മാട്ടൂല്‍ അഴിമുഖത്ത് ബോട്ട് കുടുങ്ങി; 25 യാത്രക്കാരെ രക്ഷപ്പെടുത്തി

Published on 07 March 2020 1:29 pm IST
×

മാട്ടൂല്‍: മാട്ടൂല്‍ അഴിമുഖത്ത് ബോട്ട് കുടുങ്ങി. ഇതിലുണ്ടായിരുന്ന യാത്രക്കാരെ തീരദേശ പോലീസും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും രക്ഷപ്പെടുത്തി കരക്കെത്തിച്ചു. അഴീക്കലില്‍ നിന്ന് മാട്ടൂലിലേക്ക് വരികയായിരുന്ന സംസ്ഥാന ജല ഗതാഗത വകുപ്പിന്റെ എസ് 37 ബോട്ടാണ് വെള്ളിയാഴ്ച പകല്‍ 3.30ന് ഷാഫ്റ്റ് തകരാര്‍മൂലം അഴിമുഖത്തിന്റെ മധ്യഭാഗത്ത് കുടുങ്ങിയത്. 

25 യാത്രക്കാരുമായാണ് ബോട്ട് മാട്ടൂലിലേക്ക് തിരിച്ചത്. വളപട്ടണം പുഴയും അറബിക്കടലും ചേരുന്ന ഭാഗം എത്തിയപ്പോഴാണ് എന്‍ജിന്‍ തകരാര്‍ കാരണം ബോട്ട് നിന്നത്. ശക്തമായ ഒഴുക്കുള്ളതിനാല്‍ ബോട്ട് കടലിലേക്ക് നീങ്ങിത്തുടങ്ങുന്നതിനിടെ കോസ്റ്റല്‍ പോലീസും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് തുണയായത്. യാത്രക്കാരെ കോസ്റ്റല്‍ പോലീസിന്റെ രണ്ടു ബോട്ടുകളില്‍ കരക്കെത്തിച്ച ശേഷം വടംകെട്ടി വലിച്ചാണ് ബോട്ട് മാട്ടൂലിലെത്തിച്ചത്.  

അഴീക്കല്‍ കോസ്റ്റല്‍ സ്റ്റേഷന്‍ എസ്.ഐ മധുസൂദനന്‍, എ.എസ്.ഐ  ഉല്ലാസന്‍, ഓഫീസര്‍മാരായ രവീന്ദ്രന്‍, സജേഷ്, വിജേഷ്, രാജ്‌നാരായണന്‍, അബ്ദുള്‍ഖാദര്‍, കോസ്റ്റല്‍ വാര്‍ഡന്‍ വില്യംസ് അതുല്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait