'കണ്ണൂരിലെ പോലീസിന് നാഥനില്ല': സംസ്ഥാന വ്യപകമായി പോലീസ് സ്‌റ്റേഷനുകളിലേക്ക് മാര്‍ച്ച്

Published on 07 March 2020 12:57 pm IST
×

കണ്ണൂര്‍: കണ്ണൂരിലെ പോലീസ് നാഥനില്ലാ കളരിയായി മാറിയിരിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി. കണ്ണൂര്‍-എളയാവൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സുമാ ബാലകൃഷ്ണനെ അക്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്യുക, സി.ഐ.ജി റിപ്പോര്‍ട്ടില്‍ ഡി.ജി.പിക്കെതിരയുള്ള അഴിമതി ആരോപണവും മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ടൗണ്‍ പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

മേയറെ ആക്രമിച്ചവര്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. സി.പി.എം ഉന്നത നേതാക്കളുടെ ഒത്താശയോടു കൂടി പ്രതികളെ സംരക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നതെങ്കില്‍ വലിയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും പാച്ചേനി പറഞ്ഞു. പല വിഷയങ്ങളിലും പോലീസ് കാഴ്ചക്കാരായി നില്‍ക്കുകയാണ്. ജില്ലയില്‍ പല വിഷയങ്ങളിലും നടപടികളുണ്ടാകുന്നില്ല. സംസ്ഥാനത്ത് ആഭ്യന്തര വകുപ്പ് അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണെന്നും ഡി.ജി.പിയെ വെള്ളപൂശാനാണ് പിണറായി ശ്രമിക്കുന്നതെന്നും പറഞ്ഞു. സര്‍ക്കാരും പോലീസും കള്ളനും പോലീസും കളിക്കുകയാണ്. പിണറായിക്ക് ബഹറയെ പേടിയാണെന്നും അദ്ദേഹം പറഞ്ഞു. 

കണ്ണൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.സി താഹ അധ്യക്ഷനായി. ടി.ഒ മോഹനന്‍, കെ. പ്രമോദ്, മാധവന്‍ മാസ്റ്റര്‍, സി.ടി ഗിരിജ, രാജീവന്‍ എളയാവൂര്‍, റിജില്‍ മാക്കുറ്റി, ബാലകൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait