കൊറോണ രോഗിയൊടൊപ്പമുണ്ടായിരുന്ന വിമാന യാത്രക്കാരുടെ വിവരം ലഭിക്കാന്‍ അധികൃതര്‍ ഇരുട്ടില്‍ തപ്പുന്നു

Published on 13 March 2020 12:10 pm IST
×

ദുബൈയ്: കൊറോണ ബാധിച്ചവരുടെ കൂടെ സഞ്ചരിച്ച വിമാന യാത്രക്കാരുടെ പട്ടിക വിമാനത്താവളത്തില്‍ ലഭ്യമായിട്ടും അത് കണ്ടെത്തുന്നതിന് പകരം മലപ്പുറം ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്ക് അടക്കമുള്ള അധികൃതര്‍ സോഷ്യല്‍ മീഡിയയിലൂടെ യാത്രക്കാരെ തിരയുന്നു. യാത്രക്കാരുടെയും വിമാനത്തിലെ ജോലിക്കാരുടെയും എല്ലാ വിവരങ്ങളും വിമാനത്താവളത്തിലെ എമിഗ്രേഷന്‍, കസ്റ്റംസ് വിഭാഗത്തിലും കൂടാതെ അതത് വിമാനക്കമ്പനിയിലും ലഭ്യമായിരിക്കെ മലപ്പുറം ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്ക് അടക്കമുള്ള ഉദ്യോഗസ്ഥര്‍ യാത്രക്കാരുടെ വിവരങ്ങള്‍ തേടി സോഷ്യല്‍ മീഡിയയിലൂടെ അഭ്യര്‍ത്ഥിച്ചു കൊണ്ടിരിക്കുകയാണ്. 

ഇറ്റലിയില്‍ നിന്നും വന്ന പത്തനംതിട്ട സ്വദേശികള്‍ തങ്ങളുടെ യാത്ര രഹസ്യമാക്കുകയും രോഗം പടരാന്‍ സാഹചര്യം ഒരുക്കിയിട്ടും അധികൃതര്‍ ഇതുവരെ ഒരു പാഠവും പഠിച്ചിട്ടില്ല. 'പാസഞ്ചര്‍ മാനിഫെസ്റ്റ്' എന്ന പേരിലുള്ള യാത്രക്കാരുടെ പട്ടിക വിമാനം പുറപ്പെടുന്നതിന് മുമ്പ് തന്നെ നാട്ടിലെ വിമാനത്താവളത്തിലേക്ക് വിമാനം പുറപ്പെടുന്ന എയര്‍പോര്‍ട്ടില്‍ നിന്നും സന്ദേശമായി അയക്കണമെന്നാണ് നിയമം. കൂടാതെ വിമാന ജോലിക്കാര്‍ കൂടെ കൊണ്ടുവന്ന യാത്രക്കാരുടെ വിവരങ്ങളടങ്ങിയ പ്രിന്റ് വിമാനം ഇറങ്ങുന്ന എയര്‍പോര്‍ട്ടിലെ എയര്‍ലെന്‍ ജീവനക്കാര്‍ക്ക് കൈമാറണം. ഇതിന്റെ കോപ്പി ജീവനക്കാര്‍ കോപ്പിയെടുത്ത് കസ്റ്റംസ്, എമിഗ്രേഷന്‍ എന്നീ വിഭാഗങ്ങള്‍ക്കും കൈമാറണം. ചുരുങ്ങിയത് മൂന്നു വര്‍ഷമെങ്കിലും ഈ രേഖ സൂക്ഷിക്കണമെന്നാണ് നിയമം. മലപ്പുറം ജില്ലയില്‍ തന്നെയുള്ള 24 കി.മി അകലെയുള്ള കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് നേരിട്ടോ ഇ-മെയില്‍ വഴിയൊ എടുക്കാന്‍ ശ്രമിക്കാതെ യാത്രക്കാരോട് നേരിട്ട് ആവശ്യപ്പെട്ടിരിക്കുകയാണ് അധികൃതര്‍. 

പത്തനംതിട്ടയിലെ യാത്രക്കാര്‍ സ്വയം സന്നദ്ധരാകാത്ത സാഹചര്യമുണ്ടായിട്ടും അതില്‍ നിന്നും പാഠം പഠിക്കാതെ പൊതുജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് ആത്മാര്‍ഥ ശ്രമം നടത്താതെ പുറംതൊലി ചികിത്സ മാത്രമാണ് നടത്തുന്നത്. മാര്‍ച്ച് 5-ന് ദുബൈയില്‍ നിന്നും കോഴിക്കോട്ടെത്തിയ എസ്.ജി.54 എന്ന സ്പൈസ് ജെറ്റ് വിമാനത്തിലെ യാത്രക്കാരനാണ് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതേ സമീപനം തന്നെയായിരുന്നു പത്തനംതിട്ട സ്വദേശികള്‍ ഖത്തര്‍ എയര്‍വെയ്സില്‍ വന്നിറിങ്ങിയപ്പോഴും നടത്തിയിരുന്നത്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait