശാലകളും ആവശ്യപ്പെട്ടിരിക്കുന്നത്. 

അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്തിലെ ഒമ്പത് ലൈബ്രറികള്‍, പെമ്പിലോട് പഞ്ചായത്തിലെ 11 ലൈബ്രറികള്‍, കടമ്പൂര്‍ പഞ്ചായത്തിലെ എട്ട് ലൈബ്രറികള്‍, മുഴപ്പിലങ്ങാട് പഞ്ചായത്തിലെ രണ്ട് ലൈബ്രറികള്‍, പെരളശ്ശേരി പഞ്ചായത്തിലെ 15 ലൈബ്രറികള്‍, പിണറായി പഞ്ചാത്തിലെ 18 ലൈബ്രറികള്‍, വേങ്ങാട് പഞ്ചായത്തിലെ ഒമ്പത് ലൈബ്രറികള്‍, ധര്‍മ്മടം പഞ്ചായത്തിലെ ഏഴ് ലൈബ്രറികള്‍ തുടങ്ങിയവയാണ് പദ്ധതിയുടെ ഭാഗമാകുന്നത്. മാസംതോറും ചര്‍ച്ചകള്‍, പി.എസ്.സി ക്ലാസുകള്‍, ബോധവല്‍ക്കരണ പരിപാടികള്‍, സാഹിത്യ ചര്‍ച്ചകള്‍ തുടങ്ങിയവ നടത്തണമെന്ന നിര്‍ദേശവും ഗ്രന്ഥശാലകള്‍ക്ക് നല്‍കിയിട്ടുണ്ട്. കൂടാതെ വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കുമാവശ്യമായ എല്ലാ ഓണ്‍ലൈന്‍ സേവനങ്ങളും ലഭ്യമാക്കുന്ന സേവന കേന്ദ്രമായും ലൈബ്രറികള്‍ പ്രവര്‍ത്തിക്കണം. മാര്‍ച്ച് മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് തീരുമാനം.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait