എല്‍.ഡി.എഫിന്റെ രാഷ്ട്രീയ തന്ത്രം: ഡെപ്യൂട്ടി മേയര്‍ക്കെതിരെ വീണ്ടും അവിശ്വാസം

Published on 07 March 2020 1:22 pm IST
×

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷിനെതിരേ ഇടതു മുന്നണി വീണ്ടും അവിശ്വാസ പ്രമേയം കൊണ്ടു വന്നു. കണ്ണൂര്‍ കലക്ടര്‍ക്കു മുമ്പാകെ കൗണ്‍സിലന്മാരായ എന്‍.ബാലകൃഷ്ണന്റെയും തൈക്കണ്ടി മുരളീധരന്റെയും നേതൃത്വത്തില്‍ ഇന്നു രാവിലെയാണ് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയത്. 

ജനാധിപത്യ വിരുദ്ധ നിലപാടിനെതിരേയും പ്രതിപക്ഷ കൗണ്‍സിലര്‍ന്മാരോടുള്ള നിഷേധാത്മക സമീപനത്തിനെതിരേയും ഏകാധിപത്യ പ്രവണതയ്‌ക്കെതിരേയുമാണ് അവിശ്വാസ പ്രമേയം. ഡെപ്യൂട്ടി മേയര്‍ക്കെതിരെ എല്‍.ഡി.എഫ് നല്‍കിയ അവിശ്വാസ പ്രമേയം രാഷ്ട്രീയ തന്ത്രമായി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്. മേയര്‍ സുമാ ബാലകൃഷ്ണനെ മാറ്റുക എന്ന തന്ത്രത്തിന്റെ ഭാഗമാണിത്. ലീഗിനകത്തെ പ്രശ്‌നങ്ങളും ലീഗും കോണ്‍ഗ്രസ്സും തമ്മിലുള്ള പടല പിണക്കങ്ങളും സമര്‍ത്ഥമായി മുതലെടുക്കുക എന്നതാണ് അവിശ്വാസത്തിലൂടെ എല്‍.ഡി.എഫ് ലക്ഷ്യമിടുന്നത്. 55 അംഗ കൗണ്‍സിലില്‍ യു.ഡി.എഫിന് 28 ഉം എല്‍.ഡി.എഫിന് 27 അംഗങ്ങളുമാണുള്ളത്. അവിശ്വാസം പാസ്സാകണമെങ്കില്‍ 28 അംഗങ്ങള്‍ അനുകൂലമായി വോട്ടു ചെയ്യണം. ഇന്നത്തെ സാഹചര്യത്തില്‍ ആ സംഖ്യയിലെത്താന്‍ എല്‍.ഡി.എഫിന് പ്രയാസമാണ്. യു.ഡി.എഫിലെ പ്രശ്‌നങ്ങള്‍ രൂക്ഷമാക്കാന്‍ അവിശ്വാസം വഴിവെക്കുമെന്നാണ് എല്‍.ഡി.എഫ് കണക്കുകൂട്ടുന്നത്. 

മുസ്ലിം ലീഗിലെ കൗണ്‍സിലറായ കെ.പി.എ സലീം പാര്‍ട്ടിയോട് ഇടഞ്ഞുനില്‍ക്കുകയാണ്. ചാലാട് കൗണ്‍സിലര്‍ നസ്‌റത്ത് ചാത്തോത്തും അതൃപ്തിയിലാണ്. പള്ളിക്കുന്ന് ബാങ്കില്‍ തന്റെ ഭര്‍ത്താവിനെ തിരിച്ചെടുക്കാമെന്ന ധാരണ നടപ്പാക്കാത്തതില്‍ ഇവര്‍ പ്രതിഷേധത്തിലാണ്. ധാരണ നടപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രാദേശിക ലീഗ് നേതൃത്വം ജില്ലാ കമ്മിറ്റിക്ക് കത്ത് നല്‍കിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ അവിശ്വാസ പ്രമേയത്തിലൂടെ യു.ഡി.എഫിലെ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കുക എന്നതാണ് എല്‍.ഡി.എഫ് ലക്ഷ്യം.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait